ദ്യോകോ ആസ്ട്രേലിയയിൽ 'തടവിൽ'; നാടുകടത്തുമോ?
text_fieldsസിഡ്നി: ആസ്ട്രേലിയൻ ഓപണിൽ ലോകം കാതോർക്കുന്ന 10ാം കിരീടം നെഞ്ചോടുചേർക്കാൻ വിമാനം കയറിയെത്തിയ ലോക ഒന്നാം നമ്പർ താരം ആസ്ട്രേലിയയിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ അടയ്ക്കപ്പെട്ടതിൽ ഞെട്ടൽ.
ടെന്നിസ് ആസ്ട്രേലിയ നൽകിയ ഉറപ്പിന്മേൽ എത്തിയിട്ടും കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന് മെഡിക്കൽ രേഖകളില്ലെന്ന കാരണം നിരത്തിയാണ് നാടുകടത്താനുള്ളവർക്കായുള്ള കേന്ദ്രത്തിലേക്കു മാറ്റിയത്. ആസ്ട്രേലിയൻ അതിർത്തിസേനയാണ് വിസ റദ്ദാക്കി നാടുകടത്താൻ തീരുമാനമെടുത്തത്. ഇതിനെതിരെ നൽകിയ അപ്പീൽ അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. അതുവരെയും തടവിൽ തുടരണം.
സെർബിയയും ആസ്ട്രേലിയയും തമ്മിൽ നയതന്ത്രയുദ്ധത്തിലേക്ക് വിഷയം മാറിയത് പുതിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവിൽ പരിശീലനം മുടങ്ങി ഒറ്റപ്പെട്ട മുറിയിൽ കഴിയുന്നത് ആസ്ട്രേലിയൻ ഓപൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരത്തിന്റെ പ്രകടനമികവിനെയും ബാധിക്കും. ദ്യോകോയുടെ മതപരമായ ആഘോഷദിനവും ഇതിനിടെ ഒറ്റക്ക് ഹോട്ടൽമുറിയിൽ കഴിച്ചുകൂട്ടേണ്ടിവന്നു.
ബന്ദിയാക്കിയത് ചരിത്രപ്പിറവിയെ?
ദ്യോകോ ഒമ്പതു തവണ മുമ്പ് മാറോടുചേർത്തതാണ് ആസ്ട്രേലിയൻ ഓപൺ. കാത്തിരിക്കുന്നത് 10ാം കിരീടം. ഇതുവഴി ടെന്നിസ് ഇതിഹാസങ്ങളായ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരെ കടന്ന് 21ാം ഗ്രാന്റ്സ്ലാം കിരീടവും പുതുചരിത്രത്തിന്റെ പിറവിയും.
എന്തിനു 'തടവുശിക്ഷ'
ആസ്ട്രേലിയൻ ഓപണിലെ താരസാന്നിധ്യമായതിനാൽ ദ്യോകോക്ക് എങ്ങനെയും പ്രവേശനം ഉറപ്പാക്കലായിരുന്നു ടെന്നിസ് ആസ്ട്രേലിയയുടെ പരിഗണന. വാക്സിൻ വിരുദ്ധനായ താരം ഒരു തവണപോലും എടുത്തില്ലെന്നതിനാൽ താൽക്കാലിക ഇളവ് സംഘാടകർ തരപ്പെടുത്തി. സംഘാടകർ വെച്ച രണ്ടു സ്വതന്ത്ര മെഡിക്കൽ പാനലുകളാണ് ഇളവ് അനുവദിച്ചത്.
കളിക്ക് പക്ഷേ, രാജ്യത്തിറങ്ങാനുള്ള അനുമതിയാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. മെൽബൺ വിമാനത്താവളത്തിൽ ഇറങ്ങിയതും ദ്യോകോയെ ഉദ്യോഗസ്ഥർ പൊക്കി. നാടുകടത്താനായിരുന്നു ആദ്യ തീരുമാനം. കടുത്ത സമ്മർദങ്ങളിൽ തൽക്കാലം അത് ഒഴിവാക്കി 'തടവറ'യിലേക്കു മാറ്റി. ഇനി തിങ്കളാഴ്ച വരെ കാത്തിരിപ്പ്.
'തടവിലല്ല; ഏതു നിമിഷവും രാജ്യം വിടാം' -ആസ്ട്രേലിയ
രാജ്യത്ത് ദ്യോകോയെ തടവിലാക്കിയെന്നത് ശരിയല്ലെന്ന് ആസ്ട്രേലിയൻ ആഭ്യന്തരമന്ത്രി കരെൺ ആൻഡ്രൂസ്. മെൽബൺ കാൾട്ടണിലെ പാർക് ഹോട്ടലിൽ കഴിയുന്ന 34കാരന് ഏതു സമയത്തും തിരികെ നാട്ടിലേക്കു വിമാനം കയറാൻ അനുമതിയുണ്ട്. അനധികൃത കുടിയേറ്റക്കാരോട് മാന്യമായാണ് രാജ്യം പെരുമാറുന്നതെന്നും പ്രവേശനത്തിന് വിസ നൽകിയതുകൊണ്ടു മാത്രം രാജ്യത്ത് പ്രവേശിക്കാനാവില്ലെന്നും കരെൺ ആൻഡ്രൂസ് പറഞ്ഞു.
നയതന്ത്ര യുദ്ധം
ജനുവരി നാലിന് 'പ്രത്യേക അനുമതി'യുമായി വിമാനം കയറുകയാണെന്ന് ദ്യോകോ അറിയിച്ചതും ഓസീസ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇതിനെതിരെ രംഗത്തുവന്നിരുന്നു. അടുത്ത വിമാനത്തിൽ തിരിക്കേണ്ടിവരുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി അഞ്ചിന് രാത്രി 11.30ന് മെൽബണിൽ ഇറങ്ങിയ താരത്തെ തടവിലാക്കിയതായി പിതാവ് പുലർച്ചെ 3.15ന് അറിയിച്ചു.
സംഭവത്തിൽ നടുക്കമറിയിച്ച് കുടുംബവും പിന്നാലെ സെർബിയ മൊത്തത്തിലും എത്തിയതോടെ പ്രശ്നം ഗുരുതരമായി. എന്നാലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് മോറിസൺ. കോവിഡ് തരംഗം വീണ്ടുമെത്തിയ രാജ്യത്ത് അടുത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കടന്നുകിട്ടാനുള്ള ഉപായമാണിതെന്ന വിമർശനം ഉയർത്തുന്നവരും ഏറെ. ഒറ്റക്ക് കഴിയുന്ന ഹോട്ടലിനു പുറത്തും മറ്റിടങ്ങളിലും നടപടിക്കെതിരെ പ്രതിഷേധവുമായി ആരാധകർ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.