എതിരാളിയെ നിലംതൊടാതെ പറത്തി ഇഗ ക്വാർട്ടറിൽ; ദ്യോകോവിച്ച് നാലാം റൗണ്ടിൽ
text_fieldsപാരിസ്: കൗതുകങ്ങളേറെ പിറക്കുന്ന പാരിസ് കളിമുറ്റത്ത് 40 മിനിറ്റ് മാത്രമെടുത്ത് എതിരാളിയെ പൂജ്യത്തിന് പറത്തി ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്ത് നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റെക്. ലോക 41ാം റാങ്കുകാരിയായ റഷ്യയുടെ അനസ്തേഷ്യ പൊടപോവയാണ് ടോപ് സീഡിനു മുന്നിൽ ഒറ്റത്തവണ പോലും ബ്രേക് പോയന്റ് നേടാനാവാതെ അടിതെറ്റിയത്.
സ്കോർ: 6-0, 6-0. ഇഗയുടെ കരിയറിലെ ഏറ്റവും വേഗമേറിയ ജയമായിരുന്നു ഇത്. 1988ലെ ഫൈനലിൽ നടാഷ സ്വരേവിനെ സ്റ്റെഫി ഗ്രാഫ് 32 മിനിറ്റിൽ വീഴ്ത്തിയതാണ് റൊളാങ് ഗാരോവിലെ റെക്കോഡ്. എല്ലാം എളുപ്പത്തിൽ തീർക്കാനായെന്ന് കളിക്കു ശേഷം ഇഗ പറഞ്ഞു. വിംബിൾഡൺ ചാമ്പ്യൻ മാർക്കറ്റ് വോൺഡ്രൂസോവയാകും അവസാന എട്ടിൽ താരത്തിന് എതിരാളി. യു.എസ് ഓപൺ ചാമ്പ്യൻ കൊകോ ഗോഫും അനായാസ ജയത്തോടെ ക്വാർട്ടറിലെത്തി. ഇറ്റലിയുടെ എലിസബെത്ത കൊക്സിയാരെറ്റോയെ 6-1 6-2നാണ് അവർ നിഷ്പ്രഭമാക്കിയത്.
പുലർച്ച മൂന്നുമണിയും കഴിഞ്ഞ് നീണ്ട കളിയിൽ നിലവിലെ ചാമ്പ്യൻ നൊവാക് ദ്യോകോവിച്ച് ജയം പിടിച്ചു. മഴ തടസ്സപ്പെടുത്തിയ ദിവസത്തിൽ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഇറ്റലിയുടെ ലോറൻസോ മുസെറ്റിയെ താരം വീഴ്ത്തി നാലാം റൗണ്ടിലെത്തിയത്. സ്കോർ 7-5 6-7 (6-8) 2-6 6-3 6-0. മറ്റൊരു കളിയിൽ അലക്സാണ്ടർ സ്വരേവ് ഡച്ച് താരം ടാലൺ ഗ്രീക്സപൂരിനെ 3-6 6-4 6-2 4-6 7-6 (10-3)ന് തോൽപിച്ചു. അഞ്ചാം സീഡ് ഡാനിൽ മെദ്വദേവ്, ആസ്ട്രേലിയൻ താരം ഡി മിനോർ, കാനഡയുടെ ഫെലിക്സ് ഓഗർ അലിയാസിൻ, 10ാം സീഡ് ഗ്രിഗർ ദിമിത്രോവ്, സിറ്റ്സിപാസ് എന്നിവരും ജയിച്ചു. പുരുഷ ഡബ്ൾസിൽ രണ്ടാം സീഡായ രോഹൻ ബൊപ്പണ്ണ (ഇന്ത്യ)- മാത്യു എബ്ഡൻ (ആസ്ട്രേലിയ) സഖ്യം ബ്രസീലിൽനിന്നുള്ള ഓർല്നാഡോ ലൂസ്- മാർസലോ സോർമൻ സഖ്യത്തെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്ന് രണ്ടാം റൗണ്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.