''ഇത് ടെന്നീസ് കണ്ട ക്ലാസിക് പോര്''- റൊളാങ് ഗാരോയിൽ നദാലിനെ വീഴ്ത്തിയ ദ്യോകോയെ ആഘോഷിച്ച് കായിക ലോകം
text_fieldsപാരിസ്: എട്ടുമാസത്തിനിടെ ഒരിക്കലൂടെ റൊളാങ് ഗാരോ കളിമൺ കോർട്ടിന്‍റെ മായികതയിലേക്ക് ലോക ഒന്നാം നമ്പർ താരത്തെ കൈകൊടുത്ത് സ്വീകരിക്കുേമ്പാൾ സ്പെയിനുകാരന് വലിയ ആധികളുണ്ടായിരുന്നോ ആവോ.. എതിരാളിയെ നിലംതൊടീക്കാതെ അഞ്ചു പോയിന്‍റ് തുടർച്ചയായി അടിച്ചെടുത്ത് ആദ്യ സെറ്റിൽ വരവറിയിക്കുകയും ചെയ്തതായിരുന്നു. പക്ഷേ, ഇതെത്ര കണ്ടതാ എന്ന മട്ടിലായിരുന്നു ദ്യോകോ. അഞ്ചു പോയിന്‍റ് വിട്ടുനൽകിയ അതേ ലാഘവത്തിൽ അതിവേഗം മൂന്നു പോയിന്‍റ് തിരിച്ചുപിടിച്ച ശേഷം ആദ്യ സെറ്റ് വിട്ടുനൽകിയ താരം പിന്നീട് നടത്തിയത് മാന്ത്രിക കഥകളിൽ കേട്ടു പരിചയിച്ച പ്രകടനം.
കോവിഡിൽ തളർന്നുകിടക്കുന്ന കളിമുറ്റത്ത് തീ പകർന്ന ഇതിഹാസ താരങ്ങൾ ഒന്നിനൊന്ന് മികവിന്‍റെ പുസ്തകങ്ങളായി പുലർത്തിയായിരുന്നു റാക്കറ്റേന്തിയത്. അസാധ്യമായ റിേട്ടണുകളും ഡ്രോപുകളുമായി നദാലും ഒന്നിലും വീഴാനില്ലെന്ന ആവേശവുമായി ദ്യോകോയും മൈതാനത്തു ജ്വലിച്ചുനിന്നപ്പോൾ മൈതാനത്തും ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലും വാ പിളർന്ന് കാണികൾ ദൃശ്യവിരുന്ന് ആസ്വദിച്ചിരുന്നു. നദാൽ എതിരാളിയായിട്ടും ജയിച്ച മത്സരം റൊളാങ് ഗാരോയിൽ തന്‍റെ ഏറ്റവും മികച്ച കളിയാണെന്നും കരിയറിലെ മികച്ച മൂന്നിലൊന്നാണെന്നുമായിരുന്നു ദ്യോകോയുടെ പ്രതികരണം.
ഫ്രഞ്ച് ഓപണിൽ വീഴ്ത്താനാകാത്ത അർമഡയാണ് എക്കാലത്തും നദാൽ. ഇവിടെ മാത്രം സ്വന്തമാക്കിയത് 13 കിരീടങ്ങൾ. വെള്ളിയാഴ്ചയും അതേ മാസ്മരിക തുടക്കത്തിനാണ് മൈതാനം സാക്ഷിയായത്. പക്ഷേ, പിന്നീട് എല്ലാം ദ്യോകോ പിടിച്ചു. പലവട്ടം പിന്നിലായിട്ടും മനോഹരമായി തിരികെയെത്തി. സ്പ്രിന്ററുടെ വേഗവുമായി േഡ്രാപുകൾ കോർട്ട് കടത്തി. അതിവേഗം സ്മാഷുകൾ പായിച്ചു. എതിരാളിയെ ഇരുവശത്തേക്കും ഓടിച്ചുതളർത്തി. അവസാനം രാജാവിനെ പോലെ ജയവുമായി മടങ്ങി. നദാലിനെതിരെ കരിയറിലെ മൂന്നാം ജയം. സ്പാനിഷ് താരത്തിനാകട്ടെ, റൊളാങ് ഗാരോയിൽ 106 കളികളിൽ മൂന്നാമത്തെ തോൽവിയും.
ഇതേ മൈതാനത്ത് ആദ്യ നാലുകളികളിലും ആദ്യ സെറ്റ് വിട്ടുനൽകിയ ശേഷമായിരുന്നു ദ്യോകോവിച്ച് ജയിച്ചുകയറിയത് എന്നതുകൂടി ചേർത്തുവായിക്കണം. ഇനി കലാശപ്പോരിൽ സിറ്റ്സിപ്പാസിനെതിരെ ജയിക്കാനായാൽ 19ാം ഗ്രാന്റ്സ്ലാം കിരീടം.
കളി കണ്ട കായിക ലോകം മുഴുവൻ ദ്യോകോ മാജികിന് കൈയടിക്കുന്നതും പിന്നീട് കണ്ടു. ഇത് ടെന്നിസ് മാത്രമല്ലെന്നും കളിയഴകിന്‍റെ അത്യൂനന്നതികൾ അടയാളപ്പെടുത്തലാണെന്നുമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിന്‍റെ പ്രതികരണം. ഒരു സെറ്റ് മുന്നിൽനിന്നിട്ടും നദാൽ റൊളാങ് ഗാരോയിൽ നദാൽ തോൽവിയറിഞ്ഞെങ്കിൽ വല്ലാത്ത കാലമായിപ്പോയെന്ന് വാഷിങ്ടൺ സുന്ദർ പറയുന്നു. അമാനുഷിക അധ്വാനെമടുത്ത് ഓരോ പോയിന്‍റും സ്വന്തമാക്കിയ ദ്യോകോക്ക് 100 മാർക്ക് നൽകുന്നുവെന്നും താരം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.