രാത്രി കാല കർഫ്യൂ പാലിക്കാൻ കാണികളെ ഇറക്കിവിട്ട് ഫ്രഞ്ച് ഓപൺ സെമി; കാണാനാളില്ലാതെ ദ്യോകോ ജയം
text_fieldsപാരിസ്: ഇഷ്ടതാരം ദ്യോകോവിച്ച് റാക്കറ്റേന്തുന്ന ആവേശപ്പോരിനൊപ്പം ആർത്തുവിളിക്കാനെത്തിയ 5,000 കാണികളെ കളി പാതിയിൽ നിൽക്കെ ഇറക്കിവിട്ട ഫ്രഞ്ച് ഓപൺ സെമി പുതുമയായി. ഇറ്റലിയുടെ മാറ്റിയോ ബെററ്റിനിക്കെതിരായ മത്സരത്തിന്‍റെ ആദ്യ രണ്ടു സെറ്റ് ദ്യോകോവിച്ചും മൂന്നാമത്തേത് എതിരാളിയും പിടിച്ച ശേഷമായിരുന്നു രാത്രി കാല കർഫ്യു പാലിക്കാനായി ഇടക്ക് നിർത്തിവെച്ചത്. ബഹളംവെച്ച് മൈതാനം വിട്ട കാണികൾ പോയിക്കഴിഞ്ഞതോടെ ഗാലറിയുടെ നിശ്ശബ്ദതക്കൊപ്പം കളിച്ച് സെർബിയൻ താരം ജയം പിടിക്കുകയായിരുന്നു.
ഇതോടെ ഫ്രഞ്ച് ഓപണിൽ രണ്ടു ഇതിഹാസങ്ങൾ നേരത്തെ മുഖാമുഖം വരും. 14 ാം കിരീടം തേടുന്ന നദാലിനെ വീഴ്ത്താനായാൽ ഏറ്റവും കൂടുതൽ ഗ്രാന്റ്സ്ലാമുകൾ സ്വന്തമാക്കുന്ന താരത്തിനായുള്ള പോരിൽ ദ്യോകോ കൂടുതൽ അടുത്തെത്തും. നിലവിൽ നദാലിന് 20ഉം ദ്യോകോവിച്ചിന് 18ഉം കിരീടങ്ങളാണുള്ളത്. ഫെഡററും 20 എണ്ണം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും താരം നേരത്തെ പുറത്തായിരുന്നു.
സ്റ്റെഫാനോസ് സിറ്റ്സിപാസ്- അലക്സാണ്ടർ സ്വരേവ് സെമി ജേതാക്കളാകും ഫൈനലിൽ എതിരാളി.
പാരിസ് നഗരത്തിൽ രാത്രി ഒമ്പതു മണി മുതൽ കർഫ്യൂ നിലനിൽക്കുന്നതിനാൽ വൈകി നടന്ന മുൻ മത്സരങ്ങൾ കാണികളില്ലാതെയായിരുന്നു. എന്നാൽ, ബുധനാഴ്ച ഇളവ് അനുവദിച്ചതോടെ ഇരച്ചെത്തിയത് 5,000 കാണികൾ. ആദ്യ രണ്ടു സെറ്റ് ദ്യോകോക്കൊപ്പം നിന്നതോടെ മൂന്നാം സെറ്റും താരം പൂർത്തിയാക്കി കളി അവസാനിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, കളി മുറുക്കിയ ബെററ്റിനി മൂന്നാം സെറ്റ് പിടിച്ചു. 11 മണിയായതോടെ അടുത്ത സെറ്റ് ആരംഭിക്കുംമുെമ്പ താരങ്ങൾ മടങ്ങിയതുകണ്ട് ഗാലറി നിശ്ശബ്ദമായി.കോവിഡ് കർഫ്യൂ അറിയിച്ച് അറിയിപ്പ് മുഴങ്ങിയതോടെ കൂകിവിളിച്ച് മൈതാനംവിട്ടിറങ്ങിയ കാണികൾ പോയിക്കഴിഞ്ഞ് നാലാം സെറ്റും പിടിച്ച് ദ്യോകോ സെമിപ്രവേശനം ഉറപ്പാക്കുകയും ചെയ്തു.
പകലിൽ നദാലിന്‍റെ ക്വാർട്ടർ പോരാട്ടം നേരത്തെ അവസാനിച്ചിട്ടും ദ്യോകോവിച്ചിന്‍റെ മത്സരം പാതി കാണികളില്ലാതെ നടത്തേണ്ടിവന്നതിൽ സംഘാടകരുടെ പിടിപ്പുകേടും ആരോപിക്കപ്പെടുന്നുണ്ട്. രണ്ടു മണിക്കൂർ നേരമാണ് മൈതാനം ഒഴിഞ്ഞുകിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.