യു.എസ് ഓപൺ ഫൈനൽ: പോയിന്‍റ് നഷ്ടപ്പെട്ട ദേഷ്യം റാക്കറ്റിനോട് തീർത്ത് ദ്യോകോവിച്- VIDEO
text_fieldsന്യയോർക്ക്: ഞായറാഴ്ച ലോക പുരുഷ ടെന്നിസിലെ ഒന്നാം നമ്പർ താരമായ നൊവാക് ദ്യോകോവിചിന്‍റെ ദിവസമായിരുന്നില്ല. യു.എസ് ഓപൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് താരം അടിയറവ് പറഞ്ഞത്.
ഫൈനലിന്‍റെ രണ്ടാം സെറ്റിനിടെ നാലാം ഗെയിമിൽ പോയിന്‍റ് നഷ്ടമായ നിരാശയിൽ താരം റാക്കറ്റ് കോർട്ടിൽ അടിച്ച് പൊട്ടിച്ചു. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ താരെമന്ന റെക്കോഡിനൊപ്പം ദ്യോകോയുടെ കലണ്ടർ സ്ലാം സ്വപ്നങ്ങൾ കൂടിയാണ് ആർതർ ആഷെ സ്റ്റേഡിയത്തിൽ തവിടുപൊടിയായത്. മത്സരം കൈവിട്ടുപോകുമെന്ന നിരാശയായിരുന്നു ദ്യോകോയുടെ പ്രവർത്തിക്ക് പിന്നിൽ. വിഡിയോ കാണാം:
2019 യു.എസ് ഒപൺ റണ്ണറപ്പായ മെദ്വദേവിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടമാണിത്. മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലിലാണ് റഷ്യൻ താരം ആദ്യ കിരീടം ചൂടിയത്. 21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ താരം യു.എസ് ഓപ്പൺ ജേതാവാകുന്നത്. യെവ്ഗനി കാഫൽനികോവിനും (1996-ഫ്രഞ്ച് ഓപൺ, 1999-ആസ്ട്രേലിയൻ ഓപൺ) മാരറ്റ് സഫിനും (2000- യു.എസ് ഓപൺ, 2005-ആസ്ട്രേലിയൻ ഓപൺ) ശേഷം ഗ്രാൻഡ്സ്ലാം കിരീടം ചൂടുന്ന മൂന്നാമത്തെ റഷ്യൻ പുരുഷ താരമാണ് മെദ്വദേവ്. ദ്യോകോവിചിന് റെക്കോഡ് നേട്ടം സ്വന്തമാക്കുന്നതിന് തടയിട്ടതിന് മത്സരശേഷം മെദ്വദേവ് താരത്തിന്‍റെ ആരാധകരോട് ക്ഷമചോദിച്ചു.
52 വർഷങ്ങൾക്ക് മുമ്പ് റോഡ് ലാവറാണ് യു.എസ് ഓപൺ, ഫ്രഞ്ച് ഓപൺ, ആസ്ട്രേലിയൻ ഓപൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കി കലണ്ടർ സ്ലാം തികച്ച അവസാന താരം. ദ്യോകോ റെക്കോഡ് എഴുതുന്നത് കാണാനായല 23,000ത്തോളം വരുന്ന കാണികളുടെ കൂടെ ലേവറും സന്നിഹിതനായിരുന്നു. ഇത് മൂന്നാം തവണയാണ് ദ്യോകോ യു.എസ് ഓപൺ ഫൈനലിൽ തോൽക്കുന്നത്. ഡോൺ ബഡ്ജ് (1938) ആണ് കലണ്ടർ സ്ലാം നേടിയ ആദ്യ പുരുഷ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.