ഖത്തർ ടോട്ടൽ എനർജീസ് ഓപൺ ഫൈനൽ: കിരീടം നിലനിർത്തി ഇഗ സ്വിറ്റെക്
text_fieldsദോഹ: ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് നിലവിലെ ചാമ്പ്യനായ ഇഗ സ്വിറ്റെക്കിന് ഖത്തർ ടോട്ടൽ എനർജീസ് ഓപൺ കിരീടം. കഴിഞ്ഞ വർഷം ചാമ്പ്യനായ ഇഗ ദോഹയിൽ തുടർച്ചയായ രണ്ടാം തവണയും ജേത്രിയാവുകയായിരുന്നു.
ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡുമായ സ്വിറ്റെക്കിന് കാര്യമായ വെല്ലുവിളികളുയർത്താതെയാണ് രണ്ടാം സീഡായ പെഗുല കീഴടങ്ങിയത്. സ്കോർ: 6-3, 6-0.
ഈ വർഷത്തെ തന്റെ ആദ്യ ഹോളോജിക് ഡബ്ല്യു.ടി.എ ടൂർ കിരീടമാണ് സ്വിറ്റെക് നേടിയത്. സ്വിറ്റെക്കിന്റെ കരിയറിലെ 12ാം കിരീടമാണിത്. യുനൈറ്റഡ് കപ്പിൽ ഈ വർഷം പെഗുലയോട് സ്വിറ്റെക് പരാജയപ്പെട്ടിരുന്നു. എന്നാൽ, ഒരു മണിക്കൂറും ഒമ്പതു മിനിറ്റും നീണ്ടുനിന്ന ദോഹയിലെ ഫൈനൽ സ്വിറ്റെക്കിന്റെ മധുരപ്രതികാരത്തിനു കൂടിയാണ് സാക്ഷ്യംവഹിച്ചത്. പെഗുലക്കെതിരായ മത്സരങ്ങളിൽ 5-2 ലീഡാണ് സ്വിറ്റെക്കിനുള്ളത്.
അതേസമയം, ഖത്തർ ടോട്ടൽ എനർജീസ് ഡബ്ൾസ് കിരീടം ജെസിക പെഗുല-കോകൊ ഗഫ് സഖ്യം സ്വന്തമാക്കി. വെള്ളിയാഴ്ച വൈകി നടന്ന കലാശപ്പോരാട്ടത്തിൽ ല്യുമില കിചെനോക്-യെലേന ഒസ്റ്റപെൻകോ സഖ്യത്തെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് കീഴടക്കിയാണ് അമേരിക്കൻ സഖ്യത്തിന്റെ നേട്ടം. സ്കോർ: 6-2, 2-6, 10-7.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.