ഒന്നാം നമ്പറില്ലാതെ ആസ്ട്രേലിയൻ ഓപ്പൺ; ദ്യോകോവിച്ചിനെ വാക്സിനെടുക്കാത്തതിന് നാടുകടത്തി
text_fieldsസിഡ്നി: മെൽബണിൽ 10ാം ഗ്രാൻഡ്സ്ലാം കിരീടം മനോഹരമായ നടക്കാത്ത സ്വപ്നമായി അവശേഷിപ്പിച്ച് ലോക ഒന്നാം നമ്പർ താരത്തിന് മടക്കം. വിസ റദ്ദാക്കിയതിനെതിരെ നൽകിയ അപ്പീൽ ഫെഡറൽ കോടതി മൂന്നംഗ ബെഞ്ച് ഐകകണ്ഠ്യേന തള്ളിയതോടെയാണ് ദ്യോകോവിച്ചിനെ നാടുകടത്തുന്നത്. മെൽബണിൽ അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ തടവിൽ കഴിഞ്ഞ താരത്തിന് ഇനി മൂന്നു വർഷത്തേക്ക് ആസ്ട്രേലിയയിൽ കാലുകുത്താനാകില്ല. പ്രാദേശിക സമയം രാത്രി 10.30ഓടെ എമിറേറ്റ്സ് വിമാനത്തിൽ ദ്യോകോ രാജ്യംവിട്ടു.
ടെന്നിസ് ആസ്ട്രേലിയ സംഘടിപ്പിച്ച വിസയിൽ ജനുവരി അഞ്ചിനാണ് താരം മെൽബണിൽ എത്തിയിരുന്നത്. വിമാനം കയറിയ ഉടൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അനധികൃതമായാണ് ദ്യോകോ എത്തിയതെങ്കിൽ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതുപ്രകാരം വിമാനമിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്ത് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റി. നടപടിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച കോടതി വിസ പുനഃസ്ഥാപിച്ചു.
എന്നാൽ, കുടിയേറ്റ മന്ത്രി അലക്സ് ഹോക്ക് തന്റെ സവിശേഷ അധികാരമുപയോഗിച്ച് ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും വിസ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയും കോടതിയിലെത്തിയെങ്കിലും കോടതി കനിഞ്ഞില്ല. മൂന്നു വർഷ വിലക്കുള്ളതിനാൽ 34കാരന് ഇനി ആസ്ട്രേലിയൻ മണ്ണിൽ കളിക്കാനാകുമോ എന്നാണ് സംശയം. വിസ റദ്ദാക്കാനുള്ള നിയമസാധുത മാത്രമാണ് പരിഗണിച്ചതെന്നും മന്ത്രിയുടെ തീരുമാനത്തിന്റെ ശരിതെറ്റുകൾ ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നും വിധി പ്രസ്താവിച്ച് ചീഫ് ജസ്റ്റിസ് ജെയിംസ് ആൾസപ് പറഞ്ഞു. ആസ്ട്രേലിയൻ ഓപണിൽനിന്ന് പുറത്തായതോടെ പകരക്കാരനായി ഇറ്റാലിയൻ താരം സാൽവദോർ കാരുസോക്ക് നറുക്ക് ലഭിച്ചു.
ചാമ്പ്യൻ കളിക്കുന്ന സെന്റർ കോർട്ടിൽ അലക്സാണ്ടർ സ്വരേവിനും അവസരം ലഭിക്കും. തെരഞ്ഞെടുപ്പ് അടുത്ത ആസ്ട്രേലിയയിൽ വിസ നൽകി രാജ്യത്തെത്തിച്ച് ലോക ഒന്നാം നമ്പർ താരത്തെ നാടുകടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വിസ അനുവദിക്കുംമുമ്പ് പൂർത്തിയാക്കേണ്ട നടപടികൾ മറന്ന് താരം രാജ്യത്തെത്തിയശേഷം ക്രൂരമായി തടവിലാക്കുകയും രാഷ്ട്രീയക്കളിക്ക് ഇരയാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.