മുന്നിൽ ചരിത്രം, മധുരപ്രതികാരം- ദ്യോകോ ഇന്ന് 22ാം ഗ്രാൻഡ് സ്ലാമിലേറുമോ?
text_fieldsമെൽബൺ പാർകിൽ 35കാരനായ നൊവാക് ദ്യോകോവിച്ചിനു മുന്നിൽ ഇന്ന് എതിരാളി 24കാരനായ ഗ്രീക് താരം സിറ്റ്സിപാസ്. ഒരാൾ കന്നി ഗ്രാൻഡ് സ്ലാമിന് ഒരു ചുവട് അരികെ നിൽക്കുമ്പോൾ അപരൻ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന ചരിത്രത്തിനൊപ്പമെത്താനുള്ള കാത്തിരിപ്പിൽ. മെൽബൺ പാർക്കിൽ 2018 നുശേഷം ഒരു കളി പോലും തോറ്റിട്ടില്ല, ദ്യോകോ. പ്രമുഖർ പലരും നേരത്തെ മടങ്ങിയ ഈ ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയിട്ടുമില്ല. ഗ്രാൻഡ് സ്ലാമിൽ 33ാം ഫൈനൽ കളിക്കുന്നുവെന്ന ആനുകൂല്യം വേറെ. കംഗാരു മണ്ണിൽ ഒമ്പതു ഗ്രാൻഡ് സ്ലാമുകൾ നേടിയവനെന്ന ചരിത്രം മറ്റൊന്ന്... ഇനിയുമേറെയുണ്ട് ദ്യോകോ വിശേഷങ്ങൾ.
മറുവശത്ത്, എല്ലാറ്റിലും ഒരു പടി പിറകെയാണ് ഗ്രീക് താരം. കരിയറിൽ കളിക്കുന്നത് രണ്ടാം ഗ്രാൻഡ് സ്ലാം ഫൈനൽ. തേടുന്നത് ആദ്യ മുൻനിര കിരീടം. ഹാർഡ് കോർട്ടിൽ പക്ഷേ, ഇയാൾ പുലിയാണ്. കഴിഞ്ഞ മൂന്നു തവണയും സെമിയിൽ വീണത് കൊമ്പന്മാർക്കു മുന്നിൽ. അതായത്, കണക്കുകളിൽ പിറകിലാകുമ്പോഴും കിരീടപ്രതീക്ഷകൾ ഇരുവശത്തും തുല്യം.
‘‘ഓരോ ഗ്രാൻഡ് സ്ലാം കിരീടവും അടുത്തത് എത്തിപ്പിടിക്കാനുള്ള സുവർണാവസരമാണ് മുന്നിൽതുറന്നുനൽകുന്നത്. ഇനിയെത്ര അവസരങ്ങൾ ബാക്കി കിടക്കുന്നുവെന്ന് അറിയില്ല’’- ദ്യോകോ പറയുന്നു.
കഴിഞ്ഞ വർഷം കളിക്കാനെത്തി അറസ്റ്റ് ചെയ്യപ്പെടുകയും നാടുകടത്തുകയും ചെയ്തിന്റെ ക്ഷീണം തീർക്കുന്നതായിരുന്നു ഇത്തവണ സെർബ് താരത്തിന് ഓരോ മത്സരവും. പേശീവലിവ് വില്ലനാകുമെന്ന് തോന്നിച്ചെങ്കിലും കോർട്ടിൽ അതിമാനുഷനെ പോലെ റാക്കറ്റേന്തിയാണ് ഓരോ കളിയിലും എതിരാളികളുടെ വായടച്ചത്.
എന്നാൽ, ഹാർഡ് കോർട്ടിൽ ഏറ്റവും കരുത്തനാണ് എന്നും സിറ്റ്സിപ്പാസ്. അതുകൊണ്ടുതന്നെ മെൽബൺ പാർക്കിൽ ഫൈനൽ കളിക്കുമെന്ന് തുടക്കത്തിലേ പ്രതീക്ഷ നൽകിയവൻ. രണ്ട് വമ്പന്മാർ മാറ്റുരക്കുമ്പോൾ കളി അതിവേഗത്തിലാകുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.