ഒന്നാം നമ്പറിന്റെ ഇതിഹാസം
text_fieldsദുബൈ: നിശ്ശബ്ദതയുടെ ടെന്നിസ് ഗാലറിയിൽനിന്ന് ‘ഒന്നാം നമ്പർ’ എന്ന ആരവം ഉച്ചത്തിൽ ഉയർന്നു കേട്ടുകൊണ്ടേയിരുന്നു. പതിവിന് വിപരീതമായി ഗാലറിയുടെ അങ്ങിങ്ങോളം ഒന്നാം നമ്പറിന്റെ പേരിൽ പ്ലക്കാർഡുകളും ബോർഡുകളും ഉയർന്നു. ടെന്നിസ് ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലിലേക്ക് റാക്കറ്റേന്തിയ നൊവാക് ദ്യോകോവിച്ചിന്റെ ഇതിഹാസാരോഹണമായിരുന്നു അത്. ലോക ടെന്നിസിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പറായി തുടർന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡ് മറികടന്ന രാത്രിയിൽ ദുബൈയിലെ ഗാലറി ദ്യോകോവിച്ചിന് ആദരമർപ്പിച്ചത് ഇങ്ങനെയെല്ലാമാണ്. 378 ആഴ്ചകൾക്ക് മുമ്പ് ഒന്നാം നമ്പറിലേക്കെത്തിയ ദ്യോകോ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന സന്ദേശം നൽകിയാണ് മത്സരം അവസാനിപ്പിച്ചത്. മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ ‘എന്റെ കരിയറിലെ ഏറ്റവും മികച്ച കളിക്കായി കാത്തിരിക്കുകയാണ്’ എന്ന ദ്യോകോയുടെ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.
ചരിത്ര രാവിൽ ലോക 130ാം നമ്പറുകാരൻ തോമസ് മച്ചാക്കായിരുന്നു എതിരാളി. കാലിന്റെ പരിക്കിൽനിന്ന് പൂർണമായും മുക്തനാകുന്നതിനുമുമ്പേ കളത്തിലിറങ്ങിയ സെർബിയൻ താരം ടൈബ്രേക്കറിലാണ് ജയിച്ചുകയറിയത്. ഒന്നാം നമ്പറും 130ാം നമ്പറും തമ്മിലുള്ള വ്യത്യാസം ആത്മവിശ്വാസവും ഫിറ്റ്നസും പൊരുതാനുള്ള മനസ്സും വീഴില്ലെന്ന നിശ്ചയവുമാണെന്ന് എഴുതിവെച്ചാണ് ടൈബ്രേക്കറിൽ 35 വയസ്സുകാരൻ ജയിച്ചത് (സ്കോർ: 6-3, 3-6, 7-6). 22ാം വയസ്സിൽ മികച്ച പ്രകടനം പുറത്തെടുത്ത മച്ചാക്കിനെ മനസ്സറിഞ്ഞ് അഭിനന്ദിക്കാനും അദ്ദേഹം മടികാണിച്ചില്ല.
2011 ജൂലൈ നാലിന് ലോക ടെന്നിസിന്റെ ഒന്നാം നമ്പർ കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ചതാണ്. റോജർ ഫെഡററും റാഫേൽ നദാലും അരങ്ങുവാഴുന്ന കാലത്താണ് ഒരു 23കാരൻ ഒന്നാം നമ്പറിലേക്ക് റാക്കറ്റേന്തിയത്. പതിനൊന്നര കൊല്ലത്തിനിപ്പുറവും ആ കസേരയിൽനിന്ന് ഇറങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ, മത്സരശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദ്യോകോയുടെ മറുപടി ഇതായിരുന്നു ‘‘ഒന്നാം നമ്പർ എന്നത് എന്റെ വിഷയമേയല്ല. ഇത്രയും കാലം ഒന്നാം നമ്പറിൽ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഏറിവന്നാൽ ഏഴു വർഷം. അതിനപ്പുറം പ്രതീക്ഷിച്ചില്ല.
പക്ഷേ, ഈ നേട്ടത്തിൽ സന്തോഷവാനാണ്. ഈ ദിനം വളരെയേറെ പ്രത്യേകതയുള്ളതാണ്. കായിക ചരിത്രത്തിലെ ഏറ്റവും മികച്ച പേരിൽ ഒരാളാവാൻ കഴിഞ്ഞത് സന്തോഷകരമാണ്. സെർബിയയിലെ കുട്ടിക്കാലത്ത് ഞാൻ കണ്ട രണ്ട് സ്വപ്നങ്ങളിലൊന്നാണ് നമ്പർ വൺ ആകുക എന്നത്. മറ്റൊന്ന് വിംബിൾഡണായിരുന്നു. ഈ സ്വപ്നങ്ങൾ പലതവണ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷവും പഴയ നിലവാരത്തിൽ കളിക്കാൻ കഴിയുക എന്നത് ഭാഗ്യമാണ്’’-താരം പറഞ്ഞു. 378 എന്ന് വലിയ രൂപത്തിൽ തയാറാക്കിയ ബോർഡിന് മുമ്പിൽ നിർത്തി ദ്യോകോവിച്ചിന് ആദരമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.