മലേഷ്യ മാസ്റ്റേഴ്സ്: ഫൈനലിൽ പി.വി സിന്ധുവിന് തോൽവി
text_fieldsക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി. ചൈനയുടെ വാങ് ഷിയോട് ഒന്നിനെതിരെ രണ്ടുസെറ്റുകൾക്കാണ് പരാജയപ്പെട്ടത്. സ്കോർ: 21–16, 5-21,16-21.
ടൂർണമെന്റിലെ രണ്ടാം സീഡും ലോക ഏഴാം നമ്പർ താരവുമായ വാങ് ഷിക്കെതിരെ വീരോചിതം പോരാടി ആദ്യ സെറ്റ് നേടിയ ഇന്ത്യക്കാരിക്ക് രണ്ടാം സെറ്റിൽ പിടിച്ചുനിൽക്കാനായില്ല. അഞ്ച് പോയന്റ് മാത്രമാണ് സെറ്റിൽ സിന്ധുവിന് നേടാനായത്. നിർണായകമായ മൂന്നാം സെറ്റ് 21-16ന് ജയിച്ചുകയറി വാങ് ഷി കിരീടവും സ്വന്തമാക്കുകയായിരുന്നു. മത്സരം 79 മിനിറ്റ് നീണ്ടു.
ശനിയാഴ്ച നടന്ന സെമിഫൈനലിൽ തായ്‍ലൻഡിന്റെ ഓങ്ബാംറുങ്ഫാനെ 13-21, 21-16, 21-12ന് തോൽപിച്ചാണ് സിന്ധു ഫൈനലിലേക്ക് ചുവടുവെച്ചത്. ക്വാർട്ടറിൽ ടോപ് സീഡ് ചൈനയുടെ ഹാങ് യുവിനെ തോൽപിച്ചതോടെ കിരീട പ്രതീക്ഷയിലായിരുന്നു. എന്നാൽ, കലാശപ്പോരിൽ അടിതെറ്റുകയായിരുന്നു.
2022ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ശേഷം പരിക്കിനെ തുടർന്ന് ആറ് മാസത്തോളം കളത്തിൽനിന്ന് വിട്ടുനിന്ന സിന്ധുവിന് പിന്നീട് കിരീടം നേടാനായിട്ടില്ല. 2023 ഏപ്രിലിൽ നടന്ന സ്പെയിൻ മാസ്റ്റേഴ്സിന്റെ ഫൈനലിൽ എത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മാർച്ചിൽ നടന്ന മാഡ്രിഡ് മാസ്റ്റേഴ്സിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതായിരുന്നു മലേഷ്യ മാസ്റ്റേഴ്സിന് മുമ്പത്തെ സീസണിലെ മികച്ച പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.