അവസാന ഓവറിൽ വിസ്മയിപ്പിച്ച സൂര്യക്ക് പിണഞ്ഞത് വൻ അബദ്ധം; അവസാനം ഒറ്റ ബാളിൽ കളിതീർത്ത് നായകൻ
text_fieldsപല്ലേകെലെ: ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ നാടകീയതകൾക്കൊടുവിൽ സൂപ്പർ ഓവറിലായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ അതേ സ്കോറിലൊതുങ്ങി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ഇതിൽ ഇന്ത്യ അനായാസം ജയിക്കുകയുമായിരുന്നു. എന്നാൽ, മത്സരം ടൈയിലെത്താതെ ഇന്ത്യക്ക് ജയിക്കാൻ സുവർണാവസരം ലഭിച്ചിരുന്നെങ്കിലും അവസാന ഓവറിൽ വിസ്മയിപ്പിക്കുന്ന രീതിയിൽ പന്തെറിഞ്ഞ നായകൻ സൂര്യക്ക് അഞ്ചാം പന്തിൽ പിണഞ്ഞ വൻ അബദ്ധമാണ് സൂപ്പർ ഓവറിലേക്ക് നയിച്ചത്.
അവസാന ഓവർ സൂര്യ എറിയാനെത്തുമ്പോൾ ശ്രീലങ്കക്ക് ജയിക്കാൻ വേണ്ടത് ആറ് റൺസ് മാത്രമായിരുന്നു. ആദ്യ പന്തിൽ കമിന്ദു മെൻഡിസിനെ പന്ത് തൊടാൻ നായകൻ അനുവദിച്ചില്ല. രണ്ടാം പന്തിൽ മെൻഡിസിനെ റിങ്കു സിങ്ങിന്റെയും മൂന്നാം പന്തിൽ മഹീഷ് തീക്ഷണയെ സഞ്ജുവിനെറയും കൈയിലെത്തിച്ച് നിർണായക വിക്കറ്റുകളുമെടുത്തു. നാലാം പന്തിൽ അസിത ഫെർണാണ്ടോ സൂര്യക്ക് ഹാട്രിക് നിഷേധിച്ച് ഒരു റൺസ് നേടിയപ്പോൾ ലക്ഷ്യം രണ്ട് പന്തിൽ അഞ്ച്. അഞ്ചാം പന്ത് വിക്രമസിംഗെ ലോങ് ഓഫിലേക്ക് അടിച്ചകറ്റിയപ്പോൾ റിയാൻ പരാഗ് വേഗത്തിൽ കൈയിലെടുത്ത് നോൺ സ്ട്രൈക്കർ എൻഡിലുള്ള സൂര്യക്ക് എറിഞ്ഞുകൊടുത്തു. അപ്പോൾ ക്രീസിൽനിന്ന് ഏറെ അകലെയായിരുന്നു ഫെർണാണ്ടോ. എന്നാൽ, ഇത് ശ്രദ്ധിക്കാതെ സൂര്യ പന്ത് മറുതലക്കൽ സഞ്ജുവിന് എറിഞ്ഞുകൊടുത്തപ്പോഴേക്കും വിക്രമസിംഗെ ക്രീസിലെത്തിയിരുന്നു. റണ്ണൗട്ടിനുള്ള സുവർണാവസരം നഷ്ടപ്പെട്ടതിന്റെ നിരാശ സൂര്യ പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. അവസാന പന്തിൽ മൂന്ന് റൺസായിരുന്നു ശ്രീലങ്കൻ വിജയലക്ഷ്യം. ഇതിലും വിക്രമസിംഗെ രണ്ട് റൺസ് നേടിയതോടെ മത്സരം ടൈയിൽ കലാശിക്കുകയായിരുന്നു. ഇതോടെയാണ് സൂപ്പർ ഓവർ മത്സരത്തിന്റെ വിധി നിർണയിച്ചത്.
സൂപ്പർ ഓവറിൽ ഇന്ത്യക്കായി ബൗൾ ചെയ്യാനെത്തിയത് വാഷിങ്ടൺ സുന്ദറായിരുന്നു. ആദ്യ പന്ത് വൈഡെറിഞ്ഞ് തുടങ്ങിയ താരം അടുത്ത പന്തിൽ ഒരു റൺസ് വഴങ്ങി. എന്നാൽ, അടുത്ത രണ്ട് പന്തുകളിൽ കുശാൽ പെരേരയെയും പതും നിസ്സങ്കയെയും മടക്കി സുന്ദർ ശ്രീലങ്കൻ സ്കോർ രണ്ട് റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മഹീഷ് തീക്ഷ്ണ എറിഞ്ഞ ആദ്യ പന്ത് തന്നെ അതിർത്തി കടത്തി സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. മൂന്ന് മത്സരമടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ 3-0ത്തിന് തൂത്തുവാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.