ദ്യോകോവിചിന്‍റെ കലണ്ടർ സ്ലാം സ്വപ്നം പൊലിഞ്ഞു; മെദ്വദേവിന് കന്നി ഗ്രാൻഡ്സ്ലാം
text_fieldsന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിചിന്‍റെ കലണ്ടർ സ്ലാം സ്വപ്നങ്ങൾ തട്ടിത്തെറുപ്പിച്ച് ഡാനിൽ മെദ്വദേവ്. യു.എസ് ഓപൺ പുരുഷ വിഭാഗം ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു റഷ്യൻ താരത്തിന്‍റെ വിജയം. സ്കോർ: 6-4, 6-4, 6-4.
വർഷത്തെ നാല് മേജർ കിരീടങ്ങളും നേടി കലണ്ടർ സ്ലാം തികക്കുന്ന മൂന്നാമത്തെ പുരുഷ താരമാകാനുള്ള ദ്യോകോവിചിന്‍റെ മോഹമാണ് പൊലിഞ്ഞത്. ഇതോടൊപ്പം തന്നെ 21ാം കിരീടവുമായി റോജർ ഫെഡററിനെയും റാഫേൽ നദാലിനെയും മറികടക്കാനുമാകുമായിരുന്നു.
2019 യു.എസ് ഒപൺ റണ്ണറപ്പായ മെദ്വദേവിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടമാണിത്. മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലിലാണ് റഷ്യൻ താരം ആദ്യ കിരീടം ചൂടിയത്. 21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ താരം യു.എസ് ഓപ്പൺ ജേതാവാകുന്നത്.
52 വർഷങ്ങൾക്ക് മുമ്പ് റോഡ് ലാവറാണ് യു.എസ് ഓപൺ, ഫ്രഞ്ച് ഓപൺ, ആസ്ട്രേലിയൻ ഓപൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കി കലണ്ടർ സ്ലാം തികച്ച അവസാന താരം. ദ്യോകോ റെക്കോഡ് എഴുതുന്നത് കാണാനായല 23,000ത്തോളം വരുന്ന കാണികളുടെ കൂടെ ലേവറും സന്നിഹിതനായിരുന്നു. ഇത് മൂന്നാം തവണയാണ് ദ്യോകോ യു.എസ് ഓപൺ ഫൈനലിൽ തോൽക്കുന്നത്. ഡോൺ ബഡ്ജ് (1938) ആണ് കലണ്ടർ സ്ലാം നേടിയ ആദ്യ പുരുഷ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.