എന്റെ അക്കൗണ്ടിലുള്ളത് 900 യൂറോ മാത്രം; അത്ര നല്ല ജീവിതമൊന്നുമല്ല നയിക്കുന്നത് -തുറന്നു പറഞ്ഞ് ടെന്നീസ് താരം സുമിത് നാഗൽ
text_fieldsതന്റെ അക്കൗണ്ടിലുള്ളത് 900 യൂറോ മാത്രമെന്ന് (ഏകദേശം 80,000 രൂപ) തുറന്ന് പറഞ്ഞ് ഇന്ത്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം സുമിത് നാഗൽ. നല്ല ജീവിതം നയിക്കാൻ കഴിയാത്തതിൽ സുമിത്തിന് വിഷമമില്ലാതില്ല. കുറച്ചു വർഷമായി ജർമനിയിലെ നാൻസെൽ ടെന്നീസ് അക്കദമിയിൽ അദ്ദേഹം പരിശീലനം നടത്തുന്നുണ്ട്. എന്നാൽ ഫണ്ടില്ലാത്തതിനാൽ 2023 സീസണിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് പരിശീലനം നടത്താൻ സാധിക്കാൻ കഴിഞ്ഞില്ല. സുഹൃത്തുക്കളായ സോംദേവ് ദേവ് വർമനും ക്രിസ്റ്റഫർ മാർക്വിസും ആണ് ജർമനിയിൽ പരിശീലനത്തിന് പണം കണ്ടെത്താൻ സഹായിച്ചത്. എല്ലാ ടെന്നീസ് കളിക്കാരനും പറയാനുണ്ടാകും ഇത്തരത്തിലൊരു കഥ. എന്നാൽ രാജ്യത്തെ ഒന്നാംനമ്പർ സിംഗിൾസ് കളിക്കാരൻ തനിക്കും കുടുംബത്തിനും വേണ്ടത്ര പണം ലഭിക്കുന്നില്ല എന്ന് പറയുന്നത് കുറച്ചു കൂടി ഗൗരവമായി കാണേണ്ടിയിരിക്കുന്നു.
''ബാങ്ക് ബാലൻസ് നോക്കിയപ്പോൾ എന്റെ പക്കൽ 900 യൂറോയുണ്ട്. എനിക്ക് കുറച്ച് സാമ്പത്തിക സഹായം ലഭിച്ചു. ഐ.ഒ.സി.എല്ലിൽ നിന്ന് പ്രതിമാസശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ വലിയ സ്പോൺസറില്ലാത്ത പ്രശ്നമാണ്.''-നാഗൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നാഗലിന്റെ റാക്കറ്റ്, ഷൂസ്, വസ്ത്രങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ യഥാക്രമം യോനെക്സും എ.എസ്.ഐ.സി.എസും ആണ് നിറവേറ്റുന്നത്.
''കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ ഒന്നാം നമ്പർ കളിക്കാരനായിരുന്നിട്ടും എനിക്ക് പിന്തുണ കുറവാണെന്ന് തോന്നുന്നു. ഗ്രാൻഡ് സ്ലാമുകൾക്ക് യോഗ്യത നേടിയ ഒരേയൊരു കളിക്കാരൻ ഞാനാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒളിമ്പിക്‌സിൽ (ടോക്കിയോ) ഒരു ടെന്നീസ് മത്സരം ജയിച്ച ഒരേയൊരു കളിക്കാരൻ ഞാനാണ്. എന്നിട്ടും സർക്കാർ എന്റെ പേര് ഉയർത്തിക്കാട്ടുന്നില്ല. പരിക്കിനു ശേഷം റാങ്കിങ് ഇടിഞ്ഞപ്പോൾ വലിയ നിരാശ തോന്നി. ആരും എന്നെ സഹായിക്കാൻ ആഗ്രഹിച്ചില്ല. ഞാൻ തിരിച്ചുവരുമെന്ന് ആർക്കും വിശ്വാസമില്ലായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക സഹായം കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്.''-നാഗൽ തുടർന്നു. പഞ്ചാബി ബാഗിലെ പ്രൈമറി സ്കൂൾ അധ്യാപകന്റെ മകനായാണ് നാഗൽ ജനിച്ചത്. കഴിഞ്ഞ വർഷം ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയക്ക് വിധേയനായി. അതോടൊപ്പം രണ്ടുതവണ കോവിഡ് ബാധിക്കുകയും ചെയ്തു. കോർട്ടിലേക്ക് തിരിച്ചുവരാൻ കഴിയുമോ എന്ന് സംശയിച്ച നാളുകളായിരുന്നു അത്. ആറു മാസമെടുത്തു എല്ലാം ഭേദമാകാൻ. കളിക്കളത്തിലിറങ്ങാൻ പിന്നെയും ആറുമാസമെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുക എന്നതല്ല ജീവിതം, എന്നാൽ അടിസ്ഥാനപരമായ കുറെ കാര്യങ്ങളുണ്ട്. ഇന്ത്യൻ സിംഗിൾസ് കളിക്കാർ സാമ്പത്തിക സഹായം മാത്രമല്ല, നല്ലൊരു മാർഗനിർദേശം പോലും ലഭിക്കുന്നില്ലെന്നും ഇദ്ദേഹം പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.