‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം’- മധുരപ്രതികാരമാണ് ദ്യോകോക്ക് ഈ 22ാം ഗ്രാൻഡ് സ്ലാം കിരീടം
text_fields22 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന ചരിത്രത്തിനൊപ്പം നിൽക്കാൻ മെൽബൺ പാർക്കിൽ ഒരു വർഷത്തെ ഇടവേളക്കു ശേഷം എത്തുമ്പോൾ നൊവാക് ദ്യോകോവിച്ചിനു മുന്നിൽ സാധ്യതകളെ പോലെ പ്രശ്നങ്ങളും പലതായിരുന്നു. ഗാലറിയിൽ കളി കണ്ടിരുന്ന പിതാവ് റഷ്യൻ പതാകക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തുണ്ടാക്കിയ പുകിൽ മുതൽ കാലിലെ പേശീവലിവ് വരെ വില്ലനാകാവുന്ന പലവിധ പ്രശ്നങ്ങൾ. കിരീടപ്പോരിൽ എതിരെനിന്നത് ഹാർഡ് കോർട്ടിലെ ഏറ്റവും കരുത്തനായ സിറ്റ്സിപ്പാസും. എന്നിട്ടും ഒന്നും സംഭവിക്കാത്തവനെ പോലെ കിരീടത്തിലേക്ക് അവൻ റാക്കറ്റു പായിച്ചു. അതും നേരിട്ടുള്ള സെറ്റുകളിൽ. മെൽബൺ പാർക്കിൽ ചരിത്രം കുറിച്ച 10ാം കിരീടമായിരുന്നു ദ്യോകോക്കിത്. കരിയറിൽ 22ാം ഗ്രാൻഡ് സ്ലാമും. സാക്ഷാൽ റാഫേൽ നദാൽ മാത്രമാണ് ഗ്രാൻഡ് സ്ലാം കണക്കുകളിൽ ഒപ്പമുള്ളത്. ഒന്നാം സ്ഥാനത്ത് 374 ആഴ്ച പിന്നിട്ട ദ്യോകോ ഇനിയേറെ നാൾ അത് മറ്റാർക്കും വിട്ടുനൽകില്ലെന്നുറപ്പ്.
‘‘സാഹചര്യങ്ങൾ അങ്ങനെയായതുകൊണ്ടാകാം, ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ്. കഴിഞ്ഞ നാലോ അഞ്ചോ ആഴ്ചയായി കടന്നുപോകുന്ന പ്രയാസങ്ങൾ കുടുംബത്തിനും എന്റെ കൂടെയുള്ള സംഘത്തിനും മാത്രമേ അറിയൂ’’- ദ്യോകോയുടെ വാക്കുകൾ.
റോഡ് ലാവർ അറീനയിൽ 10 വയസ്സു താഴെയുള്ള ഗ്രീക് താരം സിറ്റ്സിപ്പാസിനെതിരെ കളിയിലുടനീളം ദ്യോക്കോക്കായിരുന്നു ആധിപത്യം. പവർഗെയിമും ഡ്രോപ് ഷോട്ടും ഒരേ പോലെ പരീക്ഷിച്ച് ചിലപ്പോഴെങ്കിലും സിറ്റ്സിപ്പാസ് മേൽക്കൈ നേടാൻ ശ്രമം നടത്തിയെങ്കിലും അനുഭവത്തിന്റെ കരുത്തും പ്രതിഭയുടെ മികവുമായി ദ്യോകോ അവയെ അനായാസം കടന്നു. എതിരാളി കൂടുതൽ ആക്രമണോത്സുകത കാട്ടിയ രണ്ടാം സെറ്റിൽ വിടാത്ത വീര്യവുമായി നിന്നായിരുന്നു ടൈബ്രേക്കറിൽ തീരുമാനമായത്. 7-6 (7-4). അവസാന സെറ്റിലും ഒപ്പത്തിനൊപ്പം നിന്ന ഗ്രീക് താരത്തെ കീഴടക്കാൻ ടൈബ്രേക്കർ തന്നെ വേണ്ടിവന്നു.
എന്നാൽ, ടൂർണമെന്റിലെ ഏറ്റവും മനോഹരമായ കളികളിലൊന്നായിട്ടും ഒരു സെറ്റ് പോലും കലാശപ്പോരിൽ വിട്ടുനൽകിയില്ലെന്നതാണ് ദ്യോകോയുടെ വലിയ വിജയം. ടൂർണമെന്റിലുടനീളം ഒരു സെറ്റ് മാത്രമാണ് താരം എതിരാളിക്ക് നൽകിയത്.
വിജയത്തിനൊടുവിൽ കിരീടമേറ്റുവാങ്ങാൻ താരത്തിനൊപ്പം മാതാവ് ഡിജാനയെത്തിയെങ്കിലും പതാക വിവാദത്തെ തുടർന്ന് പിതാവ് എത്തിയിരുന്നില്ല. സമാനതകളില്ലാത്ത ചരിത്ര വിജയം തന്നെ തേടിയെത്തിയപ്പോൾ കണ്ണീരോടെയായിരുന്നു വിജയപീഠത്തിൽ താരം നിന്നത്.
പുരുഷ വിഭാഗത്തിൽ ഏറ്റവും കൂടുതലെന്ന റെക്കോഡിനൊപ്പമെത്തിയെങ്കിലും വനിതകളിൽ 24 ഗ്രാൻഡ് സ്ലാം നേട്ടങ്ങളുമായി മാർഗരറ്റ് കോർട്ടാണ് മുന്നിൽ.
തനിക്ക് കരിയറിലെ ഏറ്റവും കരുത്തനായ എതിരാളിയാണ് ദ്യോകോയെന്ന് മത്സരശേഷം സിറ്റ്സിപ്പാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.