കൊടിയിറങ്ങി, ചരിത്രത്തിലേക്ക്
text_fieldsകൊച്ചി: ട്രാക്കിലെയും ഫീൽഡിലെയും മിന്നിത്തിളങ്ങുന്ന പ്രകടനങ്ങൾ, റെക്കോഡുകൾക്കും മീതെ റെക്കോഡുകൾ, പുത്തൻ താരോദയങ്ങൾ... പല ഘടകങ്ങളാൽ സവിശേഷമായിരുന്നു കൊച്ചിയിൽ തിങ്കളാഴ്ച കൊടിയിറങ്ങിയ സംസ്ഥാന സ്കൂൾ കായികമേള. സമാപനച്ചടങ്ങിനിടെ മികച്ച സ്കൂൾ വിധിനിർണയത്തിലുണ്ടായ കല്ലുകടിയും ഇതിന് പിന്നാലെയുണ്ടായ പ്രതിഷേധവും മാറ്റിനിർത്തിയാൽ വലിയ പിഴവുകൾക്കിട വരുത്താത്ത സംഘാടനമികവും ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ മേളയെ വേറിട്ടതാക്കി. നവംബർ അഞ്ചുമുതൽ 11 വരെ നടന്ന മേളയിൽ ആകെ മാറ്റുരച്ചത് 12,737 ആൺകുട്ടികളും 11,076 പെൺകുട്ടികളുമുൾപ്പെടെ 23,813 പേരാണ്. ഇതിൽ 1587 പേർ ഭിന്നശേഷിക്കാരാണ്. ചരിത്രത്തിലാദ്യമായി ഇൻക്ലൂസിവ് കായികമേളയെന്ന പുത്തൻ ആശയവും സംസ്ഥാന സ്കൂൾ കായികമേള കൊച്ചി -24 വിജയകരമായി നടപ്പാക്കി. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽനിന്നായി 50 പേരും ഇത്തവണ ഭാഗമാകാനെത്തി.
പലയിടങ്ങളിൽ പലപ്പോഴായി നടത്തുന്ന ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളെല്ലാം ആദ്യമായി ഒരു കുടക്കീഴിൽ നടത്തിയെന്നതാണ് ഇത്തവണത്തെ മേളയുടെ വലിയ പ്രത്യേകത. കൊച്ചി നഗരകേന്ദ്രങ്ങളിലുൾപ്പെടെ എറണാകുളം ജില്ലയിലെ 17 വേദിയിലായി ഏഴുദിവസമായി നടന്ന മേളയിൽ ആകെ നടത്തിയത് 49 മത്സരയിനങ്ങളാണ്. എന്നാൽ, നാഷനൽ മീറ്റുകളുടെ സമയക്രമത്തിനനുസരിച്ച് ചില മത്സരയിനങ്ങൾ നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു.
എന്തൊരു റെക്കോഡാണിത്...
ഗെയിംസും അത്ലറ്റിക്സും ഒത്തുചേർന്ന സമ്പൂർണ കായികമേളയിൽ പിറവിയെടുത്തത് 43 പുതുറെക്കോഡുകൾ. ഒറ്റദിവസത്തിൽ സീനിയർ ബോയ്സ് ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും താൻ തന്നെ സൃഷ്ടിച്ച മുൻ റെക്കോഡുകൾ അതിനുമപ്പുറത്തെ പ്രകടനം നടത്തി സ്വയം പഴങ്കഥയാക്കിയ കാസർകോടിന്റെ കെ.സി. സെർവാൻ, 1500 മീറ്ററിലും 3000 മീറ്ററിലുമുള്ള റെക്കോഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതിയ മലപ്പുറത്തിന്റെ മുഹമ്മദ് അമീൻ, നീന്തൽക്കുളത്തിൽനിന്ന് മൂന്ന് റെക്കോഡുകൾ വാരിയെടുത്ത തിരുവനന്തപുരത്തിന്റെ മോങ്കം തീർഥു സോംദേവ്, നാട്ടുകാർ പിരിവെടുത്ത് വാങ്ങി നൽകിയ പോളുപയോഗിച്ച് ചാടി പോൾവാൾട്ടിൽ റെക്കോഡടിച്ച എറണാകുളത്തിന്റെ ജീനാ ബേസിൽ, പോൾവാൾട്ടിൽ ദേശീയ റെക്കോഡിനെ മറികടക്കുന്ന കുതിപ്പുമായി എറണാകുളത്തിന്റെ മറ്റൊരു താരം ശിവദേവ് രാജീവ്... ഇങ്ങനെ ഒരു പിടി റെക്കോഡ് താരങ്ങളെക്കൂടിയാണ് കൊച്ചി മേള കായിക കേരളത്തിന് സമ്മാനിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി എട്ടുപേർ വ്യക്തിഗത ചാമ്പ്യൻമാരായി. ആദ്യമായി ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫി ഏർപ്പെടുത്തിയതും ഈ വർഷം. തിരുവനന്തപുരം ജില്ലയാണ് ഈ ട്രോഫിക്ക് അർഹരായത്. 1741 സ്വർണം, 1741 വെള്ളി, 2047 വെങ്കലം എന്നിവയുൾപ്പെടെ 5529 മെഡലാണ് ആകെ സമ്മാനിച്ചത്. കൂടാതെ 2590 ട്രോഫിയും വിവിധയിനങ്ങളിലെ ചാമ്പ്യൻമാർക്കായി വിതരണം ചെയ്തു.
ഇതാ കേരളത്തിന്റെ ഒളിമ്പിക്സ്...
