സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റ്; കിരീടം നിലനിർത്തി പാലക്കാട്
text_fieldsതിരുവനന്തപുരം: 11ാമത് സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് കിരീടം പാലക്കാട് നിലനിർത്തി. 10 സ്വർണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 210 പോയന്റുമായാണ് നിലവിലെ ചാമ്പ്യന്മാർ കായിക കിരീടത്തിൽ ഒരിക്കൽക്കൂടി മുത്തമിട്ടത്. ആറു സ്വർണവും ആറു വെള്ളിയും എട്ട് വെങ്കലവുമടക്കം 128 പോയന്റുമായി മലപ്പുറവും 94.5 പോയന്റുമായി തിരുവനന്തപുരവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ വ്യക്തമായ മേധാവിത്വത്തോടെയായിരുന്നു രണ്ടാംദിനവും പാലക്കാടിന്റെ കുതിപ്പ്. അതേസമയം, മീറ്റിന്റെ അവസാന ദിനത്തിൽ പുതിയ റെക്കോഡുകൾ ട്രാക്കിലും ഫീൽഡിലും പിറക്കാത്തത് നിരാശയായി.
ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ റെക്കോഡ് പ്രതീക്ഷയായിരുന്ന കാസർകോടിന്റെ സർവന്‍ സ്വർണം നേടാനായെങ്കിലും കഴിഞ്ഞവർഷത്തെ 55 മീറ്റർ എന്ന തന്റെതന്നെ റെക്കോഡ് തിരുത്തിയെഴുതാൻ സാധിച്ചില്ല. ഇത്തവണ 53.27 മീറ്ററായിരുന്നു സർവന്റെ ദൂരം. രണ്ടാമതെത്തിയ മലപ്പുറത്തിന്റെ ബിവിൻകൃഷ്ണക്ക് എറിയാനായത് 28.35 മീറ്ററാണ്.
പാലക്കാടിന്റെ എം. ജ്യോതികയുടെ ഇരട്ട സ്വർണമായിരുന്നു മീറ്റിന്റെ അവസാന ദിനത്തിലെ മറ്റൊരു പ്രത്യേകത. 200 മീറ്റർ ഓട്ടത്തിലും 400 മീറ്റർ ഹർഡിൽസിലുമായിരുന്നു ജ്യോതികയുടെ സ്വർണ നേട്ടം. പെൺകുട്ടികളുടെ 2000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ എറണാകുളത്തിന്റെ സി.ആർ. നിത്യ, 5000 മീറ്റർ നടത്തത്തിൽ പാലക്കാടിന്റെ വി.ബി. നയന, ട്രിപ്ൾ ജംപിൽ നിമിഷ പ്രസന്നൻ, ഡിസ്കസ് ത്രോയിൽ ഇടുക്കിയുടെ എം.എസ്. അമൃത.
ആൺകുട്ടികളുടെ 200 മീറ്ററിൽ കോഴിക്കോടിന്റെ ടി. ആഘോഷ്, 400 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ ഇർഫാൻ മുഹമ്മദ്, 2000 മീറ്റർ സ്റ്റീപിൾ ചേസിൽ പാലക്കാടിന്റെ എസ്. പ്രണവ്, 10,000 മീറ്റർ നടത്തത്തിൽ മലപ്പുറത്തിന്റെ കെ.കെ. ജിതിൻ രാജ്, ട്രിപ്ൾ ജംപിൽ കൊല്ലത്തിന്റെ അലൻ ഷൈജു മാത്യു എന്നിവരും സ്വർണം നേടി.
മാര്‍ച്ച് 10ന് കര്‍ണാടകയിലെ ഉടുപ്പിയില്‍ നടക്കുന്ന ദേശീയ മീറ്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് ഈ മീറ്റില്‍നിന്നാണ്. രണ്ടുദിവസമായി 40 മത്സര ഇനങ്ങള്‍ക്കാണ് കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയം വേദിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.