വാക്സിൻ വിരുദ്ധനല്ല, എന്നാൽ വാക്സിനെടുക്കാൻ നിർബന്ധിച്ചാൽ ടൂർണമെന്‍റുകൾ നഷ്ടപ്പെടുത്താനും മടിയില്ല -ദ്യോകോവിച്ച്
text_fieldsതാൻ വാക്സിൻ വിരുദ്ധനല്ലെന്നും എന്നാൽ വാക്സിൻ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരാളുടെ അവകാശത്തെ പിന്തുണക്കുകയാണെന്നും സെർബിയയുടെ ലോക ഒന്നാംനമ്പർ ടെന്നീസ് താരം നൊവാക് ദ്യോകോവിച്ച്. വാക്സിനെടുക്കണമെന്ന് തന്നെ നിർബന്ധിക്കുകയാണെങ്കിൽ വരാനിരിക്കുന്ന ടൂർണമെന്‍റുകൾ നഷ്ടപ്പെടുത്താനും മടിയില്ലെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ദ്യോകോവിച്ച് പറഞ്ഞു. വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ എത്തിയതിനെ തുടർന്ന് ആസ്ട്രേലിയൻ അധികൃതർ ദ്യോകോവിച്ചിനെ രാജ്യത്തുനിന്ന് പറഞ്ഞുവിട്ടിരുന്നു.
ഞാൻ വാക്‌സിനേഷന് എതിരല്ല. കുട്ടിക്കാലത്ത് ഞാൻ വാക്‌സിൻ എടുക്കാറുണ്ടായിരുന്നു. എന്നാൽ എന്‍റെ ശരീരത്തിൽ എന്ത് കുത്തിവെക്കണം എന്ന് തീരുമാനമെടുക്കേണ്ടത് ഞാനാണ്. ആ അവകാശത്തെ വകവച്ചു നൽകാൻ തയാറാവണം -ദ്യോകോവിച്ച് പറഞ്ഞു.
വാക്‌സിൻ നിർബന്ധമാക്കിയാൽ ഫ്രഞ്ച് ഓപ്പണും വിംബിൾഡണും നഷ്ടമാവുമോ എന്ന ചോദ്യത്തിന് ജോക്കോവിച്ചിന്‍റെ മറുപടി ഇതായിരുന്നു - 'വാക്‌സിൻ എടുക്കാത്തതിന്‍റെ പേരിൽ എത്ര ടൂർണമെന്‍റുകൾ നഷ്ടമായാലും ആ വില നൽകാൻ ഞാൻ തയ്യാറാണ്'.
നല്ല ആരോഗ്യം, പോഷകാഹാരം തുടങ്ങിയവയിലെല്ലാം ഒരു കുട്ടിയെപ്പോലെ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള മനസ്സോടെയാണ് ഞാൻ. കായികതാരം എന്ന നിലയിൽ ഭക്ഷണക്രമവും ഉറക്ക രീതികളും മാറ്റുന്നത് പോലുള്ള ഘടകങ്ങൾ ചെലുത്തിയ നല്ല സ്വാധീനം എന്‍റെ തീരുമാനത്തെ ഭാഗികമായി സ്വാധീനിച്ചിട്ടുണ്ട്. ഭാവിയിൽ വാക്സിൻ സ്വീകരിക്കുമോയെന്ന കാര്യത്തിൽ എന്‍റേത് തുറന്ന മനസാണ്. കാരണം, നമ്മളെല്ലാവരും കൂട്ടായി ശ്രമിക്കുന്നത് കോവിഡിന് ഒരു പരിഹാരം കാണാനാണ്. ഞാൻ ഒരിക്കലും വാക്സിനേഷന് എതിരല്ല. വൈറസിനെ നിയന്ത്രണത്തിലാക്കാൻ ആഗോളതലത്തിൽ തന്നെ വലിയ പരിശ്രമം നടക്കുകയാണെന്നത് ഞാൻ മനസിലാക്കുന്നു -ദ്യോകോവിച്ച് പറഞ്ഞു.
ടെന്നിസ് ആസ്ട്രേലിയ സംഘടിപ്പിച്ച വിസയിൽ ജനുവരി അഞ്ചിനാണ് താരം ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി മെൽബണിൽ എത്തിയിരുന്നത്. വിമാനം കയറിയ ഉടൻ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അനധികൃതമായാണ് ദ്യോകോ എത്തിയതെങ്കിൽ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതുപ്രകാരം വിമാനമിറങ്ങിയ ഉടൻ അറസ്റ്റ് ചെയ്ത് അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റി. നടപടിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച കോടതി വിസ പുനഃസ്ഥാപിച്ചു.
എന്നാൽ, കുടിയേറ്റ മന്ത്രി അലക്സ് ഹോക്ക് തന്റെ സവിശേഷ അധികാരമുപയോഗിച്ച് ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും വിസ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയും കോടതിയിലെത്തിയെങ്കിലും കോടതി കനിഞ്ഞില്ല. വിസ റദ്ദാക്കിയതിനെതിരെ നൽകിയ അപ്പീൽ ഫെഡറൽ കോടതി മൂന്നംഗ ബെഞ്ച് ഐകകണ്ഠ്യേന തള്ളിയതോടെ ദ്യോകോവിച്ചിനെ നാടുകടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.