സ്കൂൾ ഒളിമ്പിക്സ് എന്നാണ് തുടക്കത്തിൽ കായികമേളയെ നാമകരണം ചെയ്തതെങ്കിലും പിന്നീട് നിയമ, സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഒളിമ്പിക്സ് മാതൃകയിലുള്ള സ്കൂൾ കായികമേള എന്നാക്കി മാറ്റുകയായിരുന്നു. അതിനാൽതന്നെ നടത്തിപ്പിൽ പരമാവധി ഒളിമ്പിക്സ് മാതൃകയും രീതിയും പിന്തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിച്ചു. സ്വർണം, വെള്ളി, വെങ്കലം ജേതാക്കൾക്കായി പ്രത്യേകം കിരീടമണിയിക്കുന്ന ചടങ്ങ് ഇതിലൊന്നായിരുന്നു. ഓരോ മത്സരവും പൂർത്തിയാക്കി, ഫലം പ്രഖ്യാപിച്ച് ഏറെ വൈകും മുമ്പേ സെറിമണി ഫങ്ഷൻ സംഘടിപ്പിച്ച് വിക്ടറി സ്റ്റാൻഡിൽ നിർത്തി മെഡൽദാനവും കിരീടധാരണവും നടത്തി. കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര താരങ്ങൾ മുതൽ ജനപ്രതിനിധികൾ വരെ ഭാവിയിലെ താരങ്ങളെ നേരിട്ട് അനുമോദിക്കാനെത്തി.
ഇലക്ട്രോണിക് സ്കോറിങ് സിസ്റ്റം (ഇ.എസ്.എസ്) ഉപയോഗിച്ചുള്ള ലൈവ് പെർഫോമൻസ് ഡിജിറ്റൽ റെക്കോഡിങ്, കൈറ്റ് വിക്ടേഴ്സിന്റെ നേതൃത്വത്തിൽ പ്രധാന വേദികളിൽനിന്നുള്ള മത്സരങ്ങളുടെ നോൺസ്റ്റോപ് തത്സമയ സംപ്രേഷണം, വിവിധ മത്സരങ്ങളിൽ സ്റ്റഡി ക്യാം, ഹെലിക്യാം ഉപയോഗിച്ചുള്ള ചിത്രീകരണവും സംപ്രേഷണവും ഇങ്ങനെ പുതുമകളുടെയും പരീക്ഷണങ്ങളുടെയും വേദി കൂടിയായിരുന്നു കായികമേള. 1244 പേരായിരുന്നു മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യൽസായി ഉണ്ടായിരുന്നത്.
20,000ത്തോളം പേർക്ക് വിവിധ വേദികളിൽനിന്നായി ഓരോ ദിവസവും രുചികരമായ ഭക്ഷണവും നൽകി. സംഘാടക സമിതിക്കുകീഴിൽ 15 സബ് കമ്മിറ്റികൾ രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങൾ. ഒരുക്കങ്ങൾക്കും നടത്തിപ്പിനുമെല്ലാം ചുക്കാൻ പിടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഏറെനാൾ കൊച്ചിയിലുണ്ടായിരുന്നു.
പുതുചരിത്രമെഴുതി അത്ലറ്റിക് ട്രാക്ക്...
മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിന് സ്കൂൾ കായികമേളയിലെ മികച്ച സ്കൂളെന്ന സ്ഥാനം ഇത് ആദ്യത്തേതല്ല, തുടർച്ചയായ മൂന്നാം വർഷമാണ് കിട്ടുന്നത്. എന്നാൽ, മലപ്പുറം ജില്ലക്ക് ചരിത്രത്തിലാദ്യമായി അത്ലറ്റിക്സ് ഓവറോൾ കിരീടം നേടിക്കൊടുത്തത് ഈ കായികമേളയാണ്. കഴിഞ്ഞ രണ്ടുവർഷമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജില്ല ഇത്തവണ എന്തുവിലകൊടുത്തും ഒന്നാം സ്ഥാനം നേടുകയെന്ന വാശിയിലായിരുന്നു. ഈ വാശിക്കൊപ്പം ജില്ലയിലെ പൊന്നുവാരും സ്കൂളുകളായ ഐഡിയൽ കടകശ്ശേരിയും (എട്ട് സ്വർണം, എട്ട് വെള്ളി,11 വെങ്കലം) തിരുനാവായ നാവാമുകുന്ദയും (രണ്ട് സ്വർണം, ഒമ്പത് വെള്ളി, ഏഴ് വെങ്കലം), ആലത്തിയൂർ സ്കൂളുമെല്ലാം (നാല് സ്വർണം, ഒരു വെള്ളി, നാല് വെങ്കലം) കട്ടക്ക് നിന്നപ്പോൾ ട്രാക്കിൽ രചിക്കപ്പെട്ടത് പുതുചരിത്രം. അത്ലറ്റിക്സിൽ മാത്രം 22 സ്വർണവും 32 വെള്ളിയും 24 വെങ്കലവുമുൾപ്പെടെ 247 പോയൻറ് നേടിയാണ് മലപ്പുറം മുൻ വർഷങ്ങളിലെ ചാമ്പ്യൻമാരും അയൽക്കാരുമായ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടത്. ഓവറോളിൽ മൂന്നാമതെത്താനും മലപ്പുറത്തിനായി.
ഗെയിംസിലെയും വിശേഷിച്ച് അക്വാട്ടിക്സിലെയും മികവാണ് തിരുവനന്തപുരത്തെ ഓവറോൾ വിജയകിരീടം ചൂടിച്ചത്. ജി.വി. രാജ (45 സ്വർണം, 10 വെള്ളി, 13 വെങ്കലം) ആയിരുന്നു തലസ്ഥാന ജില്ലയുടെ തുറുപ്പുചീട്ട്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവുമുൾപ്പെടെ 1935 മെഡലോടെയാണ് തിരുവനന്തപുരം തേരോട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.