14 മാസത്തെ വിശ്രമവും ഫലം ചെയ്തില്ല; വീണ്ടും തോൽവി- ഫെഡറർ യുഗം അവസാനിക്കുന്നു?
text_fieldsദോഹ: 20 തവണ ഗ്രാന്റ്സ്ലാം കിരീടങ്ങൾ മാറോടുചേർത്ത ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ കോർട്ട് വാണ സുവർണ കാലഘട്ടം അവസാനിക്കുന്നോ? പരിക്കും കൊറോണയുമെടുത്ത 14 മാസത്തിനു ശേഷം വീണ്ടും റാക്കറ്റേന്തിയ ഫെഡ് എക്സ്പ്രസ് ഖത്തർ ഓപൺ ക്വാർട്ടർ ഫൈനലിലാണ് താരതമ്യേന ദുർബലനായ ജോർജിയ താരം നികൊളാസ് ബാസിലാഷ്വിലിയോട് തോറ്റത്- സ്കോർ 3-6 6-1 7-5.
ബുധനാഴ്ച ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ വീഴ്ത്തിയായിരുന്നു ഫെഡറർ ക്വാർട്ടറിലെത്തിയത്. എന്നാൽ, ആദ്യ സെറ്റ് 6-3ന് പിടിച്ച ശേഷം തുടർച്ചയായ രണ്ടു സെറ്റ് കൈവിട്ട് സ്വിസ് താരം തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. രണ്ട് കാൽമുട്ട് ശസ്ത്രക്രിയകൾ കഴിഞ്ഞ് കഴിഞ്ഞ വർഷം ജനുവരി മുതൽ വിശ്രമത്തിലായിരുന്ന 39കാരൻ ഖത്തർ ഓപണിലൂടെയാണ് തിരിച്ചുവന്നത്. എന്നാൽ, രണ്ടാം മത്സരത്തിൽ തന്നെ പരാജയവുമായി മടങ്ങുകയായിരുന്നു.
'തുടർച്ചയായ മൂന്നു സെറ്റ് കളിക്കാനായതു തന്നെ സന്തോഷം' എന്നായിരുന്നു കളിക്കു ശേഷം ഫെഡററുടെ പ്രതികരണം. കാൽമുട്ടിനേറ്റ പരിക്കായതിനാൽ ഇനിയും അഞ്ചോ ആറോ ആഴ്ച കൂടി വിശ്രമിച്ച ശേഷമേ പൂർണമായി തിരിച്ചെത്താനാകൂ എന്നും ഫെഡ് എക്സ്പ്രസ് പറഞ്ഞു. ഖലീഫ ടെന്നിസ് കോംപ്ലക്സിൽ നടന്ന കളിയുടെ രണ്ടാം സെറ്റിൽ എതിരാളിക്കു മേൽ നിയന്ത്രണം പൂർണമായി കൈവിട്ട താരം തോൽവിയോടെ അടുത്തയാഴ്ച നടക്കുന്ന ദുബൈ ഓപണിൽനിന്ന് പിൻമാറ്റം പ്രഖ്യാപിച്ചു. ഇന്നലെ ഒരു മണിക്കൂറും 50 മിനിറ്റും മാത്രമെടുത്താണ് ലോക 42ാം നമ്പർ താരമായ ബാസിലഷ്വിലി വിജയവുമായി സെമിയിലേക്ക് ടിക്കറ്റെടുത്തത്.
2020 ആസ്ട്രേലിയൻ ഓപണിലായിരുന്നു ഫെഡറർ അവസാനമായി റാക്കറ്റേന്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.