‘മനസ്സമാധാനത്തോടെ വിടവാങ്ങുന്നു’; തോൽവിയോടെ ടെന്നീസിനോട് വിട പറഞ്ഞ് നദാൽ
text_fieldsമലാഗ (സ്പെയിൻ): സ്‌പാനിഷ് ഇതിഹാസം റഫേൽ നദാൽ ടെന്നീസിനോട് വിടപറഞ്ഞു. ഡേവിസ് കപ്പിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് താരത്തിന്‍റെ പടിയിറക്കം.
സ്പെയിനിലെ മലാഗയിൽ നടന്ന ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സിന്റെ ബോട്ടിക് വാൻ ഡി സാൻഡ് ഷെൽപ്പാണ് നദാലിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. സ്കോർ 4-6, 4-6. 22 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ നദാൽ, നാട്ടിൽ നടക്കുന്ന ഡേവിസ് കപ്പോടെ വിടവാങ്ങുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ടെന്നീസ് കരിയറിനാണ് ഇതോടെ അവസാനമായത്.
മത്സരശേഷം മാർട്ടിൻ കാർപെന അരീനയിൽ പതിനായിരത്തോളം കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച നദാൽ വികാരനിർഭരനായി. കായിക നേട്ടങ്ങളുടെയും വ്യക്തി ഗുണങ്ങളുടെ പേരിലും താൻ ഓർമിക്കപ്പെട്ടമെന്ന ആഗ്രഹവും താരം തുറന്നുപറഞ്ഞു. ‘ഞാൻ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു എന്ന മനസ്സമാധാനത്തോടെ വിടവാങ്ങുന്നു, അത് കേവലം കായികമല്ല, വ്യക്തിപരമായ ഒന്നാണെന്ന് എനിക്ക് തോന്നുന്നു’ -നദാൽ പറഞ്ഞു. കരിയറിലുടനീളം താൻ ഉയർത്തിപിടിച്ച മൂല്യങ്ങൾ എന്നും ഓർമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കിരീടങ്ങളും എണ്ണങ്ങളുമല്ല, നല്ലൊരു വ്യക്തി എന്ന നിലയിൽ ഓർമിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നദാൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം നദാലിനെക്കുറിച്ച് വൈകാരിക കുറിപ്പ് റോജർ ഫെഡറർ പുറത്തുവിട്ടിരുന്നു. സ്പാനിഷ് താരമായ നദാലിനെ അഭിസംബോധന ചെയ്ത് 'വാമോസ്' എന്ന തലവാചകത്തോടെ ആരംഭിക്കുന്ന സുദീർഘ പോസ്റ്റിൽ ഇരുവർക്കുമിടയിലെ തിളക്കമാർന്ന നിരവധി മുഹൂർത്തങ്ങളാണ് സ്വിറ്റ്സർലൻഡുകാരൻ പങ്കുവെക്കുന്നത്.
‘‘നീ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തയാറെടുക്കുമ്പോള്‍, എനിക്ക് കുറച്ച് കാര്യങ്ങള്‍ പങ്കിടാനുണ്ട്. ഞാന്‍ വികാരാധീനനാകുന്നതിനുമുമ്പ് എനിക്കത് പറയണം. നീയെന്നെ ഒരുപാട് തോൽപിച്ചു. എനിക്ക് അങ്ങോട്ട് തോൽപിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍. മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ എന്നെ വെല്ലുവിളിച്ചു. കളിമണ്‍ കോര്‍ട്ടില്‍, ഞാന്‍ നിന്റെ വീട്ടുമുറ്റത്ത് കാലുകുത്തുന്നത് പോലെ തോന്നി. ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ കളിയില്‍ മാറ്റം വരുത്താന്‍ എന്നെ പ്രേരിപ്പിച്ചു. എന്തിന് പറയുന്നു, എന്റെ റാക്കറ്റിന്റെ വലുപ്പം മാറ്റാന്‍ പോലും നിര്‍ബന്ധിതനാവേണ്ടി വന്നു.’’-ഫെഡറർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.