Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിട, കളിയരങ്ങിലെ...

വിട, കളിയരങ്ങിലെ നർത്തകന്...

text_fields
bookmark_border
Roger Federer
cancel
camera_alt

വിടവാങ്ങൽ മത്സരത്തിനൊടുവിൽ വിതുമ്പലടക്കാനാവാതെ റോജർ ഫെഡററും റാഫേൽ നദാലും

തിഹാസം ഇനി പോരിനിറങ്ങില്ല. നിറകണ്ണുകളിൽ ലോകത്തോട് നന്ദിയറിയിച്ച കോർട്ടിലെ നർത്തകനൊപ്പം പ്രിയസുഹൃത്ത് റഫയും തേങ്ങി. കളിയെ തന്റെ റാക്കറ്റുകളുടെ ദ്രുതചലനങ്ങളാൽ കാലങ്ങ​ളേറെ വരുതിയിൽ നിർത്തിയ മാന്ത്രികനു മുമ്പാകെ ലണ്ടനിലെ ഗാലറി അത്യാദര​വുകളോടെ വണങ്ങി. ലോകം ആ മുഹൂർത്തങ്ങളെ ബഹുമാനപുരസ്സരം കൺപാർത്ത് വാഴ്ത്തുമൊഴികൾ ചാർത്തി..'ഫെഡ് എക്സ്​പ്രസ്'എന്നും 'സ്വിസ് മാസ്ട്രോ' എന്നുമടക്കം നിരവധി വിശേഷണങ്ങളുടെ അകമ്പടിയോടെ ടെന്നിസിന്റെ കനക സിംഹാസനത്തിലേക്ക് കാലം അഭിമാനപുരസ്സരം കൈപിടിച്ചുകയറ്റിയ റോജർ ഫെഡറർ എന്ന മഹാനുഭാവൻ കളിയുടെ കനൽപഥങ്ങളിൽനിന്ന് പടിയിറങ്ങി.

ലേവർ കപ്പിൽ റാഫേൽ നദാലിനൊപ്പം ചേർന്ന് ഇഞ്ചോടിഞ്ചു പോരടിച്ചതിനൊടുവിൽ ജാക് സോക്ക്-ഫ്രാൻസിസ് ടിഫോ ജോടിയോട് കീഴ്പെടുമ്പോഴും ലോക ടെന്നിസ് അയാളുടെ കാൽചുവട്ടിലായിരുന്നു. തിങ്ങിനിറഞ്ഞ ഗാലറിയെ നോക്കി കഴിഞ്ഞ കാല​ങ്ങളെ ഓർത്തെടുത്ത് പറയുമ്പോൾ ഫെഡറർ വിതുമ്പി. അതു കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകി. പ്രിയപ്പെട്ട നല്ലപാതി മിർകയെയും ജീവന്റെ ജീവനായ നാലു മക്കളെയും-ലിയോ, ലെനി, മില, ചാർലിൻ-നെഞ്ചോടുചേർത്ത് ഇതിഹാസതാരം കണ്ണീരിലമർന്നു. അടക്കാനാവാത്ത കരച്ചിലിനിടയിൽ അദ്ദേഹം പറഞ്ഞതിങ്ങനെ -'ഇത് സന്തോഷത്തി​ന്റെ കണ്ണുനീരാണ്. ദുഃഖത്തി​ന്റേതല്ല. വിസ്മയകരമായ ദിനമാണിന്ന്'.

