കാൾസനെതിരെ ഇനിയും കളിക്കണം -പ്രഗ്നാനന്ദ
text_fieldsദുബൈ: ചതുരംഗക്കളത്തിലെ പുത്തൻ താരോദയമാണ് തമിഴ്നാട്ടുകാരൻ ആർ. പ്രഗ്നാനന്ദ. പത്താം വയസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്‍റർനാഷനൽ മാസ്റ്റർ, 12ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും പ്രായംകുറഞ്ഞ താരം, രണ്ട് വർഷങ്ങൾക്ക് ശേഷം അണ്ടർ 18 ലോക ചെസ് ചാമ്പ്യൻ... പക്ഷേ, ഇത്രയും നേട്ടങ്ങളെല്ലാം കൈയിലുണ്ടായിട്ടും അവനെ ഇന്ത്യൻ കായിക ലോകം തിരിച്ചറിയാൻ സാക്ഷാൽ മാഗ്നസ് കാൾസനെ തോൽപിക്കേണ്ടി വന്നു.
നിഹാൽ സരിനും എസ്.എൽ. നാരായണനുമെല്ലാം കാൾസനെ തോൽപിച്ചപ്പോഴും കിട്ടാത്ത മാധ്യമശ്രദ്ധയാണ് ഈ 17കാരന് കിട്ടിയത്. എന്നാൽ, ഇത് കാൾസനെതിരായ പ്രചാരണമായി കൂടി ചിലർ ഏറ്റെടുത്തു. ദുബൈ ഓപൺ ചെസ് ടൂർണമെന്‍റിനായി അമ്മ നാഗലക്ഷ്മിയോടൊപ്പം യു.എ.ഇയിലെത്തിയ പ്രഗ്നാനന്ദ കാൾസനുമായുള്ള മത്സരത്തെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുന്നു.
കാൾസനെതിരായ മത്സരം
ഏറ്റവും മികച്ച എക്സ്പീരിയൻസായിരുന്നു അത്. എത്രയോ വലിയ താരമാണ് അദ്ദേഹം. ഇനിയും അദ്ദേഹവുമായി കളിക്കണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തിനെതിരായി നടക്കുന്ന കാമ്പയിനോട് യോജിപ്പില്ല. വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ ഉപദേശമാണ് തന്‍റെ വിജയത്തിന് പിന്നിൽ. ഏത് സമയത്തും അദ്ദേഹത്തെ വിളിച്ച് ഉപദേശം തേടാനുള്ള സ്വാതന്ത്ര്യമുണ്ട്.അത്യാവശ്യം വന്നാൽ വിഡിയോ കോൺഫറൻസ് വഴി സംസാരിക്കും. അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ കാൾസനെതിരായ മത്സരത്തിൽ ഉപകാരപ്പെട്ടിട്ടുണ്ട്.
ചെസിലേക്ക് വന്ന വഴി
ചേച്ചി വൈശാലി ചെസ് താരമാണ്. വനിത ഗ്രാൻഡ് മാസ്റ്ററായിരുന്ന ചേച്ചിയെ കണ്ടാണ് ചെസിലേക്കെത്തിയത്. മൂന്നാം വയസ്സ് മുതൽ ഇഷ്ടമായിരുന്നു. കിട്ടുന്ന സമയത്തൊക്കെ ചെസ് കളിക്കും. ഇപ്പോൾ ദിവസവും ആറ് മണിക്കൂറെങ്കിലും അതിനായി തന്നെ നീക്കിവെക്കാറുണ്ട്. സ്കൂളിൽ നിന്നും വലിയ പിന്തുണ കിട്ടിയിരുന്നു. പരീക്ഷ എഴുതാൻ പോലും ഇളവ് ലഭിക്കാറുണ്ട്. എങ്കിലും ചെസിനൊപ്പം പഠനത്തിലും ശ്രദ്ധകേന്ദ്രീകരിക്കണം.
അമ്മയാണ് കരുത്ത്
അമ്മയാണ് ഏറ്റവും വലിയ കരുത്ത്. അതിനാലാണ് എവിടെ പോയാലും അമ്മയെ ഒപ്പം ചേർക്കുന്നത്. യൂറോപ്പിൽ പോയപ്പോഴും അമ്മ ഒപ്പമുണ്ടായിരുന്നു. ബാങ്ക് ജീവനക്കാരനായ അച്ഛന് ജോലിത്തിരക്കുള്ളതിനാൽ എപ്പോഴും കൂടെ വരാൻ കഴിയില്ല. ചേച്ചിയും മികച്ച പിന്തുണയും ഉപദേശവും നൽകാറുണ്ട്. ഏറ്റവും കൂടുതൽ പിന്തുണ കുടുംബത്തിൽ നിന്നാണ്.
അടുത്ത പദ്ധതി
റേറ്റിങ് കൂട്ടണം. അതാണ് മുഖ്യലക്ഷ്യം. കാൾസനെ പോലുള്ള വലിയ താരങ്ങൾക്കെതിരെ കളിക്കണം. ദുബൈ പോലുള്ള നഗരങ്ങളിൽ വന്ന് ഇനിയും കളിക്കണം. ജോലി ഓഫറുകൾ പലതും വന്നിട്ടുണ്ട്. 18 വയസ്സ് തികഞ്ഞാൽ ജോലിക്ക് കയറാമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിട്ടുണ്ട്. ഒന്നാമത്തെ പ്രാധാന്യം ചെസിനാണ്. അതിനു ശേഷം ജോലി.
ഇന്ത്യൻ ചെസിന്‍റെ ഭാവി
ചെസിൽ ഇന്ത്യയുടെ ഗ്രാഫ് എന്നും മുകളിലേക്ക് തന്നെയാണ്. ഇന്ത്യയിൽ നിന്ന് നിരവധിയാളുകൾ ചെസിലേക്ക് വരുന്നുണ്ട്. പുതിയ താരോദയങ്ങളുണ്ടാകുന്നു. ഇത് ആശാവഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.