മാരത്തൺ പോരാട്ടം ജയിച്ച് ഫ്രഞ്ച് ഓപൺ പ്രീക്വാർട്ടറിൽ; ഇനി കളിക്കുമോയെന്നറിയില്ലെന്ന് ഫെഡറർ
text_fieldsപാരിസ്: ഇടവേളക്കു ശേഷം കളിമൺ കോർട്ടിൽ ആവേശമായി എത്തിയ റോജർ ഫെഡറർ മണിക്കൂറുകൾ നീണ്ട പോരാട്ടം ജയിച്ച് പ്രീ ക്വാർട്ടറിൽ. 40ാം പിറന്നാളിന് രണ്ടു മാസം മാത്രം ശേഷിക്കെ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് പഴയ പ്രതിഭയുടെ നിഴലായി പോയിട്ടും 2009ലെ ചാമ്പ്യൻ ജയിച്ചു കയറിയത്. 59ാം റാങ്കുകാരനായ ഡൊമിനിക് കീപ്ഫെറായിരുന്നു എതിരാളി. സ്കോർ 7-6 (7/5), 6-7 (3/7), 7-6 (7/4), 7-5. കളി ജയിച്ചെങ്കിലും സംഘാടകരെ സമ്മർദത്തിലാക്കി ടൂർണമെന്‍റിൽനിന്ന് പിന്മാറുകയാണെന്ന സൂചന കൂടി ഫെഡ് എക്സ്പ്രസ് നൽകി.
കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞ് തിരിച്ചെത്തിയ റോജർ ഫെഡറർ കഴിഞ്ഞ വർഷാരംഭത്തിലെ ആസ്ട്രേലിയൻ ഓപണിനു ശേഷം പങ്കെടുക്കുന്ന മൂന്നാം ടൂർണമെന്‍റാണിത്. കളി തുടരുന്നുവെങ്കിൽ തിങ്കളാഴ്ച ഇറ്റലിയുടെ മാറ്റിയോ ബെററ്റിനിയാണ് പ്രീക്വാർട്ടറിൽ എതിരാളി. ബദ്ധവൈരികളായ നൊവാക് ദ്യോകോവിച്ച്, റാഫേൽ നദാൽ എന്നിവർ നേരത്തെ അവസാന 16ൽ ഇടമുറപ്പിച്ചിട്ടുണ്ട്. ഇരുവർക്കും ഇറ്റാലിയൻ യുവ താരങ്ങൾ തന്നെയാണ് എതിരാളികൾ.
20 ഗ്രാന്റ്സ്ലാം കിരീടങ്ങളുമായി ചരിത്രം തൊട്ടുനിൽക്കുന്ന ഫെഡറർ പഴയ ഫോമിന്‍റെ നിഴൽ മാത്രമായാണ് ഇന്നലെയും കളിച്ചത്. വിംബിൾഡണിൽ കിരീടം ചൂടലാണ് തന്‍റെ ലക്ഷ്യമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഫ്രഞ്ച് ഓപണിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ കഴിഞ്ഞ ജയത്തോടെ ഗ്രാൻറ് സ്ലാം ടൂർണമെന്റുകളിൽ 103 ജയം പൂർത്തിയാക്കി ഫെഡററുടെ റെക്കോഡ് മറികടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.