രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ
text_fieldsപുരുഷ ഡബ്ൾസിൽ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡ് ഉറപ്പിച്ചതിന് പിന്നാലെ രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപൺ ഡ്ബൾസിൽ ഫൈനലിൽ കടന്നു. ഇന്ന് നടന്ന സെമി ഫൈനലിൽ രോഹൻ ബൊപ്പണ്ണ/മാത്യു എബ്ഡൻ സഖ്യം ഷാങ് സിഷെൻ-തോമസ് മച്ചാക്ക് സഖ്യത്തെ പരാജയപ്പെടുത്തിയത്. 6-3, 3-6, 7-6 (10-7) എന്ന സ്‌കോറിനാണ് വിജയം. ആദ്യ സെറ്റ് അധികം വിയർക്കാതെ ഇന്ത്യ-ഓസീസ് സഖ്യം നേടിയെങ്കിലും പിന്നീട് കഥമാറി. ചൈനീസ് താരമായ ഷാങ്ങും ചെക് റിപ്പബ്ലിക്കുകാരനായ മച്ചാക്കും രണ്ടും മൂന്നും സെറ്റുകളിൽ ശക്തമായി തിരിച്ചടിച്ചു. രണ്ടാം സെറ്റ് 3-6ന് നേടിയ ഇവർ നിർണായകമായ മൂന്നാം സെറ്റിൽ ടൈബ്രേക്കറിലാണ് കീഴടങ്ങിയത്. രോഹൻ ബൊപ്പണ്ണ ആദ്യമായാണ് ആസ്ട്രേലിയൻ ഓപണിന്റെ ഫൈനലിൽ എത്തുന്നത്.
മോൾട്ടെനി / ഗോൺസാല സഖ്യത്തെ ക്വാർട്ടറിൽ തോൽപ്പിച്ചാണ് ബൊപ്പണ്ണ/മാത്യൂ എബ്ഡൻ സഖ്യം സെമിയിൽ പ്രവേശിച്ചത്. 2017 ൽ ഫ്രഞ്ച് ഒാപൺ മിക്സഡ് ഡബ്ൾസ് ചാമ്പ്യനായ ബോപണ്ണ ശനിയാഴ്ച നടക്കുന്ന കലാശപ്പോരിൽ ഇറ്റലിയുടെ സിമോൺ ബൊലേലി-ആൻഡ്രി വവാസൊറി സഖ്യത്തെ നേരിടും. ജർമനിയുടെ യാനിക് ഹാൻഫ്മാൻ-ഡൊമിനിക് കോപ്ഫെർ സഖ്യത്തിനെതിരെ 6-3, 3-6, 7-6 (10-5) സ്കോറിനായിരുന്നു ബൊലേലിയുടെയും വവാസൊറിയുടെയും സെമിഫൈനൽ ജയം. വിജയിക്കാനായാൽ ബൊപ്പണ്ണക്ക് രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ഷോക്കേസിലെത്തിക്കാം.
20 വർഷം മുമ്പ് ടെന്നിസ് കോർട്ടിൽ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ മാത്യു എബ്ദേനോപ്പം കഴിഞ്ഞ യു.എസ് ഓപൺ ഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ കുതിപ്പ് തുടങ്ങിയത്. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ മാത്യു എബ്ദേൻ രണ്ടാം റാങ്കിലുമെത്തും.
പുരുഷ സെമി ഇന്ന്
ദ്യോകോവിച് Vs സിനർ, മെദ് വദേവ് Vs സ്വരേവ്
ആസ്ട്രേലിയൻ ഓപൺ പുരുഷ സിംഗ്ൾസ് സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാവിലെ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോകോവിച് ജർമൻ എതിരാളി ജാനിക് സിനറുമായി ഏറ്റുമുട്ടും. ഉച്ചക്ക് രണ്ടിന് ജർമനിയുടെ തന്നെ അലക്സാണ്ടർ സ്വരേവ് റഷ്യക്കാരൻ ഡാനിൽ മെദ് വദേവിനെയും നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.