ആസ്ട്രേലിയൻ ഓപൺ ടെന്നിസിന് നാളെ തുടക്കം
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിന് നാളെ തുടക്കമാകും. 11ാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക് ദ്യോകോവിച്ചാണ് പുരുഷ വിഭാഗത്തിലെ ടോപ്സീഡ്. കൈക്കേറ്റ പരിക്ക് ഭേദമായാണ് സെർബിയൻ താരത്തിന്റെ വരവ്. യോഗ്യത മത്സരം ജയിച്ചുവരുന്ന താരമാകും ഒന്നാം റൗണ്ടിലെ എതിരാളി. യുനൈറ്റഡ് കപ്പിൽ കഴിഞ്ഞയാഴ്ച അലക്സ് ഡി മിനൗറിനോട് ദ്യോകോവിച്ച് തോറ്റിരുന്നു. ആറ് വർഷത്തിനിടെ ആസ്ട്രേലിയൻ മണ്ണിൽ താരത്തിന്റെ ആദ്യ തോൽവിയായിരുന്നു ഇത്.
സ്പെയിനിന്റെ യുവതാരം കാർലോസ് അൽകാരസാകും ദ്യോകോവിച്ചിന് കിരീടവഴിയിൽ ഏറ്റവും ഭീഷണിയാകുന്നത്. വിംബിൾഡൺ ഫൈനലിൽ അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ അൽകാരസ് ദ്യോകോവിച്ചിനെ കീഴടക്കിയിരുന്നു. റഷ്യയുടെ ഡാനിൽ മെദ്വദേവാണ് മറ്റൊരു കരുത്തൻ താരം. 2021ലെ യു.എസ് ഓപൺ ഫൈനലിൽ ദ്യോകോവിച്ചിനെ തോൽപ്പിച്ച ചരിത്രമുണ്ട് മെദ്വദേവിന്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായ ഗ്രീസിന്റെ സ്റ്റെഫാനോ സിറ്റ്സിപാസ്, ഇറ്റാലിയൻ സൂപ്പർ താരമായ യാനിക് സിന്നർ തുടങ്ങിയവരും പുരുഷന്മാരിലെ ശ്രദ്ധേയ താരങ്ങളാണ്. പുരുഷന്മാരിൽ ഇന്ത്യയുടെ സുമിത് നാഗൽ യോഗ്യത മത്സരം ജയിച്ച് ആസ്ട്രേലിയൻ ഓപണിന് അർഹത നേടിയിട്ടുണ്ട്. സ്ലോവാക്യയുടെ അലക്സ് മോൾകാനിനെ കീഴടക്കിയാണ് നാഗൽ ടിക്കറ്റ് നേടിയത്. സ്കോർ: 6-4, 6-4. 26കാരനായ നാഗൽ, ലോകറാങ്കിങ്ങിൽ 139ാമതാണ്.
വനിതകളിൽ ടോപ്സീഡായ പോളണ്ടിന്റെ ഇഗ സിയാടെകിന് ഒന്നാം റൗണ്ടിൽ കടുത്ത എതിരാളിയാണുള്ളത്. 2020ലെ ജേത്രിയായ സോഫിയ കെനിനെയാണ് നേരിടേണ്ടത്. അര്യാന സബലങ്കേ, എലേന റൈബകിന തുടങ്ങിയ താരങ്ങളും വനിതകളിൽ കിരീടപ്രതീക്ഷകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.