യു.എസ് ഓപൺ: അൽകാരസ്-കാസ്പർ റൂഡ് ഫൈനൽ
text_fieldsവാഷിങ്ടൺ: വമ്പന്മാർ പലരും നേരത്തേ കെട്ടുകെട്ടിയ യു.എസ് ഓപണിൽ പുരുഷ വിഭാഗം കിരീടം തേടി സ്പാനിഷ് കൗമാരക്കാരൻ കാർലോസ് അൽകാരസ് നോർവേയുടെ കാസ്പർ റൂഡിനെ നേരിടും. അഞ്ചു സെറ്റ് നീണ്ട ആവേശപ്പോരിൽ അമേരിക്കൻ പ്രതീക്ഷയായ ഫ്രാൻസിസ് ടിഫോയെ സെമിയിൽ വീഴ്ത്തിയാണ് അൽകാരസ് ഗ്രാൻഡ്സ്ലാം കന്നിക്കിരീടത്തിലേക്ക് ഒരു ചുവട് അരികെയെത്തിയത്. സ്കോർ 6-7 (6-8) 6-3 6-1 6-7 (5-7) 6-3. റഷ്യയുടെ കാരൻ ഖച്ചനോവിനെ നാലു സെറ്റുകളിൽ മറികടന്നായിരുന്നു റൂഡിന്റെ വിജയം. സ്കോർ 7-6 (7-5) 6-2 5-7 6-2. ഫൈനൽ ആരു ജയിച്ചാലും ലോക ഒന്നാം നമ്പർ പദവിയിലേക്ക് ഉയരുമെന്ന അപൂർവ സവിശേഷതയും കലാശപ്പോരിനുണ്ട്.
അനുഭവത്തിന്റെ കരുത്തിനെ കൗമാരത്തിന്റെ ആവേശംകൊണ്ട് നേരിട്ടായിരുന്നു അൽകാരസിന്റെ വിജയം. നീണ്ട ഇടവേളക്കുശേഷം യു.എസ് ഓപൺ ഫൈനലിലെത്തുന്ന ആദ്യ അമേരിക്കക്കാരനാകുമെന്ന് തോന്നിച്ച ടിഫോ തുടക്കം പിടിച്ച് പ്രതീക്ഷ നൽകിയെങ്കിലും അതിവേഗവും കണ്ണഞ്ചും കളിമികവുമായി അൽകാരസ് എതിരാളിയെ നിലംപരിശാക്കുകയായിരുന്നു. ഇളമുറക്കാർ കൊമ്പുകോർത്ത കളിയിലുടനീളം ഇരു താരങ്ങളും പ്രതിഭയുടെ അപൂർവ സ്പർശവുമായി ഗാലറിയെ മുൾമുനയിൽ നിർത്തി. ഈ ടൂർണമെന്റിൽ ആദ്യ സെറ്റ് നഷ്ടപ്പെടുത്തുന്ന ആദ്യ മത്സരമായിട്ടും പിന്നീടുള്ള സെറ്റുകളിൽ പോരാട്ടമികവിന്റെ കൊടുമുടിയേറിയ സ്പാനിഷ് താരം അവസാനം വരെ മേൽക്കോയ്മ നിലനിർത്തി. അൽകാരസ് കിരീടമുയർത്തിയാൽ 2005ൽ നദാൽ ഫ്രഞ്ച് ഓപൺ ചാമ്പ്യനായ ശേഷം കപ്പുയർത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാകും.
കാസ്പർ റൂഡിന് ഈ വർഷത്തെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. നേരത്തേ ഫ്രഞ്ച് ഓപണിൽ റാഫേൽ നദാലിനു മുന്നിൽ മുട്ടുമടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.