വിജയമോടിയിൽ മമതയില്ലാതെ ബംഗാൾ
text_fieldsസൂറത്ത്: ദേശീയ ഗെയിംസിലെ ആദ്യ ഇനമായ ടേബിൾ ടെന്നിസ് മത്സരങ്ങൾ ശനിയാഴ്ച പൂർത്തിയായപ്പോൾ മെഡൽപ്പട്ടികയിൽ പശ്ചിമ ബംഗാളിന് മേധാവിത്വം. വനിത സിംഗ്ൾസിലും പുരുഷ, വനിത ഡബ്ൾസിലും ബംഗാളാണ് ജേതാക്കൾ. പുരുഷ സിംഗ്ൾസിലും മിക്സഡ് ഡബ്ൾസിലും ആതിഥേയരായ ഗുജറാത്തും സ്വർണം കൈക്കലാക്കി.
നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയാണ് ബംഗാൾ ഓവറോൾ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിന് മൂന്ന് വീതം സ്വർണവും വെള്ളിയും ലഭിച്ചു.
പുരുഷ സിംഗ്ൾസ് ഫൈനലിൽ ഗുജറാത്തിന്റെ ഹർമീത് ദേശായി ഹരിയാനയുടെ സൗമ്യജിത് ഘോഷിനെയാണ് തോൽപിച്ചത്. സ്കോർ: 11-8, 11-4, 11-7, 11-8. വനിതകളിൽ ബംഗാളിന്റെ സുധീർഥ മുഖർജി കോമൺ വെൽത്ത് ഗെയിംസ് സ്വർണ ജേത്രി തെലങ്കാനയുടെ ശ്രീജ അകുലയെ അട്ടിമറിച്ചു. സ്കോർ: 11-8, 11-7, 11-8, 12-14, 11-9.
വനിത ഡബ്ൾസിൽ സുധീർഥ മുഖർജി-ഐഹിക മുഖർജി സഖ്യം കർണാടകയുടെ യശസ്വിനി ഘോർപാഡെ-വി. ഖുഷി ജോടിയെ 11-8, 11-5, 13-11 സ്കോറിൽ വീഴ്ത്തിയാണ് സ്വർണം നേടിയത്. മിക്സഡ് ഡബ്ൾസ് ഫൈനലിൽ ഗുജറാത്തിന്റെ മാനുഷ് ഷാ-കൃത്വിക സിൻഹ റോയ് കൂട്ടുകെട്ട് തെലങ്കാനയുടെ ശ്രീജ അകുലയും എഫ്.ആർ സ്നേഹിതും ചേർന്ന ടീമനെ 11-8, 11-5, 11-6 നും പരാജയപ്പെടുത്തി.
ടോപ് സീഡുകളായ കോമൺ വെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ജി. സത്യനെയും മനിക ബാത്രയെയും യഥാക്രമം ഹർമീതും സുധീർഥയും പുരുഷ, വനിത സിംഗ്ൾസ് സെമി ഫൈനൽ മത്സരങ്ങളിൽ തോൽപിച്ചിരുന്നു. കോമൺ വെൽത്ത് ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടിയ ശരത് കമൽ പുറംവേദന കാരണം പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.