ദ്യോകോ വരും; ദുബൈ ഓപൺ ടെന്നിസ് തകർക്കും
text_fieldsആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിനായി ആസ്ട്രേലിയയിലെത്തിയ നൊവാക് ദ്യോകോവിച്ച് ചെറുതായൊന്നുമല്ല കഷ്ടപ്പെട്ടത്. വാക്സിനെടുക്കാതെ രാജ്യത്ത് പ്രവേശിച്ചതിന്റെ പേരിൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നുവെന്ന് മാത്രമല്ല, ജയിലിൽ കിടക്കേണ്ടിയും വന്നു. നിരാശനായി വിമാനം കയറിയ ദ്യോകോ ആ കലിപ്പെല്ലാം തീർക്കാൻ ദുബൈയിൽ റാക്കറ്റേന്തുകയാണ്. ഫെബ്രുവരി 14 മുതൽ തുടങ്ങുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സെർബിയൻ താരം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ, ചാമ്പ്യൻഷിപ്പിന്റെ 30ാം എഡിഷൻ പൊടിപൊടിക്കും.
14 മുതൽ 19 വരെ വനിത വിഭാഗം മത്സരങ്ങളാണ് അരങ്ങേറുക. 21 മുതൽ 26 വരെയാണ് പുരുഷ വിഭാഗം. ലോകറാങ്കിങിൽ ആദ്യ 20ലെ ഒമ്പത് പേരും പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ചാമ്പ്യൻഷിപ്പിന്റെ പ്രത്യേകത. അഞ്ച് തവണ ദുബൈ ഓപൺ നേടിയ ദ്യോകോവിച്ചിന് പുറമെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ അസ്ലൻ കററ്റ്സെവ്, സെമി ഫൈനലിസ്റ്റ് ആന്ദ്രേ റബ്ലേവ്, ഡെനിസ് ഷപോവലോവ്, മുൻ ചാമ്പ്യൻ റോബർട്ടോ ബോട്ടിസ്റ്റ തുടങ്ങിയവർ കളത്തിലിറങ്ങും.
എട്ട് തവണ കിരീടം നേടിയ റോജർ ഫെഡറർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിരീടം ദ്യോകോവിച്ചിന്റെ പേരിലാണ്. 12ാം തവണയാണ് ദ്യോകോ ദുബൈ ഓപണിനെത്തുന്നത്. ആസ്ട്രേലിയൻ ഓപണിലെ സംഭവവികാസങ്ങളിൽ നിന്നുള്ള വീണ്ടെടുപ്പ് കൂടിയായിരിക്കും ദുബൈയിലേത്. ദുബൈയിലേക്ക് വാക്സിൻ നിർബന്ധമില്ലാത്തതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയുമില്ല. റബ്ലോവും ദ്യോകോവിചും തമ്മിലായിരിക്കും പ്രധാന പോരാട്ടം. കററ്റ്സെവാണ് ദ്യോകോക്ക് ഭീഷണി ഉയർത്തുന്ന മറ്റൊരു താരം. ഒമ്പതാം റാങ്കുകാരൻ ഫെലിക്സ് ഓഗറും പത്താം നമ്പറുകാരൻ ജന്നിക് സിന്നറും അട്ടിമറിക്ക് കെൽപുള്ള താരങ്ങളാണ്.
വനിത വിഭാഗത്തിലും മുൻനിര താരങ്ങളാണ് എത്തുന്നത്. ഡബ്ലിയു.ടി.എ റാങ്കിങ്കിൽ ആദ്യ പത്ത് സ്ഥാനത്തുള്ളവരിൽ ഒമ്പത് പേരും ദുബൈയിൽ റാക്കറ്റേന്തും.
അരയ്ന സബലങ്ക, ഗർബൈൻ മുഗുരുസ, ബാർബോറ ക്രെജിക്കോവ, കരോളിന പ്ലിസ്കോവ, ബോള ബാർബഡോസ എന്നിവരാണ് പ്രധാന നോട്ടപ്പുള്ളികൾ.
ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റ് വിൽപന തുടങ്ങിയിട്ടുണ്ട്.
www.dubaidutyfreetennischampionships.com എന്ന വെബ്സൈറ്റിലൂടെയോ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിലൂടെയോ ടിക്കറ്റ് വാങ്ങാം. 55 ദിർഹം മുതലാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.