അൽകാരസ്-നദാൽ സഖ്യം, ദ്യോകോവിച്, ഇഗ ക്വാർട്ടറിൽ
text_fieldsപാരിസ്: ഒളിമ്പിക്സിൽ കന്നി സ്വർണം തേടുന്ന നൊവാക് ദ്യോകോവിച് ക്വാർട്ടർ ഫൈനലിൽ. ടെന്നിസ് പുരുഷ സിംഗ്ൾസിൽ ജർമനിയുടെ ഡൊമിനിക് കോഫറിനെ 7-5, 6-3ന് തോൽപിച്ചാണ് സെർബിയൻ ഇതിഹാസം നാലാം തവണയും അവസാന എട്ടിലെത്തിയത്. ഗ്രീസിന്റെ സ്റ്റെഫാനോസ് സിസിപാസാണ് വ്യാഴാഴ്ചത്തെ ക്വാർട്ടറിൽ ദ്യോകോയുടെ എതിരാളി. രണ്ടാം റൗണ്ടിൽ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനെ ദ്യോകോവിച് മടക്കിയിരുന്നു.
അതേസമയം, ഡബ്ൾസിൽ നദാൽ-കാർലോസ് അൽകാരസ് സഖ്യം നെതർലൻഡ്സിന്റെ ടാലൺ ഗ്രീക്സ്പൂർ-വെസ്ലി കൂൾഹോഫ് ജോടിയെ 6-4, 6-7, 10-2 തോൽപിച്ച് ക്വാർട്ടറിൽ കടന്നു. ഒളിമ്പിക്സിനുശേഷം കോർട്ട് വിടുമെന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് താരം ആൻഡി മറെ പങ്കാളി ഡാൻ ഇവാൻസുമായി ചേർന്ന് ബെൽജിയത്തിന്റെ സാൻഡർ ഗില്ലെ-ജൊറാൻ വ്ലീജെൻ സഖ്യത്തെ തോൽപിച്ചും ക്വാർട്ടറിലേക്ക് മുന്നേറി. സ്കോർ: 6-3, 6-7, 11-9. വനിത സിംഗ്ൾസിൽ പോളണ്ടിന്റെ ലോക ഒന്നാം നമ്പറുകാരി ഇഗ സ്വിയാറ്റക്കും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്. ചൈനയുടെ വാങ് സിയൂവിനെ 6-2, 6-4 നാണ് ഇഗ മറികടന്നത്. എന്നാൽ, യു.എസിന്റെ സ്വർണ പ്രതീക്ഷ കൊകൊ ഗോഫ് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.