വാക്സിനെടുത്തില്ല; ദ്യോകോവിച്ചിന് വിസ നിഷേധിച്ച് ആസ്ട്രേലിയ
text_fieldsമെൽബൺ: വാക്സിനെടുക്കാതെ ആസ്ട്രേലിയൻ ഓപണിൽ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നൊവാക് ദ്യോകോവിച്ചിന് ആസ്ട്രേലിയ വിസ നിഷേധിച്ചു. മെൽബണിലെത്തിയ താരത്തെ വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഇന്ന് തന്നെ താരത്തെ തിരിച്ചയച്ചേക്കും.
വാക്സിൻ ഡോസുകൾ മുഴുവൻ എടുത്തില്ലെങ്കിലും ടൂർണ്ണമെന്‍റിൽ പങ്കെടുക്കാൻ ആസ്ട്രേലിയൻ ഓപൺ അധികൃതർ ഇളവ് നൽകിയെന്ന് സമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചായിരുന്നു താരം വിമാനം കയറിയത്. എന്നാൽ മെൽബണിലെത്തിയപ്പോൾ പ്രവേശനം നിഷേധിക്കപ്പെട്ടു. കോവിഡ് മഹാമാരിയുടെ പ്രാരംഭ ഘട്ടം മുതൽ കർശന നിയന്ത്രണങ്ങൾ പാലിച്ചു പോരുന്ന രാജ്യമാണ് ആസ്ട്രേലിയ.
അതേസമയം, ദ്യോകോവിച്ചിന് മെഡിക്കൽ ഇളവ് അനുവദിച്ച ആസ്ട്രേലിയൻ ഓപൺ അധികൃതർ ഇന്ത്യയുടെ 17കാരനായ കൗമാര താരം അമൻ ദാഹിയക്ക് ഇതേ കാരണംപറഞ്ഞ് പ്രവേശനം നിഷേധിച്ചതും വിവാദമായിരുന്നു. ഇന്ത്യയിൽ കൗമാരക്കാർക്ക് വാക്സിൻ കഴിഞ്ഞ ദിവസമാണ് നൽകിത്തുടങ്ങിയത്. പുറംരാജ്യങ്ങളിലെത്തി വാക്സിനെടുക്കാൻ ശ്രമം നടത്തിയെങ്കിലും സാമ്പത്തിക പ്രയാസം കുരുക്കാവുകയായിരുന്നു. ലോക 78ാം നമ്പർ താരത്തിന്റെ പരിശീലകൻ ജിഗ്നേഷ് റാവൽ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ദ്യോകോക്ക് ഇളവ് നല്കുന്നതിനെതിരെ ആസ്ട്രേലിയയിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നായിരുന്ന ഈ വിഷയത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍റെ പ്രതികരണം. ഇളവുകളനുവദിച്ചെന്ന അവകാശവാദമല്ലാതെ തെളിവുകളടങ്ങുന്ന രേഖ ഹാജരാക്കിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്ന് നേരത്തെ തന്നെ പ്രസിഡണ്ട് മോറിസൺ മുന്നറിയിപ്പ് നൽകിയിരുന്നു.
താരത്തെ പിന്തുണച്ച് സെർബിയ പ്രതികരണമറിയിച്ചിട്ടുണ്ട്. രാജ്യം മൊത്തം ഒപ്പമുണ്ടെന്ന് സെർബിയൻ പ്രസിഡണ്ട് താരത്തെ ഫോണിൽ വിളിച്ചറിയിച്ചു. നടപടിക്കെതിരെ ദ്യോക്കോയുടെ അഭിഭാഷകൻ അപ്പീൽ നല്കും. ജനുവരി 17 ന് നടക്കാനിരിക്കുന്ന ആസ്ട്രേലിയൻ ഓപൺ മത്സരങ്ങൾക്ക് ദ്യോക്കോവിച്ചിന് പ്രത്യേക പരിഗണന നല്കിയിട്ടില്ലെന്ന് ടൂർണമെന്‍റ് മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.