നെറ്റ്ബാളിൽ തെലങ്കാനയും റഫറിമാരും ചേർന്ന് കേരളത്തെ തോൽപിച്ചു
text_fieldsഭാവ്നഗർ (ഗുജറാത്ത്): ദേശീയ ഗെയിംസ് പുരുഷ നെറ്റ്ബാളിൽ കേരളത്തിന് അപ്രതീക്ഷിത തോൽവി. പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ തെലങ്കാനയോട് 52-54നാണ് പരാജയപ്പെട്ടത്. ഏറ്റവും മികച്ച ടീമുകളിലൊന്നായ കേരളത്തിന്റെ താരങ്ങൾക്കെതിരെ റഫറിമാർ സ്വീകരിച്ച നിലപാട് തോൽവിക്ക് കാരണമായി.
കളി തുടങ്ങി നാലാം മിനിറ്റിൽ തെലങ്കാനയുടെ അപ്പീലിനെത്തുടർന്ന് വിങ് അറ്റാക്കർ രാഹുലിനെയും ഗോൾ ഡിഫൻഡർ റിജാസിനെയും പുറത്താക്കുകയായിരുന്നു. കേരളം 7-4ന് മുന്നിൽ നിൽക്കെയായിരുന്നു നടപടി. ആദ്യ ക്വാർട്ടർ തീരുവോളം കേരളം അഞ്ച് പേരുമായാണ് കളിച്ചത്. ഇതിനിടെ പിറകിലാവുകയും ചെയ്തു. റഫറിമാർ സ്വീകരിച്ച പക്ഷപാതപരമായ നിലപാടാണ് തോൽവിക്ക് കാരണമായതെന്ന് കേരള ടീം മാനേജ്മെന്റ് ആരോപിച്ചു.
ആദ്യ കളിയിൽ ബിഹാറിനെതിരെ 83-41 സ്കോറിൽ തകർപ്പൻ ജയം നേടിയിരുന്നു. തോൽവിയോടെ ബുധനാഴ്ച ഡൽഹിക്കെതിരെ നടക്കുന്ന അവസാന പൂൾ മത്സരം കേരളത്തിന് നിർണായകമായി. അതേസമയം, പൂൾ എയിൽ തുടർച്ചയായ രണ്ടാം ജയവുമായി കരുത്തരായ ഹരിയാന അവസാന നാലിൽ പ്രവേശിച്ചു. പഞ്ചാബിനെ 55-28നാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.