സിന്തറ്റിക് ട്രാക്ക് ഒരുങ്ങി; സംസ്ഥാന കായികോത്സവം 16 മുതൽ
text_fieldsകുന്നംകുളം: 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് ഒരുങ്ങി. ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കിൽ മാറ്റുരക്കുക. 98 ഇനങ്ങളിലാണ് മത്സരം. ഇതിൽ 88 വ്യക്തിഗത മത്സരങ്ങളും 10 റിലേ മത്സരങ്ങളുമാണുള്ളത്. ഒക്ടോബർ 16ന് രാവിലെ മുതൽ മത്സരങ്ങൾ ആരംഭിക്കും. ട്രാക്കിലെ കൊടും ചൂടിനെ അകറ്റാൻ കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും പകലും രാത്രിയുമായാണ് മത്സരങ്ങൾ നടക്കുന്നത്.
രാവിലെ ഏഴുമുതൽ 11 വരെയും 3.30 മുതൽ രാത്രി എട്ടുവരെയുമാണ് മത്സരങ്ങൾ.കായിക പ്രതിഭകൾക്ക് കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം ഇൻഡോർ സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തെ കവാടത്തിലൂടെ മത്സര സ്ഥലത്തേക്ക് പ്രവേശിക്കാം. ഇതിനായി നാല് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ട്രാക്കിനകത്തേക്ക് ഒഫീഷ്യൽസിനും അത്ലറ്റുകൾക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. മത്സരങ്ങൾ കാണാൻ 5000ഓളം പേർക്കിരിക്കാവുന്ന വിശാലമായ ഗാലറിയും ഇവിടെ തയാറാണ്.
സിന്തറ്റിക് ട്രാക്കിന്റെ ഗ്രൗണ്ടിന് മുൻവശത്ത് നൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യവുമുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തും വാഹനങ്ങൾ പാർക്ക് ചെയ്യാം. ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികോത്സവം എന്ന പ്രത്യേകതയും ഇത്തവണത്തെ കായികോത്സവത്തിനുണ്ട്.
അന്താരാഷ്ട്ര നിലാവാരത്തിലേക്ക് ഉയർത്തപ്പെട്ട പുൽമൈതാനത്തോടുകൂടിയ ഗ്രൗണ്ടിന് ലോക അത്ലറ്റിക് ഫാക്കൽറ്റിയുടെ ക്ലാസ് ടു സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. 16 മുതൽ 20 വരെയാണ് സംസ്ഥാന സ്കൂൾ കായികോത്സവം. എ.സി. മൊയ്തീൻ മന്ത്രിയായിരിക്കെ നടത്തിയ ശ്രമഫലമായാണ് അന്താരാഷ്ട്ര നിലവാരത്തിൽ 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് കുന്നംകുളത്തിന് സ്വന്തമായത്. ജില്ല മേള കഴിഞ്ഞതോടെ ഫ്ലഡ് ലിറ്റ് സംവിധാനം ഒരുക്കാനുള്ള പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.