ആസ്ട്രേലിയൻ ഓപൺ: സിറ്റ്സിപാസും അസരെങ്കയും സെമിയിൽ; സാനിയ-ബൊപ്പണ്ണ സഖ്യവും സെമിയിൽ
text_fieldsമെൽബൺ: ഗ്രീസിന്റെ സ്റ്റെഫാനോ സിറ്റ്സിപാസും റഷ്യയുടെ കരേൺ ഖചാനോവും ആസ്ട്രേലിയൻ ഓപൺ ടെന്നിസിന്റെ പുരുഷ വിഭാഗം സെമി ഫൈനലിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി ലെചെക്കയെ 6-3, 7-6, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് സിറ്റ്സിപാസ് അവസാന നാലിലെത്തിയത്.
യു.എസിന്റെ യുവതാരം സെബാസ്റ്റ്യൻ കോർഡയെ മറികടന്നാണ് ഖചാനോവ് സെമിയിലെത്തിയത്. രണ്ട് സെറ്റുകൾക്ക് പിന്നിലായിരിക്കേ മൂന്നാം സെറ്റിൽ വിരലിന് പരിക്കേറ്റതിനാൽ കോർഡ കളി മതിയാക്കുകയായിരുന്നു. സ്കോർ: 7-6, 6-3, 3-0. വനിതകളിൽ ബെലറൂസിന്റെ വിക്ടോറിയ അസരെങ്ക പത്തുവർഷത്തിനുശേഷം സെമിയിലിടം നേടി. യു.എസിന്റെ മൂന്നാം സീഡ് ജെസീക്ക പെഗുലയെ 6-4, 6-1 സ്കോറിനാണ് അസരെങ്ക തോൽപിച്ചത്.
വിംബിൾഡൺ ജേത്രിയും കസാഖ്സ്താൻ താരവുമായ എലേന റൈബാക്കിനയും സെമി കണ്ടു. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയെയാണ് ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. 6-2, 6-4.
മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ ജോടി സെമിയിലെത്തി. യെലേന ഒസ്റ്റാപെങ്കോ-ഡേവിഡ് ഹെർണാണ്ടസ് സഖ്യത്തിനെതിരെ ഇന്ത്യൻ സഖ്യത്തിന് വാക്കോവർ ലഭിക്കുകയായിരുന്നു. പുരുഷ ഡബ്ൾസിൽ ബൊപ്പണ്ണ ആദ്യ റൗണ്ടിലും വനിത ഡബ്ൾസിൽ സാനിയ രണ്ടാം റൗണ്ടിലും പുറത്തായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.