ഇനി പഴയതുപോലെയല്ല, കാത്തിരുന്ന ആ മാറ്റം ടെന്നീസിൽ സംഭവിച്ചു കഴിഞ്ഞു -ദ്യോകോവിച്
text_fieldsറോം: ടെന്നീസിൽ ഏറെക്കാലമായി കാത്തിരുന്ന തലമുറമാറ്റം സംഭവിച്ചുകഴിഞ്ഞുവെന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്. ഇറ്റാലിയൻ ഓപൺ ക്വാർട്ടർഫൈനലിൽ 20കാരനായ ഡാനിഷ് താരം ഡെയ്ൻ ഹോൾജർ റൂണിയോടേറ്റ തോൽവിക്ക് പിന്നാലെയായിരുന്നു പ്രതികരണം. 6-2, 4-6, 6-2 എന്ന സ്കോറിനാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെട്ടത്.
'പുതിയ തലമുറ ഇവിടെ വന്നുകഴിഞ്ഞു. കാർലോസ് അൽകാരസാണ് നമ്പർ വൺ. മനോഹരമായ ടെന്നീസാണ് അൽകാരസ് കളിക്കുന്നത്. പുതിയ താരോദയങ്ങൾ ടെന്നീസിന് നല്ലതാണ്. ഒരു തലമുറമാറ്റമുണ്ടാകുമെന്ന് ഞങ്ങൾ ഏറെ വർഷമായി പറയുന്നു. ഇപ്പോൾ അതിന്‍റെ സമയം വന്നിരിക്കുകയാണ്. ഇവരോടൊപ്പം പരമാവധി പിടിച്ചുനിൽക്കാൻ ഞാൻ ശ്രമിക്കും. ഇപ്പോഴും മത്സരത്തിനിറങ്ങാനുള്ള ഒരു ത്വര എന്നിൽ വല്ലാതെയുണ്ട്. അത് എത്രത്തോളം മുന്നോട്ടുപോകാമെന്ന് നമുക്ക് കാത്തിരുന്ന് കാണാം' -ദ്യോകോവിച് പറഞ്ഞു.
രണ്ട് ദശാബ്ദത്തോളമായി പുരുഷ ടെന്നീസ് മേഖലയെ അടക്കിവാണ ത്രിമൂർത്തികളുടെ കാലത്തിനാണ് അവസാനമാകുന്നത് -റോജർ ഫെഡറർ, ദ്യോകോവിച്, റഫേൽ നദാൽ. ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ഇപ്പോഴും തുടരുന്ന മറ്റു രണ്ടുപേരും പരിക്കിന്‍റെയും പ്രായാധിക്യത്തിന്‍റെയും പിടിയിലാണ്.
ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാമുകളെന്ന റെക്കോർഡ് 22 വീതം കിരീടങ്ങൾ നേടിയ നദാലും ദ്യോകോവിചുമാണ് പങ്കുവെക്കുന്നത്. ഫെഡറർക്ക് 20 ഗ്രാൻഡ്സ്ലാമുകളാണുള്ളത്. ജനുവരിയിൽ ആസ്ട്രേലിയൻ ഓപ്പണിനിടെയേറ്റ പരിക്ക് കാരണം പിന്നീട് മത്സരത്തിനിറങ്ങാൻ നദാലിന് സാധിച്ചിട്ടില്ല. 14 തവണ കിരീടം നേടിയ ഫ്രഞ്ച് ഓപണും നദാലിന് നഷ്ടമായിരുന്നു. കൈമുട്ടിന് പരിക്കുള്ള ദ്യോകോവിച് ഡോക്ടറുടെ സഹായം തേടി വേദനസംഹാരി കഴിച്ച ശേഷമാണ് കഴിഞ്ഞ മത്സരം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.