അൽകാരസിനെ തകർത്ത് ദ്യോകോവിച് ആസ്ട്രേലിയൻ ഓപ്പൺ സെമിയിൽ
text_fieldsമെൽബൺ: പരിചയമികവും കരുത്തും മുഖാമുഖം നിന്ന ആവേശപ്പോര് ജയിച്ച് നൊവാക് ദ്യോകോവിച് ആസ്ട്രേലിയൻ ഓപൺ സെമിയിൽ. റാഫേൽ നദാൽ അരങ്ങൊഴിഞ്ഞ സ്പാനിഷ് അർമഡയുടെ അമരത്തെ പിൻമുറക്കാരൻ കാർലോസ് അൽകരാസിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് ദ്യോകോ കിരീടത്തിലേക്ക് നിർണായക ചുവടു വെച്ചത്. സ്കോർ 4-6, 6-4, 6-3, 6-4. നേരത്തെ അമേരിക്കൻ താരം ടോമി പോളിനെ പരാജയപ്പെടുത്തി അവസാന നാലിലെത്തിയ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് അടുത്ത എതിരാളി.
ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ പുതുചരിത്രം കുറിക്കാനായി ഒരുവർഷം മുമ്പ് എത്തിയ മെൽബൺ മൈതാനത്തുനിന്ന് കോവിഡ് വാക്സിൻ പറഞ്ഞ് പടിയടക്കപ്പെട്ടതിന്റെ പ്രതികാരം എതിരാളിയോട് തീർത്തായിരുന്നു സെർബ് താരത്തിന്റെ പടയോട്ടം. എതിരാളി പിടിച്ച ആദ്യ സെറ്റിൽ പരിക്കുഭീഷണി വില്ലനാകുകയും എതിരാളി നെറ്റ് ഗെയിമുമായി പലവട്ടം പരീക്ഷിക്കുകയും ചെയ്തിട്ടും സമാനതകളില്ലാത്ത തിരിച്ചുവരവുമായാണ് മെൽബൺ പാർക്കിൽ കുടുംബത്തെ സാക്ഷിനിർത്തി 12ാം തവണയും അവസാന നാലെന്ന സ്വപ്നനേട്ടം ദ്യോകോ പിടിച്ചത്. ആദ്യാവസാനം ആക്ഷൻ നിറഞ്ഞതായിരുന്നു ഇരുവശത്തും കളി.
കോർട്ട് നിറഞ്ഞുള്ള ഷോട്ടുകളുമായി ദ്യോകോ മുന്നിൽനിന്നപ്പോൾ അത്ലറ്റിക് മികവുമായി അൽകരാസ് അവ എത്തിപ്പിടിച്ച് പലപ്പോഴും ഒപ്പംനിന്നു. റാക്കറ്റുകൊണ്ടുള്ള അസാധ്യ വഴക്കവുമായി സ്പാനിഷ് താരം ഡ്രോപ്പുകൾ പരീക്ഷിച്ചപ്പോൾ ഓടിയെത്താൻ ദ്യോകോ വിഷമിച്ചു. എന്നിട്ടും, പരിചയവും മെൽബൺ പാർക്കിലെ വിജയങ്ങളുടെ കഥകളും നെഞ്ചോടു ചേർത്ത് നടത്തിയ വീരോചിത കുതിപ്പിനൊടുവിൽ ദ്യോകോവിച്ച് വിജയിയായി. അൽകരാസിന്റെ മികവു കണ്ടാണ് കളിയുണർന്നത്. ആദ്യസെറ്റ് താരം സ്വന്തമാക്കുകയും ചെയ്തെങ്കിലും അത് പാഠമാക്കി ഏഴാം സീഡായ ദ്യോകോ ഉജ്വലമായി തിരിച്ചുവന്നു. താരത്തിനിത് മുൻനിര ടൂർണമെന്റുകളിൽ 50ാം സെമിയാണ്. ഇന്ന് പുരുഷവിഭാഗത്തിൽ മറ്റു ക്വാർട്ടറുകളിൽ ജാനിക് സിന്നർ അലക്സ് ഡി മിനോറിനെയും ബെൻ ഷെൽട്ടൺ ലോറൻസോ സോനെഗോയെയും നേരിടും.
കിരീട ട്രിപ്പിളിന് രണ്ട് ചുവടരികെ സബലെങ്ക
മെൽബൺ: ആസ്ട്രേലിയൻ ഓപൺ വനിതകളിൽ തുടർച്ചയായ മൂന്നാം കിരീടത്തിലേക്ക് രണ്ടു കളി അകലെ അരിന സബലെങ്ക. കടുത്ത പോരാട്ടത്തിൽ റഷ്യൻ താരം അനസ്റ്റാസ്യ പാവ്ല്യചെങ്കോവയെ 2-6, 6-2, 6-3ന് കടന്നാണ് താരം സെമിയിലെത്തിയത്.
മെൽബൺ പാർക്കിൽ ബെലറൂസ് താരത്തിനിത് തുടർച്ചയായ 19ാം വിജയമാണ്. കൊക്ക ഗോഫിനെ 7-5 6-4ന് വീഴ്ത്തി നേരത്തെ സെമിയിലെത്തിയ ലോക 11ാം റാങ്കുകാരി പോള ബഡോസയാണ് സബലെങ്കക്ക് അവസാന നാലിലെ എതിരാളി. 1997 മുതൽ 1999 വരെ തുടർച്ചയായ മൂന്നു വർഷം കിരീടം പിടിച്ച് ചരിത്രം കുറിച്ച മാർട്ടിന നവരത് ലോവയാണ് സബലെങ്കക്കു മുന്നിലുള്ളത്.
ബൊപ്പണ്ണ പുറത്ത്
ആസ്ട്രേലിയൻ ഓപണിലെ അവസാന ഇന്ത്യൻ പ്രതീക്ഷയായ രോഹൻ ബൊപ്പണ്ണയും പുറത്ത്. മിക്സഡ് ഡബ്ൾസിൽ ഷുവായ് ഷാങ്ങിനൊപ്പം കളിച്ച താരം ക്വാർട്ടർ ഫൈനലിൽ 6-2 4-6 9-11ന് ഓസീസ് ജോഡികളായ ജോൺ പിയേഴ്സ്- ഒലിവിയ ഗാഡെക്കി സഖ്യത്തോടാണ് തോൽവി സമ്മതിച്ചത്. ബൊപ്പണ്ണ പുരുഷ ഡബ്ൾസിലും മത്സരിച്ചിരുന്നെങ്കിലും നേരത്തെ മടങ്ങിയിരുന്നു. സുമിത് നാഗൽ, യുകി ബാംബ്രി, ശ്രീരാം ബാലാജി എന്നിവരും പരാജയം സമ്മതിച്ചവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.