ദുരൂഹമായി തിരോധാനം; ചൈനീസ് മുൻ ഉപപ്രധാനമന്ത്രിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നിസ് താരം എവിടെ?
text_fieldsബെയ്ജിങ്: മൂന്ന് മാസത്തിനുള്ളിൽ ശീതകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനിരിക്കേ ചൈനക്ക് തലവേദനയായിരിക്കുകയാണ് ടെന്നിസ് താരം പെങ് ഷുവായിയുടെ തിരോധാനം. ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് വനിത വിഭാഗം ഡബ്ൾസിലെ മുൻ ലോക ഒന്നാം നമ്പർ താരമായ പെങ്ങിനെ കാണാതായത്.
ഇതിന് പിന്നാലെ പെങ് എവിടെയെന്ന ചോദ്യവുമായി 'വേർ ഈസ് പെങ് ഷുവായി' എന്ന ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. പിന്നാലെ താരത്തെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് യു.എസും ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി. കമ്യൂണിസ് പാർട്ടി നേതാവായ ഗാവെലിക്കെതിരായ ആരോപണങ്ങളിൽ സുതാര്യമായ അനേഷണം വേണമെന്നും യു.എൻ ആവശ്യപ്പെട്ടു.
ടെന്നിസ് താരങ്ങളായ നൊവാക് ദ്യോകോവിച്ച്, ആൻഡി മറെ, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗഫ്, സിമോണ ഹാലപ്പ്, പെട്ര ക്വിറ്റോവ എന്നിവർ ക്യാമ്പയിനിൽ അണിചേർന്നു. പെങ്ങിന്‍റെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തിയില്ലെങ്കിൽ ചൈനയിൽ ടൂർണമെന്‍റുകൾ നടത്തില്ലെന്ന് വനിത ടെന്നിസ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
അതേസമയം, പെങ് ഷുവായിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം. അത് നയതന്ത്രപരമായ വിഷയമല്ലെന്നും സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും സർക്കാർ വക്താവ് ഷാവോ ലിജിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ വെയ്ബോ വഴിയാണ് പെങ് സാങ് ഗാവൊലിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത്. പോസ്റ്റ് ഉടന്‍ വെയ്‌ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. വിവാദം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്‍റര്‍നെറ്റില്‍ കനത്ത സെന്‍സറിങ് നടത്തിയതായാണ് ആരോപണം.
അതേസമയം പെങ് സുരക്ഷിതയായിരിക്കുന്നുവെന്നും അടുത്ത് തന്നെ പെതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്നും സർക്കാർ അനുകൂല മാധ്യമപ്രവർത്തകൻ ഹു ഷിൻജിൻ അവകാശപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിൾസ് ഡെയ്ലി പ്രസിദ്ധീകരിക്കുന്ന 'ദ ഗ്ലോബൽ ൈടംസ്' എഡിറ്റർ ഇൻ ചീഫാണ് ഷിൻജിൻ.
35കാരിയായ പെങ് വനിതകളുടെ ഡബിൾസിലെ മുൻ ലോക ഒന്നാം നമ്പറുകാരിയാണ്. 2013ൽ വിംബിൾഡണും 2014ൽ ഫ്രഞ്ച് ഓപണും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലാകെ രണ്ട് സിംഗിള്‍സ്, 22 ഡബിള്‍സ് കിരീടങ്ങളുമുയര്‍ത്തിയ താരം 2018ൽ വിരമിക്കൽ പ്രഖ്യാപിച്ചു. മൂന്ന് ഒളിമ്പുക്സുകളിൽ റാക്കറ്റേന്തിയ താരം 2010ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി.
അതേസമയം 'ഹാപ്പി വീക്കെൻഡ്' ആശംസിച്ച് പെങ് വി ചാറ്റ് ആപ്പിൽ പങ്കുെവച്ചെന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ ചൈനീസ് മാധ്യമപ്രവർത്തകനായ ഷെൻ ഷിവൈ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. പൂച്ചകളെ പിടിച്ച് ചിരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അതിൽ ചിലത്. ചൈനീസ് പതാക, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ പശ്ചാത്തലത്തിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.