66ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ്; റെക്കോഡ് 'ഷോട്ട്'പുട്ട്
text_fieldsതേഞ്ഞിപ്പലം: റെക്കോഡുകൾ മാറിനിന്ന ആദ്യദിനത്തിന് വിഭിന്നമായി രണ്ടാംദിനം പിറന്നത് അഞ്ച് മീറ്റ് റെക്കോഡുകൾ. ഇതിൽ മൂന്നും ഷോട്ട്പുട്ടിലായിരുന്നു. കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 66ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിന്റെ രണ്ടാംദിനത്തിൽ ഷോട്ട്പുട്ടിൽ പെൺകുട്ടികളുടെ അണ്ടർ 18, അണ്ടർ 14, ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗങ്ങളിലാണ് റെക്കോഡുകൾ പിറന്നത്.
പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിൽ കാസർകോടിന്റെ വി.എസ്. അനുപ്രിയയാണ് പുതിയ നേട്ടത്തിനുടമ. 15.49 മീറ്റർ ദൂരമെറിഞ്ഞാണ് 2016ൽ തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു സ്ഥാപിച്ച റെക്കോഡ് അനുപ്രിയ മറികടന്നത്. ഭോപാൽ യൂത്ത് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ സ്വന്തമാക്കിയ അനുപ്രിയ ചെറുവത്തൂർ കെ.സി. ത്രോസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. തൃക്കരിപ്പൂർ കരോളം എ.വി.ടി. ഹൗസിൽ കെ. ശശി-രജനി ദമ്പതികളുടെ മകളാണ്. ശനിയാഴ്ച ഡിസ്കസ് ത്രോയിലും പ്ലസ് വൺ വിദ്യാർഥിയായ അനുപ്രിയ മത്സരിക്കുന്നുണ്ട്.
അണ്ടർ 14ൽ കെ.സി. ത്രോസ് അക്കാദമിയുടെ തന്നെ താരമായ പാർവണ ജിതേഷാണ് കാസർകോടിനായി സ്വർണം നേടിയത്. 11.93 മീറ്ററാണ് പുതിയ ദൂരം. കഴിഞ്ഞ വർഷം എറണാകുളത്തിനായി ഹെനിൽ എലിസബത്ത് സ്വന്തമാക്കിയ 11.56 മീറ്ററാണ് മറികടന്നത്. പാർവണ കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഈയിടെ നടന്ന ഇന്റർക്ലബ് മത്സരത്തിലും സ്വർണം നേടിയ പാർവണ ചെറുവത്തൂർ സ്വദേശികളായ ജിതേഷ്-ബിന്ദു ദമ്പതികളുടെ മകളാണ്.
അണ്ടർ 14 ആൺകുട്ടികളിൽ എറണാകുളം മൂക്കന്നൂർ എസ്.എച്ച്.ഒ.എച്ച്.എസിലെ ജീവൻ ഷാജുവാണ് പുതിയ നേട്ടം കുറിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ജീവൻ 12.69 മീറ്റർ എറിഞ്ഞാണ് ഇന്റർക്ലബിന് പുറമെ ജൂനിയർ മീറ്റിലും റെക്കോഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം മലപ്പുറത്തിന്റെ കെ.കെ. മുഹമ്മദ് നിഷാൻ സ്ഥാപിച്ച 11.36 മീറ്ററായിരുന്നു നിലവിലെ റെക്കോഡ്.
മലയാറ്റൂർ നിലീശ്വരം മൂലൻ വീട്ടിൽ ഷാജു വർഗീസ്-ആനിസ് ദമ്പതികളുടെ മകനാണ്. ശ്യാം ശിവനാണ് പരിശീലകൻ. ഹൈജമ്പിൽ കോഴിക്കോടിന്റെ സി.പി. അഷ്മികയും പുതിയ റെക്കോഡ് സ്വന്തമാക്കി. 1.47 മീറ്റർ ചാടിയാണ് അഷ്മിക പുതിയ നേട്ടത്തിനുടമയായത്. ഹെപ്റ്റാത്തലണിൽ തിരുവനന്തപുരത്തിന്റെ അഭിഷേക് പി. ജയനും റെക്കോഡിട്ടു.
