കനേഡിയൻ ഓപണിൽനിന്ന് പിൻവാങ്ങി ദ്യോകോ
text_fieldsലണ്ടൻ: ചരിത്രം പിറക്കുമെന്ന് കരുതിയ വിംബ്ൾഡൺ പുൽക്കോർട്ടിലെ കലാശപ്പോരിൽ ഇളമുറക്കാരനായ കാർലോസ് അൽകാരസിനു മുന്നിൽ വീണ നൊവാക് ദ്യോകോവിച് കനേഡിയൻ ഓപണിൽ കളിക്കാനില്ല. ക്ഷീണം മാറിയില്ലെന്ന് കാരണം നിരത്തിയാണ് താരം പിന്മാറ്റം പ്രഖ്യാപിച്ചത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ അൽകാരസിന്റെ അതിവേഗവും കൗമാരത്തുടിപ്പും മുന്നിൽനിന്നപ്പോൾ മണിക്കൂറുകൾ ഒപ്പം പൊരുതിയ ദ്യോകോ തോൽവി സമ്മതിക്കുകയായിരുന്നു. യു.എസ് ഓപൺ അടുത്തെത്തിനിൽക്കെ കരുത്തുകാട്ടാനുള്ള അവസരമായിട്ടും വിംബ്ൾഡൺ തോൽവിയിൽനിന്ന് മുക്തനായില്ലെന്ന സൂചന നൽകിയാണ് താരത്തിന്റെ പിന്മാറ്റം. ഇതോടെ, ആദ്യ 42 റാങ്കുകാരിൽ മത്സരിക്കാനില്ലാത്ത ഏക മുൻനിര താരവും ദ്യോകോയാകും.
ദ്യോകോവിച് നാലു തവണ ഇവിടെ കിരീടം ചൂടിയിട്ടുണ്ട്. തൊട്ടുപിറകെ നടക്കുന്ന യു.എസ് ഓപണിൽ കഴിഞ്ഞ തവണ സെർബിയൻ താരത്തിന് കോവിഡ് വാക്സിൻ വിഷയവുമായി ബന്ധപ്പെട്ട് അവസരം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തവണ ഇളവു നൽകിയതിനാൽ കളിക്കാൻ തടസ്സമുണ്ടാകില്ല. എന്നാൽ, അൽകാരസിന്റെ മാരക ഫോമിനു മുന്നിൽ വിയർക്കുന്ന താരം ഗ്രാൻഡ്സ്ലാമുകളിൽ പുതിയ റെക്കോഡിടാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.