'ഇവിടെ നിങ്ങൾക്കു മുമ്പിലിറങ്ങുന്നത് മഹത്തരമാണ്. ഒരിക്കൽകൂടി ഷൂ കെട്ടിയിറങ്ങുന്നത് ഞാൻ ആസ്വദിച്ചു. ഇതിൽകൂടുതൽ സന്തോഷമില്ല. റഫക്കൊപ്പം ഒരേ ടീമിൽ കളിക്കുന്നത് അത്രമേൽ ആഹ്ലാദം നൽകുന്നതായിരുന്നു.' -കൂട്ടുകാരന്റെ വിടവാങ്ങൽ പ്രസംഗം കണ്ടും കേട്ടുമിരുന്ന നദാലിനും കരച്ചിലടക്കാനായില്ല. ഐതിഹാസികമായ നിരവധി പോരാട്ടങ്ങൾക്ക് സ്വിസ് ഇതിഹാസത്തിന്റെ മറുകോർട്ടിൽ എണ്ണമറ്റ സർവുകളുതിർത്ത റഫയും വികാരാധീനനായി.



ടെന്നിസിലെ വലിയൊരു വിരുന്നായിരുന്നു റോജർ. കോർട്ടുകളുടെ വൈവിധ്യങ്ങൾ അയാളുടെ പടയോട്ടങ്ങൾക്കൊരു വിലങ്ങുതടിയേ ആയിരുന്നില്ല. 'സ്‍പെഷ്യലിസ്റ്റുകളുടെ കാലത്ത് നിങ്ങൾ ഒരു ക്ലേ കോർട്ട്, അല്ലെങ്കിൽ ഗ്രാസ് കോർട്ട്, അതുമല്ലെങ്കിൽ ഒരു ഹാർഡ് കോർട്ട് സ്‍പെഷലിസ്റ്റ് ആയിരിക്കും. ഇതൊന്നുമല്ലെങ്കിൽ നിങ്ങളൊരു റോജർ ഫെഡറർ ആകും' -എന്നുപറഞ്ഞത് ഇതിഹാസ താരം ജിമ്മി കോണേഴ്സ് ആണ്. ഓൾകോർട്ട്-ഓൾറൗണ്ട് കളിക്കാരനായ ഫെഡറർ വേഗവും ഒഴുക്കും അനിതരസാധാരണമായ ഷോട്ട് മേയ്ക്കിങ്ങും ചേർന്ന കേളീശൈലിയിലാണ് കോർട്ടുകളെ തന്റെ കാൽചുവട്ടിലാക്കിയത്.


ബേസ്ലൈനിൽ കേന്ദ്രീകരിച്ച് കളിക്കു​മ്പോഴും നെറ്റിൽ അയാൾ വളരെ കംഫർട്ടബ്ളായിരുന്നു. കളിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വോളിയർമാരിലൊരാളായി മാറിയതും അതുവഴിയാണ്. ബാക്ക്ഹാൻഡ് സ്മാഷ്, സ്കൈഹുക്ക്, ഹാഫ് വോളി, ജംപ് സ്മാഷ്, സർവ് റിട്ടേൺ...തുടങ്ങി പ്രൊഫഷനൽ ടെന്നിസിലെ വിരളമായ എലമെന്റുകളെക്കൂടി അയാൾ സമർഥമായി തന്റെ റാക്കറ്റിലേക്ക് കൂട്ടി​ക്കെട്ടി. ഫോർഹാൻഡിന്റെ ആശാനായിരിക്കുമ്പോഴും ഓരോ സൂക്ഷ്മസാധ്യതകളെയും ആവാഹിച്ചാണ് അയാൾ അജയ്യനായത്. ടെന്നിസിലെ ഏറ്റവും മഹത്തായ ഷോട്ടാണ് ഫെഡററുടെ ഫോർഹാൻഡ് എന്ന് ജോൺ മക്കൻറോ പറയുമായിരുന്നു.