രണ്ടാംദിനം അഞ്ച് സ്വർണവുമായി മലപ്പുറം
തേഞ്ഞിപ്പലം: ആദ്യദിനം നാല് സ്വർണവുമായി മികച്ച പ്രകടനം പുറത്തെടുത്ത മലപ്പുറം രണ്ടാംദിനവും നേട്ടം ആവർത്തിച്ചു. കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ജില്ലക്ക് ഒമ്പത് സ്വർണമായി. ഏഴുവീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ 178.5 പോയന്റ് നേടിയ മലപ്പുറം നാലാം സ്ഥാനത്താണ്. വെള്ളിയാഴ്ച അഞ്ച് സ്വർണമാണ് മലപ്പുറത്തിന് ലഭിച്ചത്. അണ്ടർ 16 പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെ.പി. ഗീതു, അണ്ടർ 18 ആൺകുട്ടികളുടെ 10,000 മീറ്റർ ഓട്ടത്തിൽ കെ.കെ. ജിതിൻ രാജ്, അണ്ടർ 16 പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കെ. തുളസി, അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സി. അശ്വിൻ, അണ്ടർ 18 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ ഫെബിൽ കെ. ബാബു എന്നിവരാണ് സ്വർണം നേടിയത്. നാല് വെള്ളിയും രണ്ടാംദിനം മലപ്പുറത്തിന് ലഭിച്ചു. ജാവലിൻ ത്രോയിൽ പി. രഹാൻ, 110 മീറ്റർ ഹർഡിൽസിൽ വി.പി. രാഹിൽ സക്കീർ, ഹൈജംപിൽ മുഹമ്മദ് മുഹ്സിൻ എന്നിവരാണ് വെള്ളി നേടിയത്. അണ്ടർ 14 ആൺകുട്ടികളുടെ റിലേയിലും വെള്ളി ലഭിച്ചു. നാല് വെങ്കലവും വെള്ളിയാഴ്ച മലപ്പുറം നേടി.
പ്രതിസന്ധികള്‍ക്കിടെ ഗീതുവിന് പ്രതീക്ഷയുടെ പൊന്‍നേട്ടം
തേഞ്ഞിപ്പലം: കലാ-കായികരംഗങ്ങളില് പ്രതിഭ തെളിയിച്ച കെ.പി. ഗീതുവിന് ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ പ്രതീക്ഷയുടെ പൊന്‍നേട്ടം. തിരൂര്‍ ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിനിയായ ഗീതു 3000 മീറ്റര്‍ നടത്തത്തില്‍ 17.12 മിനിറ്റ് സമയത്തില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. തിരൂര്‍ ബി.പി അങ്ങാടിയിലെ കാട്ടേപാടത്ത് വീട്ടില്‍ ചന്ദ്രന്റെയും രജനിയുടെയും രണ്ട് മക്കളില്‍ ഇളയവളായ ഗീതു മീറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവ അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്ത് ശ്രദ്ധ നേടിയ ഗീതു ഉപജില്ല ഫുട്ബാള്‍ ടീം അംഗവുമാണ്. സ്വന്തമായി വീടില്ലാത്തതിനാല്‍ അമ്മായിയുടെ വീട്ടിലാണ് താമസം. പരിശീലകന് റിയാസ് ആലത്തിയൂരിന്റെയും സ്കൂള്‍ കായികാധ്യാപകന് സാജിറിന്റെയും പരിശീലന മികവിലാണ് ഗീതുവിന്റെ സുവർണനേട്ടം. ഗീതു സംസ്ഥാന ഇന്റര്‍ ക്ലബില്‍ സ്വര്‍ണവും സൗത്ത് സോണില്‍ വെള്ളിയും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.