കൗമാര കായിക കുതിപ്പിന് തുടക്കം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ കോരിച്ചൊരിഞ്ഞ മഴത്തുള്ളികൾക്കൊപ്പം കൗമാര കായിക കുതിപ്പിന് ആവേശ തുടക്കം. 67ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ആദ്യ ദിനം ട്രാക്കിൽ 202 പോയന്റുമായി നിലവിലെ ജേതാക്കളായ പാലക്കാട് തേരോട്ടം തുടങ്ങി. 157 പോയന്റോടെ എറണാകുളം രണ്ടാമതും 112 പോയന്റോടെ തിരുവനന്തപുരം മൂന്നാമതുമുണ്ട്. ആതിഥേയരായ മലപ്പുറം 104 പോയന്റോടെ നാലാം സ്ഥാനത്താണ്.
ആദ്യ ദിനം 46 ഫൈനലുകളിലായി അഞ്ച് മീറ്റ് റെക്കോഡുകളാണ് പിറന്നത്. 10,000 മീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ ബിലിന് ജോര്ജ് ആന്റോ റെക്കോഡിട്ടു. 43 മിനിറ്റ് 35.81 സെക്കൻഡ് സമയം കുറിച്ചാണ് നാലു വർഷം പഴക്കമുള്ള എറണാകുളത്തിന്റെത്തന്നെ വി.കെ. അഭിജിത്തിന്റെ 46 മിനിറ്റ് 9.32 റെക്കോഡ് ബിലിന് തിരുത്തിയത്. അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്ററിൽ 47.84 സെക്കൻഡിൽ ഓടിയെത്തി പാലക്കാടിന്റെ പി. അഭിരാം റെക്കോഡോടെ സ്വർണം നേടി.
അണ്ടർ 14 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ 23.26 മീറ്റർ എറിഞ്ഞ കോട്ടയത്തിന്റെ അഭിയ ആൻ ജിജിക്കാണ് മീറ്റ് റെക്കോഡ്. അണ്ടർ 14 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വയനാടിന്റെ എൻ.എസ്. കാർത്തികും മീറ്റ് റെക്കോഡ് കുറിച്ചു.
2021ൽ ആലപ്പുഴയുടെ സച്ചിൻ മാർട്ടിന്റെ 13.26 മീറ്റർ റെക്കോഡാണ് കാർത്തിക് തകർത്തത്. 14 മീറ്ററാണ് കാർത്തിക് കണ്ടെത്തിയ ദൂരം. അണ്ടർ 14 ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ തിരുവനന്തപുരത്തിന്റെ ബി. ആനന്ദാണ് മറ്റൊരു മീറ്റ് റെക്കോഡിനുടമ. 43.05 മീറ്ററാണ് ആനന്ദ് എറിഞ്ഞിട്ടത്.
വേഗതാരങ്ങൾ
ട്രാക്കിലെ അതിവേഗ താരങ്ങളാവാൻ മിന്നും പോരാട്ടം. പുരുഷന്മാരുടെ അണ്ടർ 20 വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ സി.വി. അനുരാഗ് വേഗതാരമായി. 10.67 സെക്കൻഡിൽ ഓടിയെത്തിയ അനുരാഗിന് നേരിയ വ്യത്യാസത്തിലാണ് മീറ്റ് റെക്കോഡ് നഷ്ടമായത്. മലപ്പുറത്തിന്റെ പി. മുഹമ്മദ് ഷാനാണ് ഈ ഇനത്തിലെ രണ്ടാം സ്ഥാനം.
വനിതകളുടെ അണ്ടർ 20 വിഭാഗത്തിൽ 12.14 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പാലക്കാടിന്റെ വി. നേഹ ഒന്നാമതെത്തി. പുരുഷന്മാരുടെ അണ്ടർ 18 വിഭാഗത്തിൽ 11.36 സെക്കൻഡിൽ ഓടിയെത്തിയ പാലക്കാടിന്റെ യു. ആയുഷ് കൃഷ്ണയാണ് വേഗതാരം. വനിതകളുടെ അണ്ടർ 18 വിഭാഗത്തിൽ കണ്ണൂരിന്റെ മാനസ അഭിയാൻ ഒന്നാമതെത്തി (12.58 സെക്കൻഡ്), ആൺകുട്ടികളുടെ അണ്ടർ 16 വിഭാഗത്തിൽ കോട്ടയത്തിന്റെ ടി.എ. ആദിൽ അയ്യൂബിനാണ് സ്വർണം (11.74 സെക്കൻഡ്). പെൺകുട്ടികളുടെ ഈ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ അനന്യ സുരേഷാണ് ജേതാവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.