റൈസിങ് ഹൈദരാബാദ്: പഞ്ചാബിനെ രണ്ട് റൺസിന് മറികടന്ന് സൺ റൈസേഴ്സ് ഹൈദരാബാദ്
text_fieldsമൊഹാലി: ഐ.പി.എല്ലിൽ അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരിൽ പഞ്ചാബ് കിങ്സിനെ രണ്ട് റൺസിന് കീഴടക്കി സൺ റൈസേഴ്സ് ഹെദരാബാദ്. മൊഹാലി മുല്ലൻപൂർ മഹാരാജ യാദവിന്ദ്ര സിങ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റിന് 182 റൺസ് നേടി. ലക്ഷ്യത്തിേലക്ക് പൊരുതിയ പഞ്ചാബിന് 20 ഓവറിൽ ആറ് വിക്കറ്റിന് 180 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയിക്കാൻ അവസാന ഓവറിൽ 29 റൺസ് റൺസ് വേണ്ടിയിരുന്ന പഞ്ചാബ് 27റൺസ് നേടി. ജയദേവ് ഉദ്കട് എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സ് പറത്തിയെങ്കിലും വിജയം അകലെയായി. 46 റൺസുമായി പുറത്താകാതെ നിന്ന ശശാങ്ക് സിങ്ങാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. ശശാങ്കിനൊപ്പം പൊരുതിയ അശുതോഷ് ശർമ 33 റൺസുമായി പുറത്താകാതെ നിന്നു. സാം കറൻ 29ഉം സിക്കന്ദർ റാസ 28ഉം റൺസ് നേടി.
37 പന്തിൽ 64 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ്സ്കോറർ. അർഷദീപ് സിങ്ങും സാം കറനും നയിച്ച തീപാറുന്ന ബൗളിങ്ങിനു മുന്നിൽ ഇടക്ക് പതറിയെങ്കിലും മധ്യനിര പിടിച്ചുനിന്നതോടെ മാന്യമായ സ്കോർ അടിച്ചെടുക്കുകയായിരുന്നു ഹൈദരാബാദ്.
അനായാസ തുടക്കമെന്ന് തോന്നിച്ച ആദ്യ മൂന്ന് ഓവറുകൾക്കു ശേഷം വൻവിക്കറ്റ് വീഴ്ചയായിരുന്നു ഹൈദരബാദ് ബാറ്റിങ്ങിന്റെ ഹൈലൈറ്റ്. അർഷ്ദീപ് എറിഞ്ഞ പന്തിൽ ധവാന് ക്യാച്ച് നൽകി ആദ്യം മടങ്ങിയത് ട്രാവിസ് ഹെഡ്. 21 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ഐഡൻ മർക്രത്തെയും പൂജ്യത്തിന് അർഷ്ദീപ് മടക്കി. വൈകാതെ സാം കറൻ അഭിഷേക് ശർമ (16)യെയും വീഴ്ത്തിയതോടെ പ്രതിരോധത്തിലായ നൈസാമിന്റെ നാട്ടുകാരെ വൻദുരന്തത്തിൽനിന്ന് രക്ഷിച്ച് നിതീഷ് കുമാർ നങ്കൂരമിട്ടുനിന്നു.
അർധ സെഞ്ച്വറിയും കടന്ന് കുതിച്ച താരം 37 പന്തിൽ 64 റൺസെടുത്ത് അർഷ്ദീപിന് വിക്കറ്റ് നൽകിയാണ് തിരികെ കയറിയത്. ഇതിനിടെ ഹർഷൽ പട്ടേൽ രാഹുൽ ത്രിപാഠിയെയും ഹീന്റിച്ച് ക്ലാസനെയും വലിയ സമ്പാദ്യങ്ങൾക്കു വിടാതെ തിരിച്ചയച്ചു. പിന്നീടു വന്നവരിൽ 25 റൺസെടുത്ത അബ്ദുൽ സമദ് മാത്രമായിരുന്നു മോശമല്ലാത്ത സ്കോർ നേടിയത്. ഷഹബാസ് അഹ്മദും പിടിച്ചുനിന്നു. നാലോവറിൽ 29 റൺസ് വിട്ടുനൽകിയ അർഷ്ദീപ് നാലു വിലപ്പെട്ട വിക്കറ്റുകളാണ് വീഴ്ത്തിയത്. കാഗിസോ റബാദയും സാം കറനും ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.