കാർലോസ് അൽകാരസിന് യു.എസ് ഓപൺ കിരീടവും ലോക ഒന്നാം നമ്പർ പദവിയും
text_fieldsവാഷിങ്ടൺ: ടെന്നിസിൽ പഴയ നദാൽ- ഫെഡറർ പോരിനെ അനുസ്മരിപ്പിച്ച കിടിലൻ അങ്കത്തിൽ നോർവേ താരം കാസ്പർ റൂഡിനെ വീഴ്ത്തി 19കാരനായ കാർലോസ് അൽകാരസ് യു.എസ് ഓപൺ ചാമ്പ്യൻ. എ.ടി.പി ടൂറിൽ രണ്ടാം വർഷക്കാരനായിരികെ ലോക ഒന്നാം നമ്പർ പദവിയടക്കം എണ്ണമറ്റ റെക്കോഡുകൾ മാറോടു ചേർത്താണ് ആർതർ ആഷെ കോർട്ടിൽ സ്പാനിഷ് താരം കിരീടത്തിൽ തൊട്ടത്.
സ്കോർ 6-4, 2-6, 7-6, 6-3. 2005ൽ ഫ്രഞ്ച് ഓപൺ കിരീടമുയർത്തി റാഫേൽ നദാലും 1990ൽ യു.എസ് ഓപൺ നേടി പീറ്റ് സാംപ്രാസും മാത്രമാണ് പ്രായച്ചെറുപ്പത്തിൽ അൽകാരസിന് മുന്നെ നടന്നവർ. ആരു ജയിച്ചാലും ലോക ഒന്നാം നമ്പർ പദവിയെന്ന അപൂർവ നേട്ടത്തിലേക്ക് റാക്കറ്റെടുത്ത അൽകാരസും റൂഡും ഒരേ പ്രകടന മികവുമായാണ് കലാശപ്പോരിൽ മുഖാമുഖം നിന്നത്. അമ്പരപ്പിക്കും വേഗത്തിൽ പറന്നെത്തിയ സ്മാഷുകളും സെർവുകളും മനോഹരമായി തിരിച്ചുനൽകി ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും കൗമാരത്തിളപ്പുമായി സ്പാനിഷ് താരം ഒരു പണത്തൂക്കം മേൽക്കൈ കാണിച്ചു.
ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറച്ച സ്മാഷുകൾ റാക്കറ്റിലെടുത്ത് അസാധ്യ ആംഗിളുകളിലേക്ക് പറത്തി താരം സ്വന്തമാക്കിയ പല പോയന്റുകളും കാണികൾ എഴുന്നേറ്റുനിന്നാണ് വരവേറ്റത്. കലാശപ്പോരിലേക്ക് ടിക്കറ്റെടുക്കാൻ മൂന്നു കളികൾ അഞ്ചു സെറ്റ് വീതം കളിച്ച അൽകാരസ് പക്ഷേ, അവസാന അങ്കത്തിൽ ആ സാഹസത്തിനു തലവെച്ചില്ല. ആദ്യ സെറ്റ് അനായാസം പിടിച്ച് ആധിപത്യം ഉറപ്പാക്കിയ ശേഷം അടുത്ത സെറ്റിൽ രണ്ടു പോയന്റ് മാത്രം സമ്പാദ്യവുമായി നഷ്ടപ്പെടുത്തി. അടുത്ത സെറ്റിലെ തുല്യ പോരാട്ടം ടൈ ബ്രേക്കർ വരെയെത്തിച്ച് അൽകാരസ് പിടിച്ചു. നാലു മണിക്കൂറെടുത്ത കളിയിലെ നാലാം സെറ്റിൽ പക്ഷേ, എതിരാളിയെ തളർത്തി താരം സെറ്റും കളിയുമായി മടങ്ങി.
വലിയ പോരിടങ്ങളിൽ തുടക്കം കസറുകയും വമ്പന്മാർക്ക് മുന്നിലെത്തുമ്പോൾ അവസാനം വീണുപോകുകയും ചെയ്യുന്നതാണ് കൗമാരക്കാരുടെ പതിവുകളെങ്കിലും ഇത്തവണ അൽകാരസ് എല്ലാം തെറ്റിച്ചു. തീരുമാനിച്ചുറപ്പിച്ചവനെ പോലെ ഓരോ പോയന്റും ആഘോഷമാക്കി കളി നയിച്ചവൻ അവസാനം വരെയും ക്ഷീണമറിയാതെ റാക്കറ്റുവീശി. ഒടുക്കം നടന്നെത്തിയത് ആരും കൊതിക്കുന്ന ഗ്രാൻഡ് സ്ലാം കിരീടനേട്ടത്തിലും. ഇളം പ്രായത്തിൽ കളി തുടങ്ങി റെക്കോഡുകൾ പലത് പഴങ്കഥയാക്കിയവൻ 19 വയസ്സ് നാലു മാസത്തിലെത്തി നിൽക്കെയാണ് ലോക ഒന്നാം നമ്പർ പദവിയുടെ നേരവകാശിയാകുന്നത്.
പിടിച്ചുനിന്ന് പ്രതിരോധിക്കുന്നതിന് പകരം ആക്രമണമായിരുന്നു ആദ്യാവസാനം അൽകാരസിന്റെ ഭാഷ. കുതൂഹലപ്പെടുത്തുന്ന ഷോട്ടുകളുടെ വൈവിധ്യവും മനോഹരമായ ഡ്രോപ്പുകളും താരത്തെ എപ്പോഴും മുന്നിൽ നിർത്തി.
സെർവും ഷോട്ടും കനപ്പിച്ച് രണ്ടിലും മൂന്നിലും എതിരാളി മൂർച്ച കൂട്ടിയിട്ടും കുലുങ്ങാതെ അവൻ പൊരുതി. മൂന്നാം സെറ്റിൽ 6-5ന് പിറകിലായ ശേഷം നടത്തിയ രാജകീയ തിരിച്ചുവരവ് ഒന്നു മാത്രം മതി വരുംനാളുകളിൽ അവനെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളെന്നുറപ്പിക്കാൻ.
''ഇനിയുമേറെ വെട്ടിപ്പിടിക്കാനുള്ള ദാഹമാണ് നിറയെ. ആഴ്ചകളോളം ഒന്നാം സ്ഥാനത്ത് തുടരണം. അത് വർഷങ്ങൾ നിലനിൽക്കണം''- കളിക്കു ശേഷം അൽകാരസിന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.