പരിക്ക്; ഫെഡറർക്ക് പിന്നാലെ നദാലും യു.എസ് ഓപണിൽ നിന്ന് പിൻമാറി
text_fieldsന്യൂഡൽഹി: ടെന്നിസ് ആരാധകരുടെ നിരാശ ഇരട്ടിയാക്കി ഈ വർഷത്തെ യു.എസ് ഓപണിൽ നിന്ന് റാഫേൽ നദാലും പിൻമാറി. ഇടത്തേ കാൽപാദത്തിനേറ്റ പരിക്കിനെ തുടർന്ന് ഇൗ സീസൺ അവസാനിപ്പിക്കുകയാണെന്ന് താരം വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇതിഹാസ താരമായ റോജർ ഫെഡററും പരിക്കിനെ തുടർന്ന് ഇക്കുറി ന്യൂയോർക്കിൽ എത്തില്ലെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷക്കാലമായി കാൽപാദത്തിനേറ്റ പരിക്ക് തന്നെ വലക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാനായി കുറച്ച് സമയം ആവശ്യമാണ്. അടുത്ത കുറച്ച് വർഷങ്ങൾ കുടി റാക്കറ്റേന്താൻ സ്ഥിതിഗതികൾ കുറച്ചുകൂടി മെച്ചപ്പെടാൻ കാത്തിരിക്കണമെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഫ്രഞ്ച് ഓപൺ സെമിഫൈനലിൽ നൊവാക്ദ്യോകോവിചിനോട് തോറ്റ നദാൽ വിംബിൾഡൺ, ഒളിമ്പിക്സ് എന്നിവയിൽ നിന്നും പിൻമാറിയിരുന്നു. യു.എസ് ഓപണിന്‍റെ കർട്ടൻറെയ്സറായ സിൻസിനാറ്റി ഓപണിൽ നിന്ന് താരം നേരത്തെ തന്നെ പിൻവാങ്ങിയിരുന്നു. ആഗസ്റ്റ് 30നായിരുന്നു ടൂർണമെന്‍റ് തുടങ്ങാനിരുന്നത്.
ലോക മൂന്നാം നമ്പർ താരമായ നദാൽ ഇതുവരെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നാല് യു.എസ് ഓപണുകളും അതിൽ ഉൾപ്പെടും. നിലവിലെ ജേതാവായ ഡൊമിനിക് തീമും പരിക്കിനെ തുടർന്ന് ഇക്കുറി യു.എസ് ഓപണിനെത്തുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.