'വ്യക്തിപരമായ അടുപ്പം ഏറെ പ്രിയതരം, ഞങ്ങൾക്കിടയിൽ പങ്കുവെക്കപ്പെട്ടത് സവിശേഷമായ പലതും' -ഫെഡററെക്കുറിച്ച് നദാൽ
text_fieldsമഡ്രിഡ്: ടെന്നിസിന്റെ പോരാട്ടവേദികളിൽനിന്ന് റോജർ ഫെഡറർ പിന്മടങ്ങുമ്പോൾ ഏറ്റവുമധികം സങ്കടപ്പെടുന്നവരിലൊരാൾ കരിയറിൽ അദ്ദേഹവുമായി ഏറ്റവുമധികം തവണ ഏറ്റുമുട്ടിയ പ്രതിയോഗികളിലൊരാളായ റാഫേൽ നദാലാണ്. കോർട്ടിലെ കേവല ഇടപെടലുകൾക്കപ്പുറത്ത്, വളരെയേറെ അടുപ്പമുള്ള കൂട്ടുകാർ കൂടിയാണ് ഇരുവരും. ദശാബ്ധത്തിലേറെ ലോക ടെന്നിസിനെ അടക്കി വാണവരാണ് റോജറും റഫയും.
സ്വിറ്റ്സർലൻഡുകാരൻ മടങ്ങുമ്പോൾ ചാരെനിന്ന് സ്പാനിഷ് താരം കണ്ണീരൊഴുക്കിയത് ലോക കായിക രംഗത്തെ ഹഠാദാകർഷിച്ച കാഴ്ചകളിലൊന്നായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ തങ്ങൾക്കിടയിൽ പങ്കുവെക്കപ്പെട്ടത് സവിശേഷമായ പലതുമാണെന്നും വ്യക്തിപരമായ അടുപ്പം പ്രൊഫഷനൽ ബന്ധത്തേക്കാൾ പ്രധാനമായി കരുതുന്നുവെന്നും ഫെഡററുടെ വിരമിക്കലിനു പിന്നാലെ ഒരു സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നദാൽ പറഞ്ഞു.
'എല്ലാറ്റിനേയും പോലെ ഞങ്ങളുടെ ബന്ധങ്ങൾക്കും വ്യത്യസ്ത ഘട്ടങ്ങളുണ്ട്. തുടക്കം മുതൽ ഏറെ ഇഴയടുപ്പമുള്ളതായിരുന്നു അത്. വർഷങ്ങൾ കഴിയുന്തോറും അത് കൂടുതൽ ദൃഢതരമായി. നിങ്ങളുടെ എതിരാളി ഒരു നല്ല വ്യക്തിയായി തുടരുന്ന കാലത്തോളം അദ്ദേഹത്തെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിൽ അസാധാരണമായി ഒന്നുമില്ല.
ഇക്കഴിഞ്ഞ വർഷങ്ങൾകൊണ്ട്, ഞങ്ങൾക്കിടയിൽ പങ്കുവെക്കപ്പെട്ടത് സവിശേഷമായ പലതുമാണ്. അങ്ങനെയാണ് ഞങ്ങൾക്കത് അനുഭവപ്പെട്ടതും. ലോകം അങ്ങനെയാണ് അതു നോക്കിക്കണ്ടിട്ടുള്ളതും.
ടെന്നിസിൽ താൽപര്യമില്ലാത്തവർക്കുവരെ ആ കളിയോട് അടുപ്പം തോന്നാൻ ഞങ്ങൾ കാരണമായിട്ടുണ്ടെങ്കിൽ അതിന് നന്ദിയുണ്ട്. ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധമാണ് ഞങ്ങൾക്കിടയിലെ പ്രൊഫഷനൽ ബന്ധത്തേക്കാൾ ഏറെ പ്രിയതരമായിട്ടുള്ളത്.' -നദാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.