യു.എസ് ഓപണിൽ അനായാസ ജയം; ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് ദ്യോകോവിച്ച്
text_fieldsന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നിസിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ അനായാസ ജയവുമായി നൊവാക് ദ്യോകോവിച്ച് എ.ടി.പി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫ്രഞ്ചുകാരൻ അലക്സാൻഡ്രെ മുള്ളറെ 6-0, 6-2, 6-3 എന്ന സ്കോറിനാണ് സെർബിയക്കാരൻ തകർത്തുവിട്ടത്. ലോക റാങ്കിങ്ങിൽ 84ാം സ്ഥാനക്കാരനായ എതിരാളിക്ക് ആദ്യ സെറ്റിൽ ഒറ്റ പോയന്റും നൽകാതെയാണ് ദ്യോകോ തുടങ്ങിയത്. തുടർന്നുള്ള രണ്ടു സെറ്റുകളിലും തിരിച്ചുവരാനുള്ള അവസരം മുള്ളർക്ക് നൽകിയില്ല.
വിജയത്തോടെ, വിംബിൾഡണിൽ തന്നെ തോൽപിച്ച് കിരീടം നേടിയ കാർലോസ് അൽകാരസിൽനിന്നാണ് 36കാരൻ ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. ഇതോടെ 390 ആഴ്ച ഒന്നാം റാങ്കിലെത്തിയ താരമെന്ന നേട്ടവും ദ്യോകോ സ്വന്തമാക്കി. ആസ്ട്രേലിയൻ ഓപണും ഫ്രഞ്ച് ഓപണും സ്വന്തമാക്കുകയും വിംബിൾഡണിൽ ഫൈനലിലെത്തുകയും ചെയ്ത ദ്യോകോവിച്ച് സീസണിലെ മൂന്നാം കിരീടമാണ് യു.എസ് ഓപണിൽ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ താരത്തിന് യു.എസ് ഓപണിൽ കളിക്കാനായിരുന്നില്ല. രണ്ടാം റൗണ്ടിൽ ലോക റാങ്കിൽ 76ാം സ്ഥാനക്കാരനായ സ്പെയിനിന്റെ ബെർണബെ മിറാലെസ് ആണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.