പടക്കോപ്പുകളുടെ വൈവിധ്യങ്ങളായിരുന്നു ഫെഡററെ എന്നും വേറിട്ടുനിർത്തിയത്. നിർണായക ഘട്ടങ്ങളിൽ സർവുകളെ അയാൾ ആഗ്നേയാസ്ത്രങ്ങളാക്കി. സ്ലൈസും ടോപ്സ്പിന്നും സ്ക്വാഷ് ഷോട്ടും ഫ്ലിക്കുമൊക്കെ തരാതരം പോലെ ഫെഡറർ പുറത്തെടുത്തതോടെ എതിരാളികൾ മറുപടിയില്ലാതെ കു​ഴങ്ങുന്നത് പതിവുകാഴ്ചയായി. കാലുകൾക്കിടയിലൂടെ ഫെഡറർ തൊടുക്കുന്ന 'ട്വീനർ' ഷോട്ടുകൾ അയാളുടെ മാന്ത്രികതക്ക് ആക്കം കൂട്ടി. നൊവാക് ദ്യോകോവിച്ചിനെതിരെ 2009 യു.എസ് ഓപൺ സെമിയിൽ 'ട്വീനറി'ലൂടെ ട്രിപ്പ്ൾ മാച്ച്പോയന്റ് നേടിയ മിടുക്ക് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.


പ്രായം 30 കഴിഞ്ഞ ശേഷവും സ്റ്റെഫാൻ എഡ്ബർഗിന്റെ ശിക്ഷണത്തിൽ തന്റെ വജ്രായുധങ്ങൾ തേച്ചുമിനുക്കിയ ഫെഡറർ ഒരതിശയമായി മുന്നേറുകയായിരുന്നു. നെറ്റിനരികെ ആക്രമിച്ചു കളിക്കാനും വോളി ഷോട്ടുകൾ മെച്ചപ്പെടുത്താനും കൂടുതൽ ആക്രമണാത്മകമായി റാക്കറ്റേന്താനും അതുവഴി കഴിഞ്ഞതോടെ പ്രായത്തെ തോൽപിച്ച് കരുത്തനായി തുടരുകയായിരുന്നു.

ശാന്തനായിരുന്നു റോജർ എപ്പോഴും. കോപം കത്തിക്കയറി റാക്കറ്റുകൾ വലിച്ചെറിയുന്നതോ കോർട്ടിനു പുറത്തേക്ക് പന്ത് അടിച്ചുപറത്തുന്നതോ അയാളിൽനിന്നുണ്ടായില്ല. അലറുകയും അലമുറയിടുകയും ചെയ്ത് ഫെഡറർ ഉന്മാദവും അരിശവും കൊണ്ടില്ല. എപ്പോഴും കാണാൻ കൊതിക്കുന്ന വശ്യമായ ചിരിയായിരുന്നു ഫെഡറ​റെ കരിയറിലും കളത്തിലും അടയാളപ്പെടുത്തിയത്. കളിയിലെ അസാമാന്യനായ ജെന്റിൽമാനായി ലോകം ഫെഡററെ നെഞ്ചിലേറ്റുന്നതിൽ ആ പുഞ്ചിരിക്കും പ​ങ്കേറെയായിരുന്നു.


310 ആഴ്ചകൾ..അതിൽ തുടർച്ചയായി 237 ആഴ്ച...ലോക ഒന്നാം നമ്പർ പദവിയിൽ അയാൾ രാജവാഴ്ച തുടർന്ന കാലയളവ് വിസ്മയകരമായൊരു റെക്കോർഡാണ്. 103 എ.ടി.പി സിംഗ്ൾസ് കിരീടങ്ങൾ..20 ഗ്രാൻഡ്സ്ലാമുകൾ..വിംബ്ൾഡണിൽ മാത്രം എട്ടുതവണ വിജയഭേരി...ബേസലിലെ പഴയ ബാൾബോയ് എന്നതിൽനിന്ന് അയാൾ വളർന്ന വഴികളും വെട്ടിപ്പിടിച്ച കിരീടങ്ങളും എക്കാലവും ടെന്നിസ് അതിവിശിഷ്ടമായി അടയാളപ്പെടുത്തുമെന്നതുറപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roger federerFarewell
News Summary - Farewell to Roger Federer
Next Story