ദ്യോകോവിച് ടോക്യോ ഒളിമ്പിക്സിന്; കലണ്ടർ ഗോൾഡൻ സ്ലാം ലക്ഷ്യം
text_fieldsടോക്യേ: ഇതിഹാസ താരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിൻമാറിയെങ്കിലും ടെന്നിസ് ആരാധകർ നിരാശപ്പെടേണ്ടതില്ല. ലോക ഒന്നാം നമ്പർ താരമായ നൊവാക് ദ്യോകോവിച് താൻ ടോക്യോയിൽ റാക്കറ്റേന്തുന്നതായി പ്രഖ്യാപിച്ചു. ടോക്യോയിൽ സ്വർണം നേടി കലണ്ടർ ഗോൾഡൻ സ്ലാം നേടുന്ന ആദ്യ പുരുഷ താരമാകാനാണ് ദ്യോകോയുടെ ലക്ഷ്യം.
'ടോക്യോക്കുള്ള വിമാന ടിക്കറ്റ് ഞാൻ ബുക്ക് ചെയ്ത് കഴിഞ്ഞു. അഭിമാനത്തോടെ ഞാൻ ഒളിമ്പിക്സിനുള്ള സെർബിയൻ ടീമിനൊപ്പം ചേരും'-ദ്യോകോ ട്വീറ്റ് ചെയ്തു. 'എന്നെ സംബന്ധിച്ചിടത്തോളം സെർബിയക്കായി കളിക്കുന്നത് എപ്പോഴും ഒരു പ്രത്യേക സന്തോഷവും പ്രചോദനവും നൽകുമായിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. നമുക്ക് പോകാം' -സെർബിയൻ താരം പിന്നീട് മാതൃഭാഷയിൽ ട്വീറ്റ് ചെയ്തു.
34കാരൻ ഈ വർഷം ആസ്ട്രേലിയൻ ഓപൺ, ഫ്രഞ്ച് ഓപൺ, വിംബിൾഡൺ എന്നിവ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക് സ്വർണമെഡൽ നേടിയ ശേഷം യു.എസ് ഓപൺ കൂടി നേടാനായാൽ ഗോൾഡൻ ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ കളിക്കാരനാകാൻ ദ്യോകോക്കാകും. 1988ൽ സോളിൽ ഒളിമ്പിക് സ്വർണമെഡലും നാല് മേജർ കിരീടങ്ങളും സ്വന്തമാക്കിയ സ്റ്റെഫി ഗ്രാഫാണ് നേട്ടം കൈവരിച്ച ആദ്യ ടെന്നിസ് താരം.
സെറീന വില്യംസ്, റാഫേൽ നദാൽ, ആന്ദ്രേ അഗാസി എന്നിവർ കരിയർ ഗോൾഡൻ സ്ലാം സ്വന്തമാക്കിയിട്ടുണ്ട്. ടോപ് ത്രീയിൽ ഫെഡററും നദാലും പിൻമാറിയതോടെ ഒളിമ്പിക് സ്വർണത്തിലേക്കുള്ള ദ്യോകോയുടെ പ്രയാണം കൂടുതൽ എളുപ്പമായിട്ടുണ്ട്.
2008 ബെയ്ജിങ് ഒളിമ്പിക്സിൽ ദ്യോകോവിച് വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. സെമിയിൽ നദാലായിരുന്നു അന്ന് ദ്യോകോവിചിനെ തോൽപിച്ചത്. യു.എസിന്‍റെ ജെയിംസ് ബ്ലേക്കിനെ തോൽപിച്ചാണ് വെങ്കലം കഴുത്തിലണിഞ്ഞത്. 2012ൽ ലണ്ടനിൽ വെച്ച് സെർബിയൻ സംഘത്തെ നയിച്ചെങ്കിലും സെമിയിൽ ആൻഡി മറെയോട് തോറ്റു. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടരതതിൽ യുവാൻ മാർട്ടിൻ ഡെൽപോർട്ടോയോടും അടിയറവ് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം റിയോയിൽ ദ്യോകോയെ ആദ്യ റൗണ്ടി്യൽ മടക്കിയതും ഡെൽപോർട്ടോ ആയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇറ്റലിയുടെ മാറ്റിയോ ബെരെറ്റിനിയെ തോൽപിച്ചാണ് ദ്യോകോവിച് കരിയറിലെ 20ാം ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയിരുന്നത്. ജൂലൈ 23 മുതലാണ് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ ഒളിമ്പിക്സിന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കാണികളില്ലാതെയാണ് മത്സരങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.