കാൽ പിന്നെയും പണിപറ്റിച്ചു, ശസ്ത്രക്രിയ തന്നെ ശരണം; ആഴ്ചകൾ ഊന്നുവടിയിലാകുമെന്ന് ഫെഡറർ
text_fieldsസൂറിക്: അടുത്തായി കാൽമുട്ട് ശസ്ത്രക്രിയകൾ കരിയറിനെ ബാധിച്ചുതുടങ്ങിയ ഫെഡ് എക്സ്പ്രസിനെ പുൽകോർട്ടിൽനിന്ന് പിന്നെയും ദൂരെ നിർത്തി പരിക്ക്. 20 തവണ ഗ്രാന്റ്സ്ലാം ജേതാവായ റോജർ ഫെഡറർ വീണ്ടും കാൽമുട്ട് ശസ്ത്രക്രിയക്കൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷം രണ്ടുതവണ നടത്തിയ ശസ്ത്രക്രിയകളുടെ തുടർച്ചയായി വീണ്ടും നടത്തേണ്ടിവരുമെന്നും അതുവിജയിച്ചാൽ ഇനിയും റാക്കറ്റേന്താനാകുമെന്നുമാണ് ഫെഡററുടെ പ്രതീക്ഷ. ഇൻസ്റ്റഗ്രാമിൽ വിവരം പങ്കുവെച്ച ഇതിഹാസ താരം 'പ്രതീക്ഷയുടെ കിരണം' ഇനിയും ബാക്കിയുള്ളതായി അറിയിച്ചു.
''ആഴ്ചകൾ ഇനി ക്രച്ചസിലായിരിക്കും. അതുകഴിഞ്ഞ് മാസങ്ങൾ കോർട്ടിനു പുറത്തും''- ഒരാഴ്ച മുമ്പ് 40 വയസ്സിലെത്തിയ ഫെഡറർ പറഞ്ഞു. ''പല അർഥത്തിലും ഏറെ പ്രയാസകരമാണിത്. പക്ഷേ, അതേ വഴിയുള്ളൂ. ആരോഗ്യമാണ് മുഖ്യം. ഇനിയും പഴയപടി ഓടിനടക്കാനാകണം. കളിയിലേക്കു തിരിച്ചുവരണം''- താരം തുടർന്നു.
ലോക ഒന്നാം നമ്പർ പദവി ഏറെകാലം സ്വന്തമാക്കിവെച്ച ഫെഡ് എക്സ്പ്രസ് നിലവിൽ ഒമ്പതാം റാങ്കുകാരനാണ്. വിംബിൾഡണിൽ ഇത്തവണ തുടക്കം നന്നായെങ്കിലും പോളണ്ടിന്‍റെ ഹ്യൂബർട്ട് ഹർകാസിനു മുന്നിൽ അടിയറവുപറഞ്ഞു. 20 ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന റെക്കോഡ് അടുത്തിടെ നദാലും ദ്യോകോവിച്ചും ഒപ്പം പിടിച്ചതും വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.