യു.എസ് ഓപണിൽ 18കാരികളായ ലൈല ഫെർണാണ്ടസും എമ്മ റാഡുകാനുവും സെമിയിൽ
text_fieldsവാഷിങ്ടൺ: നിലവിലെ ചാമ്പ്യൻ നവോമി ഒസാകയെയും മുൻ ജേത്രി ആഞ്ചലിക് കെർബറെയും വീഴ്ത്തി അട്ടിമറികളിലൂടെ മുന്നേറി ക്വാർട്ടറിൽകടന്ന കൗമാരതാരം ലൈല ഫെർണാണ്ടസ് ടോക്യോ ഒളിമ്പിക്സ് മെഡലിസ്റ്റും അഞ്ചാം സീഡുമായ എലീന സ്വിറ്റോലിനയെയും മലർത്തിയടിച്ച് യു.എസ് ഓപൺ സെമിയിൽ. തിങ്കളാഴ്ച 18 വയസ്സ് പൂർത്തിയാക്കിയ കാനഡ താരം ഒരു സെറ്റ് വിട്ടുനൽകിയശേഷം മിന്നും പ്രകടനവുമായാണ് മുൻനിര ടൂർണമെൻറിൽ തെൻറ ആദ്യ സെമി പ്രവേശം പൂർത്തിയാക്കിയത്. സ്കോർ 6-3, 3-6, 7-6. ലോക 73ാം റാങ്കുകാരിയാണ് ലൈല.
മറ്റൊരു 18കാരി ബ്രിട്ടെൻറ എമ്മ റാഡുകാനുവും സെമിയിലെത്തി. ലോകറാങ്കിങ്ങിൽ 150ാം സ്ഥാനത്തുള്ള റാഡുകാനു 11ാം സീഡ് ബെലിൻഡ ബെൻസിചിനെയാണ് 6-3, 6-4ന് തോൽപിച്ചത്. ഓപൺ യുഗത്തിൽ യോഗ്യത റൗണ്ട് കളിച്ച് സെമിയിലെത്തുന്ന ആദ്യ താരമാണ് റാഡുകാനു.
എതിരാളിയുടെ കരുത്തും ദൗർബല്യവും തിരിച്ചറിഞ്ഞ് അതിവേഗ റിട്ടേണുകളുമായി തലങ്ങും വിലങ്ങും ഓടിച്ചുള്ള ക്ലാസ് പ്രകടനം ഫ്ലഷിങ് മീഡോസിനെ അക്ഷരാർഥത്തിൽ ആവേശത്തിലാഴ്ത്തി.
ആദ്യ സെറ്റ് അനായാസം പിടിച്ചശേഷം സമാന സ്കോറിന് അടുത്ത സെറ്റ് വിട്ടുനൽകിയതോടെ നിർണായകമായ അവസാന നിമിഷങ്ങളിലാണ് കൗമാരക്കാരി കരുത്തുതെളിയിച്ചത്. 5-2ന് മുന്നിലെത്തിയ ശേഷം സ്വിറ്റോളിന ഒപ്പം പിടിച്ചെങ്കിലും ടൈബ്രേക്കറിൽ കളി ജയിക്കുകയായിരുന്നു. പ്രഫഷനൽ ഫുട്ബാളറായ പിതാവിെൻറ ശിക്ഷണത്തിൽ ടെന്നിസ് കളിച്ചുതുടങ്ങിയ ലൈല ഇത്തവണ യു.എസ് ഓപൺ കിരീടവുമായി മടങ്ങുമോ എന്നാണ് കാണികൾ കാത്തിരിക്കുന്നത്.
രണ്ടാം സീഡ് അറീന സബലേങ്കയാണ് സെമിയിൽ ലൈലയുടെ എതിരാളി. റാഡുകാനു സെമിയിൽ 17ാം സീഡ് മരിയ സക്കാരിയെ നേരിടും. സബലേങ്ക 6-1, 6-4ന് എട്ടാം സീഡ് ബാർബറ ക്രെചിക്കോവയെയും സക്കാരി 6-4, 6-4ന് നാലാം സീഡ് കരോലിന പ്ലിസ്കോവയെയുമാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.