ടെന്നീസ് ഇതിഹാസം റഫേൽ നദാൽ ഇൻഫോസിസ് ബ്രാൻഡ് അംബാസഡർ
text_fieldsബംഗളൂരു: ഐ.ടി സേവന ദാതാക്കളായ ഇൻഫോസിസിന്‍റെ ബ്രാൻഡ് അംബാസഡറായി ടെന്നീസ് ഇതിഹാസം റഫേൽ നദാൽ. കൂടാതെ, ഇൻഫോസിസിന്‍റെ ഡിജിറ്റൽ ഇന്നൊവേഷൻ പദ്ധതിയുമായി താരവും പരിശീലന സംഘവും സഹകരിക്കും.
ഒരു ഡിജിറ്റൽ സേവന കമ്പനിയുമായി നദാൽ സഹകരിക്കുന്നത് ആദ്യമാണ്. ഇൻഫോസിസും നദാലിന്റെ പരിശീലന സംഘവും നിർമിത ബുദ്ധിയിലടിസ്ഥാനമായ (എ.ഐ) മാച്ച് അനാലിസിസ് ടൂൾ വികസിപ്പിക്കുകയാണെന്ന് ബംഗളൂരു ആസ്ഥാനമായ കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഈ പേഴ്സണലൈസ്ഡ് ടൂൾ നദാലിന്റെ പരിശീലന സംഘത്തിന് കൃത്യസമയത്ത് തന്നെ ലഭ്യമാക്കുമെന്നും ഇതിലൂടെ താരത്തിന് തത്സമയ മത്സരങ്ങൾ സൂക്ഷ്മമായി വിലയിരുത്താനും മുൻ മത്സരങ്ങളിലെ ഡാറ്റകൾ ട്രാക്ക് ചെയ്യാനും കഴിയുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഇൻഫോസിസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നദാൽ പ്രതികരിച്ചു. ആളുകളെ ശോഭനമായ ഭാവിയുടെ ഭാഗമാക്കാനും ശാക്തീകരിക്കാനും ഇൻഫോസിസ് പ്രവർത്തിക്കുന്നു. കമ്പനി അതിന്‍റെ ഡിജിറ്റൽ വൈദഗ്ധ്യം വ്യവസായങ്ങളിലേക്ക് വ്യാപിപ്പിച്ചതിനു സമാനമായി ആഗോള ടെന്നീസിലേക്കും കൊണ്ടുവരുന്നതിനെ താൻ ഇഷ്ടപ്പെടുന്നതായും താരം പ്രതികരിച്ചു.
ലോകത്തിലെ പ്രമുഖ കായിക താരവും മനുഷ്യസ്‌നേഹിയുമായ നദാൽ ഇൻഫോസിസിന്റെ അംബാസഡറായി എത്തുന്നത് അഭിമാനകരമാണെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സലിൽ പരേഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.