യു.എസ് ഓപൺ: പൊരുതിക്കയറി നദാൽ
text_fieldsന്യൂയോർക്ക്: യു.എസ് ഓപൺ ടെന്നിസിൽ പുരുഷ സിംഗ്ൾസിൽ സ്പെയിനിന്റെ റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെയാണ് 36കാരനായ നദാൽ തോൽപിച്ചത്. സ്കോർ: 2-6, 6-4, 6-2, 6-1. ആദ്യസെറ്റ് നഷ്ടമായ ശേഷമായിരുന്നു നദാലിന്റെ തിരിച്ചുവരവ്. നാലാം സെറ്റിനിടെ സ്വന്തം റാക്കറ്റ് മൂക്കിന്റെ പാലത്തിൽ തട്ടി രക്തമൊഴുകിയത് ആശങ്ക പരത്തി. അഞ്ച് മിനിറ്റിന് ശേഷമാണ് കളി പുനരാരംഭിച്ചത്.
വനിതകളിലെ ഒന്നാം നമ്പർ താരമായ പോളണ്ടിന്റെ ഇഗ സിയാറ്റകും മൂന്നാം റൗണ്ടിലെത്തി. ആതിഥേയ താരമായ സൊലാനി സ്റ്റീഫൻസിനെ 6-3, 6-2 എന്ന സ്കോറിനാണ് ഇഗ തകർത്തത്. അമേരിക്കയുടെ തന്നെ ലോറൻ ഡേവിസാണ് അടുത്ത റൗണ്ടിലെ എതിരാളി. നാലര വർഷത്തിന് ശേഷം ഡബ്ൾസിൽ ഒരുമിച്ച വീനസ്- സെറീന വില്യംസ് സഹോദരിമാർ ആദ്യ റൗണ്ടിൽ തന്നെ ഇടറി വീണു. ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി ഹ്രദേക്ക- ലിൻഡ നൊസ്കോവ സഖ്യത്തോടാണ് തോറ്റത്. സ്കോർ: 7-6, 6-4.
ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ പുരുഷ, മിക്സഡ് ഡബ്ൾസുകളിൽ ആദ്യ റൗണ്ടിൽ പുറത്തായി. 42കാരനായ ബൊപ്പണ്ണയും ഡച്ച് കൂട്ടുകാരനായ മാറ്റ്വേ മിഡിൽ കുപ്പും ഇറ്റലിയുടെ ആന്ദ്രെ വാവസോറി- ലോറെൻസോ സൊനേഗ സഖ്യത്തോടാണ് പുരുഷ ഡബ്ൾസിൽ തോറ്റത്. സ്കോർ: 6-7, 2-6. മിക്സഡ് ഡബ്ൾസിൽ ബൊപ്പണ്ണയും ചൈനയുടെ യാങ് ഷാവോ സുവാനുമടങ്ങിയ സഖ്യം ആസ്ട്രേലിയയുടെ മാക്സ് പർസെൽ-ഗബ്രിയേല ഡാബ്രോവ്സ്കി കൂട്ടുകെട്ടിനോടാണ് കീഴടങ്ങിയത് (5-7, 5-7). പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സെർബിയയുടെ നികോള കാസിച്ച് സഖ്യവും തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.