സംസ്ഥാന സ്കൂൾ കായികോത്സവം; വേണം ആത്മപരിശോധന
text_fieldsകുന്നംകുളം: സംഘാടനമികവ് ഒരിക്കൽകൂടി തെളിയിച്ച് 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കൊടിയിറങ്ങിയെങ്കിലും കായികകേരളത്തെ ആകുലപ്പെടുത്തുന്ന ഒട്ടേറെ ചോദ്യങ്ങൾ ബാക്കി. മികച്ച പ്രകടനങ്ങൾ നഷ്ടപ്പെടുന്നതും കായികക്ഷമതയില്ലായ്മയുമാണ് ഇതിൽ പ്രധാനം. കോവിഡിന് മുമ്പ് 2019ൽ കണ്ണൂരിൽ നടന്ന മേളയിൽ 14 മീറ്റ് റെക്കോഡുകൾ പിറന്നത് തിരുവനന്തപുരത്തും കുന്നംകുളത്തും എത്തിയപ്പോൾ ആറായി ചുരുങ്ങിയതിന്റെ കാരണം പഠനവിഷയമാക്കുന്നത് ഉചിതമാകും.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഡിസംബറിൽ നടക്കേണ്ടിയിരുന്ന മേള ഒക്ടോബറിൽ സംഘടിപ്പിച്ചതും പരിശീലനത്തിന് കാര്യമായ സമയം കിട്ടാത്തതും കുട്ടികളുടെ പ്രകടനത്തെ ബാധിച്ചെന്നത് ഒരുസത്യം. സംസ്ഥാന കായികോത്സവത്തിന്റെ തലേന്നാളാണ് പല ജില്ല മത്സരങ്ങളും സമാപിച്ചതും. കായികോത്സവം സ്കൂൾ ഒളിമ്പിക്സാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നന്ന്. പേര് മാത്രം മാറ്റാതെ അതിനുള്ള സൗകര്യങ്ങളും പരിശീലനവുമൊക്കെ ലഭ്യമാക്കേണ്ടതുണ്ട്. കായിക കലണ്ടർ തയാറാക്കുമെന്നതും ഉചിതം.
ഇതുവഴി കുട്ടികൾക്കും സ്കൂളുകൾക്കും ഒരുങ്ങാൻ സാധിക്കും. പല സ്കൂളുകൾക്കും സ്വന്തമായി കളിസ്ഥലം പോലുമില്ലെന്നത് സത്യം. വ്യക്തികളും സംഘടനകളുമൊക്കെ നടത്തുന്ന അക്കാദമികളുെടയും മറ്റും കരുത്തിൽ കൈവരിക്കുന്ന നേട്ടം സ്വന്തം പട്ടികയിൽ ഉൾപ്പെടുത്തി ഊറ്റംകൊള്ളുന്നതിന് മാറ്റംവരുത്തണം. ജി.വി. രാജ, കണ്ണൂർ ജി.വി.എച്ച്.എസ്.എസ് തുടങ്ങി സർക്കാർ സ്കൂളുകളുടെ പ്രകടനം മെച്ചപ്പെടുന്നത് ആശാവഹമാണ്. എന്നാൽ, ഒളിമ്പ്യന്മാരെ ഉൾപ്പെടെ വാർത്തെടുത്ത പഴയപ്രൗഢിയിലേക്ക് ഈ സ്കൂളുകളെ മാറ്റാൻ പദ്ധതികൾ വേണം.
കായികാധ്യാപകരുടെ ദൗർലഭ്യം വർഷങ്ങളായി തുടരുന്നതാണ്. അവരുടെ പ്രതിഷേധം കാണാത്ത മേളകൾ വർഷങ്ങളായി ഇല്ലെന്നത് മറ്റൊരു സത്യം. വാഗ്ദാനമാകുന്ന ഒട്ടേറെ താരങ്ങളെ സമ്മാനിച്ചാണ് ഈ കായികോത്സവം കൊടിയിറങ്ങുന്നത്. എന്നാൽ, അടുത്തിടെ സ്കൂൾ കായികമേളയിലെ താരങ്ങളായവരിൽ പലരും പിന്നീട് ചിത്രത്തിലില്ലാത്ത സാഹചര്യവുമുണ്ട്. കഴിവ് തെളിയിക്കുന്ന താരങ്ങൾക്ക് പ്രത്യേകം പരിശീലനവും സൗകര്യങ്ങളും നൽകുന്നതിന് പ്രധാനമേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.