''നദാലിനൊപ്പം കളിച്ച് മടങ്ങണം''- മോഹം പങ്കുവെച്ച് ഫെഡറർ
text_fieldsലണ്ടൻ: ടെന്നിസ് കോർട്ടുകളെ രണ്ടു പതിറ്റാണ്ടിലേറെ കാലം ധന്യമാക്കിനിർത്തിയ കരിയറിന് ലണ്ടനിൽ അരങ്ങേറുന്ന ലേവർ കപ്പോടെ തിരശ്ശീലയിടാൻ ഒരുങ്ങുന്ന ഇതിഹാസ താരം റോജർ ഫെഡറർക്ക് ഒരു മോഹം ബാക്കി.
അവസാന മത്സരത്തിൽ ജോടിയാകാൻ തന്റെ ബദ്ധവൈരിയെത്തന്നെ വേണം. പുൽകോർട്ടിലും കളിമൺ കോർട്ടിലും അവസാന അങ്കം വരെ ഒരേ വീര്യത്തോടെ പോരാട്ടം കനപ്പിച്ചുനിർത്തിയ ഇരുവരും നേടിയ ഗ്രാൻഡ്സ്ലാമുകളുടെ എണ്ണത്തിലും വ്യത്യാസമേറെയില്ല.
22 എണ്ണവുമായി ചരിത്രം തന്റെ പേരിലാക്കി നദാൽ മുന്നിൽ നിൽക്കുമ്പോൾ റെക്കോഡുകൾ പലത് തന്റേത് കൂടിയാക്കി ഫെഡ് എസ്ക്പ്രസും ഒപ്പമുണ്ട്. ഇരുവർക്കുമിടയിലെ പോരിലേക്ക് പിന്നീടെത്തിയ ദ്യോകോവിച്ചും കിരീട നേട്ടത്തിൽ ഫെഡററെ മറികടന്നവനാണ്.
കാൽമുട്ടിനേറ്റ പരിക്കിൽ വലഞ്ഞ് ഒരു വർഷത്തിലേറെയായി വിട്ടുനിൽക്കുന്ന സ്വിസ് താരം അവസാനമായി കളിച്ചത് കഴിഞ്ഞ വർഷം വിംബിൾഡൺ ക്വാർട്ടറിൽ ഹ്യൂബർട്ട് ഹർക്കാസിനെതിരെയാണ്. കളി തോറ്റ് തിരികെ പോന്ന ശേഷം കാൽമുട്ട് ചികിത്സയുമായി വിശ്രമം തുടരുന്നതിനിടെയാണ് വിരമിക്കാൻ ഒരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്.
ഇനി പ്രഫഷനൽ ടെന്നിസ് വഴങ്ങില്ലെന്ന് ശരീരം പറഞ്ഞത് കേൾക്കേണ്ട സമയമായെന്നായിരുന്നു ഫെഡററുടെ വാക്കുകൾ. കാൽമുട്ടിന് മൂന്നു ശസ്ത്രക്രിയകൾ നടത്തിയിട്ടും കാര്യമായ മാറ്റം ഇല്ലായിരുന്നു.
ലേവർ കപ്പിൽ സിംഗിൾസിൽ മത്സരിക്കില്ലെന്നാണ് തീരുമാനം. ഡബ്ൾസിൽ ഇറങ്ങും. അവിടെയും സാധ്യതകൾ പലതാണെങ്കിലും നദാലിനൊപ്പമാകുമെന്ന പ്രതീക്ഷയിലാണ് താരം.
''ഞങ്ങളൊന്നിച്ച് പൊരുതിയ കാലമത്രയും കുടുംബമായും പരിശീലകസംഘമായും പരസ്പരം ബഹുമാനത്തോടെ നിന്നവരാണ്. കരിയറിലുടനീളം നിന്നത് കോർട്ടിൽ മുഖാമുഖമാകാം. എന്നിട്ടും സ്നേഹം ചാലിച്ച ബന്ധമായിരുന്നു.
ടെന്നിസിലും മൊത്തം കായികരംഗത്തും മാത്രമല്ല, അതിനുമപ്പുറത്ത് ഒരു സന്ദേശമാകാൻ ഇതിന് കഴിയുമെന്നാണ് വിശ്വാസം''- ഫെഡറർ പറഞ്ഞു. അവസാന മത്സരം വെള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.